ധനലക്ഷ്മി ബാങ്കിന്റെ ലാഭത്തിൽ 83% ഇടിവ്

  • വരുമാനം 343 കോടി രൂപയായി വർധിച്ചു
  • അറ്റ നിഷ്‌ക്രിയ ആസ്തി 1.27 ശതമാനമായി കുറഞ്ഞു
  • പ്രവർത്തന 22.3 കോടി രൂപയിലെത്തി

Update: 2024-02-03 08:25 GMT

ധനലക്ഷ്മി ബാങ്ക് നടപ്പ് വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. ഡിസംബറിൽ അവസാനിച്ച പാദത്തിലെ ബാങ്കിന്റെ അറ്റാദായത്തിൽ വൻ  ഇടിവ് രേഖപ്പെടുത്തി. ഈ കാലയളവിലെ  അറ്റാദായം 83  ശതമാനം താഴ്ന്ന് മൂന്നു കോടി രൂപയായി. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 22 കോടി രൂപയായിരുന്നു.

സാമ്പത്തിക വർഷത്തിൻ്റെ മൂന്നാം പാദത്തിൽ ബാങ്കിന്റെ മൊത്ത വരുമാനം 343 കോടി രൂപയായി വർധിച്ചതായി ധനലക്ഷ്മി ബാങ്ക് ഫയലിംഗിൽ അറിയിച്ചു. ബാങ്കിൻ്റെ പലിശ വരുമാനം മുൻവർഷത്തെ മൂന്നാം പാദത്തിലെ 276 കോടി രൂപയിൽ നിന്ന് 308 കോടി രൂപയായി ഉയർന്നു. മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) മുൻ വർഷത്തെ 5.83 ശതമാനത്തിൽ നിന്ന്  4.81 ശതമാനമായി മെച്ചപ്പെട്ടു.

അറ്റ നിഷ്‌ക്രിയ ആസ്തി അഥവാ കിട്ടാക്കടം മൂന്നാം പാദത്തിൻ്റെ അവസാനത്തിൽ 1.82 ശതമാനത്തിൽ നിന്ന് 1.27 ശതമാനമായി കുറഞ്ഞു. ബാങ്കിൻ്റെ മൂലധന പര്യാപ്തത അനുപാതം മുൻ വർഷത്തെ ഇതേ പാദത്തിലെ 12.52 ശതമാനത്തിൽ നിന്നും 12.37 ശതമാനമായി കുറഞ്ഞു. ബാങ്കിൻ്റെ പ്രവർത്തന ലാഭം മുൻ വർഷത്തെ 54.3 കോടി രൂപയിൽ നിന്ന് 59 ശതമാനം കുറഞ്ഞ് 22.3 കോടി രൂപയിലെത്തി. അറ്റ പലിശ വരുമാനം മുൻ വർഷത്തെ ഇതേ പാദത്തിലെ 12686 കോടി രൂപയിൽ നിന്ന് 11400 കോടി രൂപയായി.

ട്രഷറി പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ 20.9 കോടി രൂപയിൽ നിന്ന് 6.8 കോടിയായി കുറഞ്ഞു. ട്രഷറി വരുമാനം ഉൾപ്പെടെയുള്ള മറ്റ് വരുമാനം 35.9 കോടിയിൽ നിന്ന് 35.7 കോടി രൂപയിലെത്തി.

ധനലക്ഷ്മി ബാങ്ക് ഓഹരികൾ വെള്ളിയാഴ്ച്ച എൻഎസ്ഇ യിൽ 5.൦൧ ശതമാനം  താഴ്ന്ന് 51.20 രൂപയിലാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News