പാദഫലം വന്നു; ബ്രിട്ടാനിയക്ക് ഇടിവ്

  • ഗുഡ് ഡേ, ടൈഗര്‍ തുടങ്ങിയവ ബ്രിട്ടാനിയുടേതാണ്
  • 73.5 രൂപ വീതം അന്തിമ ലാഭവിഹിതം പ്രഖ്യാപിച്ചു.
  • പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1.14 ശതമാനം വര്‍ധിച്ചു

Update: 2024-05-04 06:34 GMT

നാലാം പാദഫലം പുറത്ത് വന്നപ്പോള്‍ ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ സംയോജിത അറ്റാദായത്തില്‍ 3.76 ശതമാനം ഇടിവ് രേഖപ്പെടുത്തി 536.61 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 557.60 കോടി രൂപ അറ്റാദായം കമ്പനി നേടിയിരുന്നു.

മാര്‍ച്ച് പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1.14 ശതമാനം വര്‍ധിച്ച് 4,069.36 കോടി രൂപയാണ്. തൊട്ട് മുന്‍ വര്‍ഷമിത് 4,023.18 കോടി രൂപയായിരുന്നു. ഗുഡ് ഡേ, ടൈഗര്‍, ന്യൂട്രി ചോയ്‌സ്, മില്‍ക്ക് ബിക്കിസ്, മേരി ഗോള്‍ഡ് തുടങ്ങിയ ജനപ്രിയ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മൊത്തം ചെലവ് മാര്‍ച്ച് പാദത്തില്‍ 1.98 ശതമാനം വര്‍ധിച്ച് 3,388.28 കോടി രൂപയായി.

ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ മൊത്ത വരുമാനം 2024 സാമ്പത്തിക വര്‍ഷത്തിന്റെ മാര്‍ച്ച് പാദത്തില്‍ 1.15 ശതമാനം ഉയര്‍ന്ന് 4,126.70 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസിന്റെ അറ്റാദായം 7.76 ശതമാനം ഇടിഞ്ഞ് 2,134.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത് 2,316.32 കോടി രൂപയായിരുന്നു.

2024 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 2.82 ശതമാനം ഉയര്‍ന്ന് 16,983.45 കോടി രൂപയായി. അതേസമയം, 2024 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിലെ അന്തിമ ലാഭവിഹിതമായി ഒരു രൂപ വീതമുള്ള ഓരോ ഇക്വിറ്റി ഷെയറിനും 73.5 രൂപ വീതം വെള്ളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് അറിയിച്ചു.

Tags:    

Similar News