എൻപിഎ മെച്ചപ്പെട്ടു; ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ അറ്റാദായം 33.61% ഉയർന്നു
- അറ്റ പലിശ വരുമാനം 24.56 ശതമാനം ഉയർന്നു
- എൻപിഎ 2.04 ശതമാനമായി മെച്ചപ്പെട്ടു
- നികുതി ചെലവ് 34 കോടി രൂപയിലെത്തി
;

ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ നടപ്പ് സാമ്പത്തിക വർഷത്തെ ഒക്‌ടോബർ-ഡിസംബർ പാദത്തിലെ അറ്റാദായം 33.61 ശതമാനം ഉയർന്ന് 1,036 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ വർഷത്തെ സമാന പാദത്തിൽ അറ്റാദായം 775 കോടി രൂപയായിരുന്നു.
മൂന്നാം പാദത്തിലെ അറ്റ പലിശ വരുമാനം (NII) 24.56 ശതമാനം വർധിച്ച് 2,466 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷത്തെ സമാന പാദത്തിലിത് 1,980 കോടി രൂപയായിരുന്നു. തുടർച്ചയായി 1.39 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി ബാങ്ക് അറിയിച്ചു.
ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 2.04 ശതമാനമായി മെച്ചപ്പെട്ടു. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ 2.94 ശതമാനമായിരുന്നു. അറ്റ എൻപിഎ 2022-23 മൂന്നാം പാദത്തിലെ 0.47 ശതമാനത്തിൽ നിന്ന് 0.22 ശതമാനമായി കുറഞ്ഞു. അറ്റ പലിശ മാർജിൻ 3.95 ശതമാനമായി ഉയർന്നു. മുൻവർഷത്തെ പാദത്തിൽ ഇത് 3.60 ശതമാനമായിരുന്നു.
ബാങ്കിന്റെ പ്രൊവിഷനുകളും ആകസ്മികതകളും (നികുതി ഒഴികെ) 62 ശതമാനം ഉയർന്ന് 943 കോടി രൂപയായി. മുൻവർഷത്തെ ഇതേ പാദത്തിൽ 582 കോടി രൂപയായിരുന്നു. നികുതി ചെലവ് മുൻ വർഷത്തെ ഇതേ കാലയളവിലെ 223 കോടി രൂപയിൽ നിന്നും കുത്തനെ കുറഞ്ഞ് 34 കോടി രൂപയിലെത്തി.
മൊത്തത്തിലുള്ള പ്രൊവിഷനുക്കുള്ളിൽ, എൻപിഎ പ്രൊവിഷനുകൾ ഏകദേശം 8 ശതമാനം വർധിച്ച് 581 കോടി രൂപയായി. മുൻ സാമ്പത്തിക വർഷമിത് 539 കോടി രൂപയായിരുന്നു. മൊത്തം അഡ്വാൻസുകൾ 21 ശതമാനം വർധിച്ച് 1,85,217 കോടി രൂപയായി. ബാങ്കിന്റെ മൊത്തം നിക്ഷേപം 18 ശതമാനം ഉയർന്ന് 2,45,734 കോടി രൂപയായി.