കാനഡപ്രതിസന്ധി: വ്യാപാരത്തെ ബാധിച്ചേക്കില്ലെന്ന് വിദഗ്ധര്‍
- കാനഡ വളം നല്‍കുന്നത് നിര്‍ത്തിയാല്‍ ഇന്ത്യ പ്രതിസന്ധിയിലാകും
- പയര്‍വര്‍ഗങ്ങളുടെ ഇറക്കുമതിയും പ്രധാനമായും കാനഡയില്‍നിന്നാണ്
- കനേഡിയന്‍ പൊട്ടാഷിനെ ഇന്ത്യ കൂടുതലായി ആശ്രയിക്കുന്നു
ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കങ്ങള്‍ ഉഭയകക്ഷി വ്യാപാരത്തെ ഉടനടി ബാധിക്കാന്‍ സാധ്യതയില്ലെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. നിലവില്‍ 800 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ളത്. ഇത് ഏകദേശം സന്തുലിതമാണ്. ഇവിടെ അല്‍പ്പം മുന്‍തൂക്കം ഇന്ത്യക്കാണ്.
കാനഡയുമായുള്ള വ്യാപാരം ഇന്ത്യയുടെ മൊത്തം വ്യാപാരത്തിന്റെ ഒരു ശതമാനത്തില്‍ താഴെയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 0.7 ശതമാനം മാത്രമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി വ്യാപാരം ഓഹരി ഏതാണ്ട് ഇതേ നിലയിലാണ്.
''വ്യത്യസ്ത ഉല്‍പ്പന്നങ്ങളില്‍ ഒരു പരിധിവരെ പരസ്പരം ആശ്രയിച്ച് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം സന്തുലിതമാണ്. അതിനാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തില്‍ ഉടനടി തകരാര്‍ പ്രതീക്ഷിക്കുന്നില്ല,'' ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് എ ശക്തിവേല്‍ പറഞ്ഞു.
2023 സാമ്പത്തിക വര്‍ഷത്തില്‍ കാനഡയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി പ്രധാനമായും മൂന്ന് വിഭാഗങ്ങളായി തിരിക്കാം. ധാതു ഇന്ധനങ്ങള്‍, ധാതു എണ്ണകള്‍, ബിറ്റുമിനസ് പദാര്‍ത്ഥങ്ങള്‍; മിനറല്‍ വാക്സുകള്‍ തുടങ്ങിയവ ആദ്യവിഭാഗത്തില്‍പ്പെടുന്നു. ഇതു 100 കോടി ഡോളറിന്റെ ഇടപാടാണ്.
രണ്ടാമത്തെ പ്രധാന ഇറക്കുമതി വസ്തു രാസവളങ്ങളാണ്. പ്രധാനമായും പൊട്ടാഷ് (എംഒപി). 715 ദശലക്ഷം ഡോളറിന്‍റേതാണ് ഈ ഇടപാട്.സെല്ലുലോസിക് പദാര്‍ത്ഥങ്ങളും മാലിന്യങ്ങളും, പേപ്പർ, പേപ്പര്‍ബോര്‍ഡ് സ്‌ക്രാപ്പ് പള്‍പ്പ് തുടങ്ങിയവയാണ് മൂന്നാമത്ത പ്രധാന ഇറക്കുമതി. ഇത് 424 ദശലക്ഷം ഡോളറിന്‍റേതാണ്.
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്നുവരെ, ആദ്യ രണ്ട് ഇറക്കുമതി വിഭാഗങ്ങള്‍ അതേപടി തുടരുമ്പോള്‍, മൂന്നാമത്തെ വലിയ ഇറക്കുമതി ഭക്ഷ്യയോഗ്യമായ പച്ചക്കറികളും,കിഴങ്ങുകളും മറ്റും ഉപയോഗിച്ച് മാറ്റിയിട്ടുണ്ട്.
മറുവശത്ത്, 435 ദശലക്ഷം ഡോളറിന്റെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, 312 ദശലക്ഷം ഡോളറിന്റെ ഇരുമ്പ് - സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍, 277 ദശലക്ഷം ഡോളറിന്റെ ന്യൂക്ലിയര്‍ റിയാക്ടറുകള്‍, ബോയിലറുകള്‍, മെഷിനറികള്‍, മെക്കാനിക്കല്‍ ഉപകരണങ്ങള്‍, അനുബന്ധ ഭാഗങ്ങള്‍ എന്നിവ ഇന്ത്യ കയറ്റുമതി ചെയ്തു.
അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ ഡാറ്റാബേസ് അനുസരിച്ച് യുഎസും യൂറോപ്യന്‍ യൂണിയനും പ്രധാന ഇറക്കുമതി പങ്കാളികളായുള്ള കാനഡയുടെ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ മൊത്തത്തിലുള്ള ഇറക്കുമതി 2022-23 ല്‍ 200 കോടി ഡോളറിനു മീതേയാണ്.
മൊത്തം ഇറക്കുമതിയുടെ ഒരു ചെറിയ ശതമാനം കൈവശം വച്ചിട്ടുണ്ടെങ്കിലും, ഇന്ത്യന്‍ ജനറിക് ഫാര്‍മസ്യൂട്ടിക്കല്‍സ് കാനഡയ്ക്ക് വളരെ പ്രധാനമാണ്. ''അവ ഉയര്‍ന്ന നിലവാരമുള്ളതും വിലകുറഞ്ഞതുമാണ്, മാത്രമല്ല അവരുടെ സാമ്പത്തികമായി ദുര്‍ബലരായ ജനങ്ങളെ സഹായിക്കുകയും ചെയ്യുന്നു,'' തിങ്ക് ടാങ്ക് ഗ്ലോബല്‍ ട്രേഡ് റിസര്‍ച്ച് ഇനിഷ്യേറ്റീവിന്റെ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറയുന്നു.
കാനഡ, പൊട്ടാസ്യം ക്ലോറൈഡിന്റെ ഒരു പ്രധാന ഉറവിടം കൂടിയാണ്. യൂറിയയ്ക്കും ഡി-അമോണിയം ഫോസ്‌ഫേറ്റിനും ശേഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വളമാണ് പൊട്ടാഷ്. കനേഡിയന്‍ പൊട്ടാഷിനെ ഇന്ത്യ ആശ്രയിക്കുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വര്‍ധിച്ചിട്ടുമുണ്ട്.
ആഗോളതലത്തില്‍ രാസവള വില ഒരു മാസം മുമ്പ് 20 ശതമാനത്തോളം വർധിച്ചിരുന്നു. ചൈന യൂറിയ കയറ്രുമതി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ വ്യവസായം ഇതിനകം തന്നെ സംഭരിക്കേണ്ട സ്റ്റോക്കിനെക്കുറിച്ച് ആശങ്കാകുലരാണ്.
എന്നാല്‍ നിലവിലുള്ള സാഹചര്യം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ ബാധിക്കുകയില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. എന്നാല്‍ അത് രാസവള ഇറക്കുമതിയെ ബാധിച്ചാല്‍ ഇന്ത്യ പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.
ഇന്ത്യയിലേക്കുള്ള പയറുത്പന്നങ്ങളുടെ പ്രധാന വിതരണക്കാരും കാനഡയാണ്. പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനം കുറയുമെന്ന ഭയത്തിനിടയില്‍, നിര്‍ണായകമായത് കാനഡയില്‍ നിന്നുള്ള മസൂര്‍ ദാല്‍ (ചുവന്ന പയര്‍) ആണ്. ഇത് ഇന്ത്യയുടെ പയർ ഇറക്കുമതിയുടെ 95 ശതമാനവും ഉള്‍ക്കൊള്ളുന്നു.