ഇ-വി പരിവര്‍ത്തനത്തിന് പങ്കാളിത്തങ്ങള്‍ പ്രഖ്യാപിച്ച് യുബര്‍

  • ബിപിയുമായുള്ള ആഗോള പങ്കാളിത്തം ഇന്ത്യയിലേക്ക്
  • ജൂണ്‍ മുതല്‍ 3 ഇന്ത്യന്‍ നഗരങ്ങളില്‍ യുബര്‍ ഗ്രീന്‍
  • 2040-ഓടെ എല്ലാ റൈഡുകളും ഇലക്ട്രിക് ആക്കുക ലക്ഷ്യം

Update: 2023-05-24 09:44 GMT

സുസ്ഥിര മൊബിലിറ്റിയിലേക്കുള്ള പരിവർത്തനത്തിന് വേഗം കൂട്ടുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ വിവിധ ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായും മറ്റ് സ്ഥാപനങ്ങളുമായും പങ്കാളിത്തത്തില്‍ എത്തിയതായി റൈഡ്-ഹെയ്‌ലിംഗ് ആപ്പ് യുബര്‍ പ്രഖ്യാപിച്ചു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിലെ യുബര്‍ പ്ലാറ്റ്‍ഫോമില്‍ 25,000 ഇലക്ട്രിക് കാറുകൾ വിന്യസിക്കുന്നതിനായി ഇവി ഫ്ലീറ്റ് പങ്കാളികളായ ലിഥിയം അർബൻ ടെക്നോളജീസ്, എവറസ്റ്റ് ഫ്ലീറ്റ് പ്രൈവറ്റ് ലിമിറ്റഡ്, മൂവ് എന്നിവയുമായുള്ള പങ്കാളിത്തം വിപുലീകരിച്ചതായി കമ്പനി അറിയിച്ചു.

കൂടാതെ, 2024 ഓടെ ഡൽഹിയിൽ 10,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ അവതരിപ്പിക്കുന്നതിനായി സൈപ്പ് ഇലക്ട്രിക്കുമായി (Zypp Electric) പങ്കാളിത്തത്തില്‍ എത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 1,000 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കുന്നതിന് സിഡ്ബിയുമായുള്ള ഒരു പങ്കാളിത്തവും കമ്പനി പ്രഖ്യാപിച്ചു. ഇതിനു പുറമേ ബിപിയുമായുള്ള ആഗോള പങ്കാളിത്തം ജിയോ-ബിപി വഴി ഇന്ത്യയിലേക്ക് കൊണ്ടുവരികയാണെന്നും യുബറിന്‍റെ ഇ-വാഹനങ്ങള്‍ അതിവേഗം ചാർജ് ചെയ്യുന്നതിനായി ജിഎംആർ ഗ്രീൻ എനർജിയുമായി കൈകോർത്തിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ ആഗോള വ്യാപകമായി തന്നെ സുസ്ഥിര ഊര്‍ജ്ജ മാര്‍ഗങ്ങള്‍ക്ക് പ്രാമുഖ്യം വര്‍ധിപ്പിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ജൂൺ മുതൽ ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ യുബർ ഗ്രീൻ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഇതിലൂടെ യാത്രക്കാര്‍ക്ക് ഒരു സാധാരണ ഫോസിൽ ഇന്ധനമുള്ള കാറിനുപകരം ഓൾ-ഇലക്ട്രിക്, സീറോ ടെയിൽ-പൈപ്പ് എമിഷൻ വാഹനം ലഭിക്കുന്നതിനായി അഭ്യര്‍ത്ഥിക്കാനാകും

ലോകമെമ്പാടുമുള്ള 15 രാജ്യങ്ങളിലെ 100-ലധികം നഗരങ്ങളിൽ കാര്‍ബണ്‍ പുറംതള്ളല്‍ കുറഞ്ഞ യാത്രകള്‍ക്കായി ഏറ്റവുമധികം തെരഞ്ഞെടുക്കപ്പെടുന്ന മൊബിലിറ്റി സൊലൂഷനുകളിലൊന്നാണ് യുബര്‍ ഗ്രീന്‍ എന്ന് കമ്പനി പറയുന്നു. "2040 ഓടെ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലെ എല്ലാ റൈഡുകളും ഇലക്ട്രിക് ആക്കാനുള്ള പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനായി ഇന്ത്യയില്‍ ഇ-വി പരിവര്‍ത്തനത്തിന് വേഗം കൂട്ടുകയാണ്,” യുബർ മൊബിലിറ്റി ആൻഡ് ബിസിനസ് ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് ആൻഡ്രൂ മക്‌ഡൊണാൾഡ് പറഞ്ഞു.

8 ലക്ഷത്തോളം സജീവ ഡ്രൈവര്‍ പങ്കാളികളുള്ള, യുബറിന്റെ നിർണായക വിപണിയാണ് ഇന്ത്യയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .രാജ്യത്തെ 125 നഗരങ്ങളിൽ യുബറിന്‍റെ റൈഡ് ഹെയ്‌ലിംഗ് സേവനം ലഭ്യമാണ്. ഭാവിയിലെ വളർച്ചയെ നയിക്കാൻ കമ്പനി രാജ്യത്ത് നിക്ഷേപം തുടരുമെന്നും മക്‌ഡൊണാൾഡ് പറഞ്ഞു.

2030 ഓടെ യൂറോപ്പിലും വടക്കേ അമേരിക്കയിലും 2040 ഓടെ ആഗോളതലത്തിലും ഒരു സീറോ എമിഷൻ മൊബിലിറ്റി പ്ലാറ്റ്‌ഫോമായി മാറാനാണ് യുബര്‍ പരിശ്രമിക്കുന്നത്. 

Tags:    

Similar News