ദേശീയ തലസ്ഥാനത്തേക്ക് നന്ദിനി; അമുലിന് തലവേദനയാകും
- മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നവംബര്‍ 21 ന് ഡല്‍ഹിയില്‍ നന്ദിനി പാല്‍ പുറത്തിറക്കുക
- മാണ്ഡ്യ മില്‍ക്ക് യൂണിയനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍സുലേറ്റഡ് റോഡ് ടാങ്കറുകള്‍ വഴി പാല്‍ കൊണ്ടുപോകും
- പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ ഡല്‍ഹിയിലേക്ക് അയക്കാനാണ് കെഎംഎഫിന്റെ പദ്ധതി
കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി ബ്രാന്‍ഡ് പാല്‍ നവംബര്‍ 21 മുതല്‍ രാജ്യതലസ്ഥാനത്ത് ലഭ്യമാകും. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കിയ കന്നഡക്കാര്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയാണിത്.
മദര്‍ ഡയറി, അമുല്‍, മധുസൂദനന്‍, നമസ്തേ ഇന്ത്യ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഡല്‍ഹിയുടെ പാലുല്‍പന്ന വിപണിയില്‍ നിലവില്‍ ആധിപത്യം പുലര്‍ത്തുന്നത്. അവിടേക്കാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ മില്‍ക്ക് ഫെഡറേഷന്റെ കടന്നുവരവ്. ഈ വിപുലീകരണം സുഗമമാക്കുന്നതിന്, മാണ്ഡ്യ മില്‍ക്ക് യൂണിയനില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഇന്‍സുലേറ്റഡ് റോഡ് ടാങ്കറുകള്‍ വഴി പാല്‍ കൊണ്ടുപോകുന്നതിനുള്ള ടെന്‍ഡര്‍ കെഎംഎഫ് അടുത്തിടെ നടത്തിയിരുന്നു.
മുഖ്യമന്ത്രി സിദ്ധരാമയ്യയാണ് നവംബര്‍ 21 ന് ഡല്‍ഹിയില്‍ നന്ദിനി പാല്‍ പുറത്തിറക്കുക. പാല്‍ വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 4-5 മാസമായി ഡല്‍ഹി സര്‍ക്കാരും കെഎംഎഫും ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു.
പ്രതിദിനം ഒരു ലക്ഷം ലിറ്റര്‍ പാല്‍ ഡല്‍ഹിയിലേക്ക് അയക്കാനാണ് കെഎംഎഫിന്റെ പദ്ധതി. വരും ദിവസങ്ങളില്‍ അഞ്ച് ലക്ഷം ലിറ്റര്‍ പാല്‍ വില്‍ക്കുകയാണ് കെഎംഎഫ് ലക്ഷ്യമിടുന്നത്.
29 വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ നന്ദിനി പാല്‍ വില്‍പന നടത്തിയിരുന്നെങ്കിലും പെട്ടെന്ന് അത് നിര്‍ത്തേണ്ടസാഹചര്യമുണ്ടായി. നന്ദിനി ഇപ്പോള്‍ വീണ്ടും ദേശീയ തലസ്ഥാനത്തേക്ക് കടന്നുവരികയാണ്.
നന്ദിനി പാലിന്റെ ആവശ്യകതയെ തുടര്‍ന്നാണ് കെഎംഎഫ് ഡല്‍ഹി വിപണിയിലേക്ക് ഇറങ്ങിയത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ബ്രാന്‍ഡ് ഇതിനകം തന്നെ വിപണിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്.
കര്‍ണാടക, മഹാരാഷ്ട്ര (മുംബൈ, നാഗ്പൂര്‍, പൂനെ, സോലാപൂര്‍ എന്നിവയുള്‍പ്പെടെ), ഗോവ, ഹൈദരാബാദ്, ചെന്നൈ, കേരളം എന്നിവിടങ്ങളില്‍ കെഎംഎഫ് അതിന്റെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു.
ഡെല്‍ഹിയിലേക്കുള്ള നന്ദിനിയുടെ വരവ് അമുലുമായുള്ള വിപണിമത്സരത്തെ കൊഴുപ്പിക്കും.
മാണ്ഡ്യയില്‍ നിന്ന് ഡല്‍ഹിയിലേക്കും ഹരിയാനയുടെ ചില ഭാഗങ്ങളിലേക്കും പരിസര പ്രദേശങ്ങളിലേക്കും പാല്‍ എത്തിക്കാന്‍ 2190 ടാങ്കറുകള്‍ ഉപയോഗിക്കാനാണ് കെഎംഎഫ് പദ്ധതിയിടുന്നത്. 2,400-2,500 കിലോമീറ്റര്‍ വണ്‍വേയില്‍ യാത്ര വ്യാപിക്കുന്നു, പാല്‍ പുതുമയുള്ളതായിരിക്കുമെന്ന് ഉറപ്പാക്കാന്‍ കര്‍ശനമായ ഗുണനിലവാര നിയന്ത്രണങ്ങള്‍ ആവശ്യമാണ്.
കര്‍ണാടകയിലെ 22,000 ഗ്രാമങ്ങളിലായി 15 യൂണിയനുകള്‍, 24 ലക്ഷം പാല്‍ ഉത്പാദകര്‍, 14,000 സഹകരണ സംഘങ്ങള്‍ എന്നിവയുടെ വിപുലമായ ശൃംഖലയ്ക്ക് കെഎംഎഫ് മേല്‍നോട്ടം വഹിക്കുന്നു.
കെഎംഎഫ് പ്രതിദിനം 8.4 ദശലക്ഷം ലിറ്റര്‍ പാല്‍ പ്രോസസ്സ് ചെയ്യുകയും 65 ലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയും ചെയ്യുന്നു. ഫെഡറേഷന്‍ കര്‍ഷകര്‍ക്ക് പ്രതിദിനം 17 കോടി രൂപ വിതരണം ചെയ്യുകയും 2021-22 ല്‍ ഏകദേശം 19,800 കോടി രൂപയുടെ വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
പ്രഭാതഭക്ഷണത്തിനുള്ള ഇഡ്ഡലി-ദോശ മാവും നന്ദിനി ഇനി പുറത്തിറക്കും.