ഇന്ത്യയും ഇസ്രയേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്
- ഇസ്രയേല്‍ ബിസിനസ് പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചതിനുപിന്നാലെയാണ് എഫ്ടിഎ നീക്കങ്ങള്‍
- വ്യാപാര കരാര്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ആഴത്തിലാക്കും
- 2024 ല്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 5 ബില്യണ്‍ ഡോളറായിരുന്നു
ഇന്ത്യയും ഇസ്രയേലും ഒരു സ്വതന്ത്ര വ്യാപാര കരാറില്‍ (എഫ്ടിഎ) ഒപ്പുവെക്കാന്‍ സാധ്യതയെന്ന് സൂചന. ഇത് പ്രാവര്‍ത്തികമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കും. ഇസ്രയേലിലെ എക്കാലത്തെയും വലിയ ബിസിനസ് പ്രതിനിധി സംഘം ഇന്ത്യ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് ഇത് സംബന്ധിച്ച് നീക്കങ്ങള്‍ നടക്കുന്നത്. ഇത് ഉഭയകക്ഷി സഹകരണത്തില്‍ ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞയാഴ്ച നൂറിലധികം ഇസ്രയേലി കമ്പനികളുടെ ഒരു സംഘം ഇന്ത്യ സന്ദര്‍ശിക്കുകയും രാജ്യത്തെ ബിസിനസ്സ് നേതാക്കളുമായി 600 ലധികം മീറ്റിംഗുകള്‍ നടത്തുകയും ചെയ്തു.
സാങ്കേതികവിദ്യ, സൈബര്‍ സുരക്ഷ, കൃഷി, പുനരുപയോഗ ഊര്‍ജ്ജം, ഡിജിറ്റല്‍ ആരോഗ്യം, കൃത്രിമ ബുദ്ധി (എഐ), ജല മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളില്‍നിന്നായിരുന്നു പ്രതിനിധി സംഘം. നവീനത അടിസ്ഥാനമാക്കിയുള്ള വളര്‍ച്ചയിലും അടിസ്ഥാന സൗകര്യങ്ങള്‍, സുരക്ഷ, കൃഷി എന്നിവയ്ക്കുള്ള പരിഹാരങ്ങളിലും ഇന്ത്യയുടെ ശ്രദ്ധയുമായി ഈ മേഖലകള്‍ യോജിക്കുന്നു.
'ഇസ്രയേല്‍ വ്യവസായവുമായി സഹകരിക്കുന്നതില്‍ ഇന്ത്യന്‍ കമ്പനികള്‍ കാണിക്കുന്ന താല്‍പ്പര്യം വലിയ സാമ്പത്തിക സാധ്യതകളെ എടുത്തുകാണിക്കുന്നു. ഇത് ഒരു തുടക്കം മാത്രമാണ്. വരും വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിലും നിക്ഷേപത്തിലും ഗണ്യമായ വളര്‍ച്ച പ്രതീക്ഷിക്കുന്നു,' പ്രതിനിധി സംഘത്തെ നയിച്ച ഇസ്രായേല്‍ എക്സ്പോര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാന്‍ അവി ബാല്‍ഷ്നിക്കോവ് പറഞ്ഞു.
2024 ല്‍ ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 5 ബില്യണ്‍ ഡോളറിലെത്തിയിരുന്നു.
2025 ല്‍ ഒരു സ്വതന്ത്ര വ്യാപാര കരാറിന് അന്തിമരൂപം നല്‍കുമെന്ന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ സൂചന നല്‍കിയിട്ടുണ്ട്. ഇത് ഇന്ത്യയിലേക്കുള്ള ഇസ്രയേലിന്റെ കയറ്റുമതി വര്‍ധിപ്പിക്കുകയും കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ന്യൂഡല്‍ഹിയില്‍ നടന്ന ഇസ്രായേല്‍-ഇന്ത്യ ബിസിനസ് ഫോറത്തില്‍, ഇന്ത്യയുടെ വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി.
'നവീകരണത്തിലും സുരക്ഷയിലും ഇസ്രയേലിന്റെ കഴിവുകള്‍ അസാധാരണമാണ്. ഇസ്രയേലും ഇന്ത്യയും തമ്മില്‍ സഹകരണത്തിന് വളരെയധികം അവസരങ്ങളുണ്ട്, ഇത് മേഖലയില്‍ ഗണ്യമായ സാമ്പത്തിക നേട്ടങ്ങള്‍ക്ക് കാരണമാകും,' അദ്ദേഹം പറഞ്ഞു. സാമ്പത്തിക ബന്ധങ്ങളിലെ ഒരു വഴിത്തിരിവായിട്ടാണ് ഇസ്രയേല്‍ സാമ്പത്തിക, വ്യവസായ മന്ത്രി നിര്‍ ബര്‍കത്ത് ഈ സന്ദര്‍ശനത്തെ വിശേഷിപ്പിച്ചത്.
ടാറ്റ, നാസ്‌കോം, ജിഎംആര്‍ തുടങ്ങിയ ഇന്ത്യന്‍ ബിസിനസ് ഗ്രൂപ്പുകളുമായി ഇസ്രയേല്‍ പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. കൃഷി, സൈബര്‍ സുരക്ഷ, പുനരുപയോഗ ഊര്‍ജ്ജം എന്നിവയിലെ നൂതന പരിഹാരങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ഇന്ത്യ എനര്‍ജി വീക്കിലും അവര്‍ പങ്കെടുത്തു.
കാര്‍ഷിക ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തുന്നതിലും, കാര്യക്ഷമമായ ജല മാനേജ്മെന്റിലും, ഡിജിറ്റല്‍ സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും ഇസ്രയേലി സാങ്കേതികവിദ്യയിലുള്ള ഇന്ത്യയുടെ താല്‍പ്പര്യം ഈ സന്ദര്‍ശനം എടുത്തുകാണിച്ചു.
യോഗങ്ങള്‍ക്ക് ശേഷം, മന്ത്രി പീയൂഷ് ഗോയല്‍ 2025 ല്‍ ഇസ്രയേലിലേക്ക് ഒരു ഉന്നതതല ഇന്ത്യന്‍ ബിസിനസ് പ്രതിനിധി സംഘത്തെ നയിക്കുമെന്ന് പ്രഖ്യാപിച്ചു .നിക്ഷേപങ്ങള്‍ വികസിപ്പിക്കുക, നൂതന സാങ്കേതിക സഹകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ജല മാനേജ്‌മെന്റ്, ആരോഗ്യ സംരക്ഷണം, കൃഷി എന്നിവയിലെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക എന്നിവയിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക.