ചെലവിലെ വര്‍ധന പ്രതികൂലമായി; നാലാം പാദത്തില്‍ അദാനി ഗ്രീനിന്റെ അറ്റാദായത്തില്‍ മങ്ങല്‍

  • കമ്പനിയുടെ പ്രവര്‍ത്തന ശേഷി 35 ശതമാനം വര്‍ധിച്ച് 10,934 മെഗാവാട്ടായി
  • ഊര്‍ജ്ജ വില്‍പ്പന 47 ശതമാനം വര്‍ദ്ധിച്ച് 21,806 ദശലക്ഷം യൂണിറ്റായി
  • കമ്പനി 5.8 ദശലക്ഷത്തിലധികം വീടുകള്‍ക്ക് വൈദ്യുതി നല്‍കുന്നുണ്ട്

Update: 2024-05-03 12:28 GMT

മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡിന്റെ സംയോജിത അറ്റാദായം 38.85 ശതമാനം ഇടിഞ്ഞ് 310 കോടി രൂപയായി. 2022-23 വര്‍ഷത്തിലെ ഇതേ കാലയളവില്‍ അറ്റാദായം 507 കോടി രൂപയായിരുന്നു.

ജനുവരി - മാര്‍ച്ച് കാലയളവില്‍ കമ്പനിയുടെ മൊത്ത വരുമാനം മുന്‍ വര്‍ഷത്തെ 2,977 കോടി രൂപയില്‍ നിന്നും 2,806 കോടി രൂപയായി കുറഞ്ഞു. ഈ കാലയളവില്‍ കമ്പനിയുടെ ചെലവ് 2,379 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. 2022-23 വര്‍ഷത്തിലെ ഇതേ കാലയളവില്‍ ചെലവ് 2,053 കോടി രൂപയായിരുന്നു.

2,418 മെഗാവാട്ട് സൗരോര്‍ജ്ജവും 430 മെഗാവാട്ട് കാറ്റാടി പദ്ധതികളും ഉള്‍പ്പെടെ 2,848 ഗ്രീന്‍ ഫീല്‍ഡ് കൂട്ടിച്ചേര്‍ക്കലോടെ കമ്പനിയുടെ പ്രവര്‍ത്തന ശേഷി 35 ശതമാനം വര്‍ധിച്ച് 10,934 മെഗാവാട്ടായി. ഇതോടെ പുനരുപയോഗ ഊര്‍ജ്ജ ശേഷി 10,000 കടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (എജിഇഎല്‍) മാറി.

എജിഇഎല്ലിന്റെ 10,934 മെഗാവാട്ട് പ്രവര്‍ത്തന പോര്‍ട്ട്‌ഫോളിയോ 5.8 ദശലക്ഷത്തിലധികം വീടുകള്‍ക്ക് വൈദ്യുതി നൽകുന്നുണ്ട്. ശക്തമായ ശേഷി വര്‍ദ്ധനവ്, സ്ഥിരമായ സൗരോര്‍ജ്ജ സിയുഎഫ് (ശേഷി ഉപയോഗ ഘടകം), മെച്ചപ്പെട്ട ഗതികോര്‍ജ്ജം, ഹൈബ്രിഡ് സിയുഎഫ് എന്നിവയുടെ പിന്തുണയോടെ 2024 സാമ്പത്തിക വര്‍ഷത്തില്‍ ഊര്‍ജ്ജ വില്‍പ്പന 47 ശതമാനം വര്‍ദ്ധിച്ച് 21,806 ദശലക്ഷം യൂണിറ്റായി. വൈദ്യുതി വിതരണത്തില്‍ നിന്നുള്ള വരുമാനം 1,941 കോടിയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 1,575 കോടി രൂപയായി.

2030 ഓടെ കുറഞ്ഞത് 5 ജിഗാവാട്ട് ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്ടുകള്‍ കമ്മീഷന്‍ ചെയ്യാനും 50 ജിഗാവാട്ട് പുനരുപയോഗ ശേഷി എന്ന ഉയര്‍ന്ന ലക്ഷ്യം സ്ഥാപിക്കാനും കമ്പനി ലക്ഷ്യമിടുന്നു, ഇത് ഇന്ത്യയുടെ ഫോസില്‍ ഇതര ഇന്ധന ശേഷി ലക്ഷ്യമായ 500 ജിഗാവാട്ടിലേക്ക് സംഭാവന ചെയ്യും. ചിത്രാവതി നദിയില്‍ 500 മെഗാവാട്ടിന്റെ ആദ്യത്തെ ഹൈഡ്രോ പമ്പ്ഡ് സ്റ്റോറേജ് പ്രോജക്റ്റിന്റെ (പിഎസ്പി) നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി എജിഇഎല്‍ അറിയിച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ പെദ്ദകോട്‌ലയിലാണ് പദ്ധതി സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള റിസര്‍വോയര്‍ താഴത്തെ റിസര്‍വോയറായി പ്രവര്‍ത്തിക്കുകയും മുകളിലെ റിസര്‍വോയര്‍ വികസിപ്പിക്കുകയും ചെയ്യും. ഒരു ദിവസം 6.2 മണിക്കൂര്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 500 മെഗാവാട്ടാണ് ഉത്പാദന ശേഷി. അന്തിമ ഡി.പി.ആര്‍ അംഗീകാരം ഉള്‍പ്പെടെ ആവശ്യമായ എല്ലാ അംഗീകാരങ്ങളും നിലവിലുണ്ട്.

Tags:    

Similar News