എസ്‌ബിഐ ഉൾപ്പെടെ 50 കമ്പനികളുടെ പാദഫലങ്ങൾ ഇന്ന്
- ടാറ്റ മോട്ടോഴ്‌സും ഇൻഡിഗോയും ഉൾപ്പെടെ 130 കമ്പനികളുടെ പാദഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്
നിക്ഷേപകർ ഏറെ കാത്തിരിക്കുന്ന ചില പ്രധാന കമ്പനികളുടെ പാദഫലം ഇന്ന് പ്രഖ്യാപിക്കും. ഏകദേശം 50 കമ്പനികൾ അവരുടെ ഡിസംബർ പാദഫലം ഇന്ന് പുറത്തു വിട്ടേക്കുമെന്നാണ് റിപ്പോർട്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), ഗ്രിൻഡ്‌വെൽ നോർട്ടൺ, സെൻട്രൽ ഡിപ്പോസിറ്ററി സർവീസസ് (ഇന്ത്യ), ആർക്കിയൻ കെമിക്കൽ ഇൻഡസ്ട്രീസ്, അഫ്ലെ, ബാലു ഫോർജ്, ക്ലീൻ സയൻസ് ആൻഡ് ടെക്നോളജി, ഗുജറാത്ത് ആൽക്കലിസ് & കെമിക്കൽസ്, കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) എന്നിവ ഉൾപ്പെടുന്നു. നിക്ഷേപകരുടെ ശ്രദ്ധ മുഴുവനും പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്‌ബിഐ) ഫലങ്ങളിലായിരിക്കുമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ.
ടാറ്റ മോട്ടോഴ്‌സും ഇൻഡിഗോയും ഉൾപ്പെടെ 130 കമ്പനികളുടെ ഒക്‌ടോബർ-ഡിസംബർ പാദഫലം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്‌സിൻ്റെ സംയോജിത അറ്റാദായം മുൻ വർഷത്തേക്കാളും 2.4 ഇരട്ടി ഉയർന്ന് (YoY) 7,025 കോടി രൂപയായിലെത്തി. ബജറ്റ് കാരിയറായ ഇൻഡിഗോ നടത്തുന്ന ഇൻ്റർഗ്ലോബ് ഏവിയേഷൻ ഡിസംബറിൽ അവസാനിച്ച പാദത്തിൽ 2,998 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷത്തെ പാദത്തിൽ പോസ്റ്റ് ചെയ്ത 1,423 കോടി രൂപയിൽ നിന്ന് 111 ശതമാനം ഉയർന്നതാണിത്.
എസ്‌ബിഐ ഫലങ്ങളുടെ അവലോകനം
വേതന പരിഷ്കരണവും പെൻഷൻ ചെലവും കാരണം ഉയർന്ന പ്രവർത്തന ചെലവുകൾ നേരിടുന്ന പൊതുമേഖലാ ബാങ്ക് മൂന്നാം പാദത്തിലെ വരുമാനത്തിൽ വലിയ മാറ്റങ്ങളില്ലാതെ തുടർന്നേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
പ്രധാന അഞ്ച് ബ്രോക്കറേജുകളുടെ ശരാശരി കണക്ക് പ്രകാരം ഡിസംബർ പാദത്തിലെ ബാങ്കിന്റെ അറ്റ പലിശ വരുമാനം മുൻ വർഷത്തെ സമാന പാദത്തെക്കാളും ഏകദേശം 6 ശതമാനം ഉയരാൻ സാധ്യതയുണ്ട്. ഇതേ കാലയളവിൽ അറ്റാദായം 12 ശതമാനം കുറഞ്ഞേക്കാമെന്നും അവർ അഭിപ്രായപെടുന്നുണ്ട്. നോമുറയുടെ റിപ്പോർട്ടിൽ, മൂന്നാം പാദത്തിൽ പ്രവർത്തന ലാഭം 26 ശതമാനം വാർഷിക ഇടിവ് നേരിടാൻ സാധ്യതയുണ്ട്.
സുരക്ഷിതമല്ലാത്ത വായ്പാ വളർച്ച, മൂലധന പര്യാപ്തത, ലോൺ ബുക്ക് ട്രാക്ഷൻ എന്നിവയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പ്രധാന നിരീക്ഷണങ്ങളിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ സെപ്തംബർ പാദത്തിൽ, എസ്ബിഐ 8 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി14,330 കോടി രൂപയിലെത്തിയിരുന്നു. അറ്റ പലിശ വരുമാനം 12 ശതമാനവും ഉയർന്ന് ഈ കാലയളവിൽ 39,500 കോടി രൂപയായി.