മികച്ച ഉൽപ്പാദനം തുണച്ചില്ല; നാൽക്കോയുടെ അറ്റാദായം 69 ശതമാനം ഇടിഞ്ഞു
- നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിന്റെ അറ്റാദായം 256.32 കോടി രൂപയായി.
;

ഡെൽഹി : നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡ് (നാൽക്കോ) യുടെ കൺസോളിഡേറ്റഡ് അറ്റാദായം 69.1 ശതമാനം കുറഞ്ഞ് 256.32 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 830.67 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി രേഖപ്പെടുത്തിയത്.
കൺസോളിഡേറ്റഡ് വരുമാനം 3,845.25 കോടി രൂപയിൽ നിന്നും 3,356.30 കോടി രൂപയായി. അസംസ്കൃത വസ്തുക്കളുടെ വില കയറ്റവും, വില്പന തോതിലുണ്ടായ കുറവും, ആഗോള വെല്ലുവിളി നിറഞ്ഞ ബിസിസിനസ് സാഹചര്യവും, അസ്ഥിരതയും ലാഭത്തിന്റെ മാർജിനെ സാരമായി ബാധിച്ചുവെന്ന് കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി.
ഈ പാദത്തിൽ ഉത്പാദനത്തിൽ മികച്ച മുന്നേറ്റമുണ്ടായിരുന്നു.
ആഗോള തലത്തിൽ അലുമിനിയം ഉത്പന്നങ്ങളുടെ വില ഉയർത്തുകയും, ഉത്പാദന തോത് വർധിപ്പിക്കുകയും ചെയ്താൽ വരും പാദങ്ങളിൽ ലാഭമുണ്ടാക്കാൻ കഴിയുമെന്ന് നാൽക്കോയുടെ സിഎംഡി ശ്രീധർ പത്ര പറഞ്ഞു. നാലാം പാദത്തിൽ കാര്യമായ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.