ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍; പുരോഗതി ഇനിയും അകലെ

  • കരാര്‍ ചര്‍ച്ചകളില്‍ നിര്‍ണായകമായ പുരോഗതി നേടാനായിട്ടില്ല
  • ഉയര്‍ന്ന നികുതികള്‍ കുറയ്ക്കണമെന്നാണ് യുകെയുടെ ആവശ്യം
  • കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ 2030ലേക്ക് വ്യാപാരം ഇരിട്ടിയാക്കാനാകുമെന്ന് പ്രതീക്ഷ

Update: 2023-06-20 14:30 GMT

ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള പത്താം റൗണ്ട് ചര്‍ച്ചകള്‍ ഈമാസം ആദ്യം അവസാനിപ്പിച്ചതായി വാണിജ്യ,വ്യവസായ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെ മുന്നോട്ടുകൊണ്ടുപോകുന്ന ചര്‍ച്ചകളാണിത്.

മുന്‍ റൗണ്ടുകളിലേതുപോലെ, ജൂണ്‍ 9 ന് നടന്ന പത്താം റൗണ്ടും ഒരു ഹൈബ്രിഡ് രീതിയിലാണ് നടത്തിയത്. ഇതിനായി നിരവധി യുകെ ഉദ്യോഗസ്ഥര്‍ ന്യൂഡെല്‍ഹിയില്‍ എത്തിയിരുന്നു. ചിലര്‍ ഓണ്‍ലൈനായും യോഗത്തില്‍ പങ്കെടുത്തു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുപോയ ശേഷം പ്രമുഖ രാജ്യങ്ങളുമായി സ്വന്തം കച്ചവട താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി കരാറുകള്‍ ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതില്‍ ഇന്ത്യയുടെ സ്ഥാനം വളരെ മുന്നിലാണ്. കാരണം ഇന്ത്യയുമായി വളരെ വിപുലമായ വ്യാപാര ബന്ധങ്ങളാണ് യുകെയ്ക്ക് ഉള്ളത്.

50 വ്യത്യസ്ത സെഷനുകളിലായി 10 നയ മേഖലകളില്‍ സാങ്കേതിക ചര്‍ച്ചകള്‍ നടന്നതായി മന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു. ഈ നയ മേഖലകളിലെ വിശദമായ കരട് ഉടമ്പടി സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു.

പതിനൊന്നാം റൗണ്ട് ചര്‍ച്ചകള്‍ അടുത്ത മാസമാണ് നടക്കുക. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ 2021 ജനുവരിയിലാണ് ആരംഭിച്ചത്.

ചില പ്രധാന താരിഫ് ലൈനുകളിലെയും നിക്ഷേപ സംരക്ഷണ നിയമങ്ങളിലെയും വ്യത്യാസങ്ങളാണ് ചര്‍ച്ചയില്‍ കല്ലുകടിയായി തുടരുന്നത്. ഇവയില്‍ പലതിലും ചര്‍ച്ചകളിലൂടെ സമവായത്തില്‍ എത്താനായെങ്കിലും പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കപ്പെട്ടിട്ടില്ല. അടുത്ത വര്‍ഷം അവസാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ടേമില്‍ ഒരു കരാറിന് അന്തിമ രൂപം നല്‍കാനാവുമോ എന്നതില്‍ സംശയമുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കാര്‍, മദ്യം തുടങ്ങിയവയ്ക്ക് ഇന്ത്യ ചുമത്തുന്ന നികുതി സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും ഭിന്നാഭിപ്രായമാണ് ഉള്ളത്.

താരിഫുകള്‍ കൂടാതെ, കരാറിന്റെ ഭാഗമായോ സമാന്തര നിക്ഷേപ ഉടമ്പടിയിലോ ശക്തമായ നിക്ഷേപ-സംരക്ഷണ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ ബ്രിട്ടനും ഇന്ത്യയെ പ്രേരിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഇവിടെ ചര്‍ച്ചകള്‍ വഴിമുട്ടുകയാണ്. എങ്കിലും ചില മേഖലകളില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

നിക്ഷേപം സംബന്ധിച്ചുള്ള സംരക്ഷണം ആണ് പ്രധാനമായും ബ്രിട്ടന്‍ ആവശ്യപ്പെടുന്ന ഘടകം.ഇത് ഇന്ത്യ അംഗീകരിച്ചാല്‍ മാത്രമെ ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ടുപോകുകയുള്ളു എന്നാണ് കരാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള ഒരു കരാര്‍ ന്യൂഡെല്‍ഹിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അതുവഴി മികച്ച കയറ്റുമതി ഇന്ത്യ ലക്ഷ്യമിടുന്നു. അതേസമയം യുകെയ്ക്ക് വിസ്‌കി, പ്രീമിയം കാറുകള്‍, നിയമ സേവനങ്ങള്‍ എന്നിവയ്ക്കായി വിശാലമായ പ്രവേശനം ഇന്ത്യയിലേക്ക് ലഭിക്കും. ഇത്തരമൊരു കരാറിലൂടെ 2030ലഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കാനാകുമെന്നാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത

Tags:    

Similar News