സങ്കീര്‍ണതകള്‍ കുരുക്കിട്ട ഇന്ത്യ-യുകെ എഫ്ടിഎ ചര്‍ച്ചകള്‍

  • ഇരുരാജ്യങ്ങളിലേയും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ ചര്‍ച്ചകളെ ബാധിക്കും
  • 2025 ജനുവരിയോടെ വ്യാപാര ഇടപാട് സുനക്ക് മുന്നോട്ട് വച്ചേക്കാം

Update: 2023-09-21 07:07 GMT

ഇന്ത്യ-യുകെ സ്വതന്ത്രവ്യാപാര ചര്‍ച്ചകളില്‍ (എഫ്ടിഎ) സങ്കീര്‍ണമായ ചില പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇരു രാജ്യങ്ങളിലും വരാനിരിക്കുന്ന  പൊതു തെരഞ്ഞെടുപ്പുകള്‍ അന്തിമ ഫലത്തെ ബാധിച്ചേക്കാമെന്നും സൂചനയുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുകെ പ്രധാനമന്ത്രി ഋഷി സുനക്കും ഈ മാസം ആദ്യം ഡെല്‍ഹിയില്‍ നടന്ന ജി 20 ഉച്ചകോടിക്കിടെ എഫ്ടിഎയ്ക്കായി അതിവേഗം പ്രവര്‍ത്തിക്കാമെന്ന് ധാരണയായിരുന്നു. എന്നാല്‍, കരാര്‍ ഉറപ്പിക്കുന്നതിനായി സ്റ്റുഡന്റ് വിസകള്‍ ഉള്‍പ്പെടെയുള്ള മൈഗ്രേഷന്‍ നയങ്ങളില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന്   ഇതിനിടെ സുനക് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

മദ്യം, ഓട്ടോമൊബൈല്‍ മേഖലകളില്‍ ഇന്ത്യയിലേക്കു കൂടുതല്‍ പ്രവേശനം യുകെ  ആവശ്യപ്പെടുന്നു.  അതേസമയം ഇന്ത്യ മൊബിലിറ്റി, വിസ നിയമങ്ങളില്‍ ഇളവ് ആവശ്യപ്പെടുന്നു. ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയും തീരുമാനാമാകാതെ കിടക്കുകയാണ്.

എഫ്ടിഎയിലെ 26 ചാപ്റ്ററുകളില്‍ 19 എണ്ണത്തില്‍ സമവായം കണ്ടെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവവയില്‍ ചര്‍ച്ചകള്‍ നടക്കുന്നു. വാണിജ്യമന്ത്രിമാരായ പീയൂഷ് ഗോയലും യുകെയിലെ കെമി ബാഡെനോക്കും ഇപ്പോള്‍ ചര്‍ച്ചകളില്‍ പരിമിതമായ പങ്കാണ് വഹിക്കുന്നത്. രാഷ്ട്രീയവും തെരഞ്ഞെടുപ്പും ഇരുവരുടെയും പ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു.  ഇന്ത്യയില്‍ അടുത്തവർഷമാദ്യമാണ് പൊതു തെരഞ്ഞെടുപ്പ്. യുകെയില്‍‍ 2025 ലാണ്.

'യുകെയിലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് 2025 ജനുവരിയോടെ വ്യാപാര ഇടപാട് സുനക്ക് മുന്നോട്ട് വച്ചേക്കാം, അതിനാല്‍ ഇത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രചാരണ ഉപകരണമായി ഉപയോഗിക്കാം.' വിദ്ഗധര്‍ വ്യക്തമാക്കുന്നു. യുകെ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ മാനേജിംഗ് ഡയറക്ടര്‍ കെവിന്‍ മക്കോളും ചര്‍ച്ചകളില്‍ തെരഞ്ഞെടുപ്പ് ഒരു പങ്കുവഹിക്കുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു.

Tags:    

Similar News