സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹമുണ്ടോ? ഈ പദ്ധതികള്‍ നിങ്ങളെ സഹായിക്കും
- കോളജ് വിദ്യാര്‍ഥികളും മറ്റ് മേഖലകളിലെ പ്രൊഫഷണലുകളും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് കടന്നുവരുന്നുണ്ട്
ചെറുപ്രായത്തിലേ കോടികള്‍ സമ്പാദിച്ച രണ്ടുപേരാണ് ഫേസ്ബുക് സ്ഥാപകന്‍ മാര്‍ക് സുക്കര്‍ബര്‍ഗും സ്റ്റീവ് ജോബ്സും. നിലവില്‍ മാര്‍ക്കറ്റില്‍ ഇല്ലാത്ത കമ്പനികളെ സൃഷ്ടിച്ചാണ് ഇവര്‍ മുന്‍നിരയിലെത്തിയത്.
മലയാളികളുടെ സ്റ്റാര്‍ട്ടപ്പുകള്‍ വിദേശ നിക്ഷേപം നേടി ചിറകിട്ടടിക്കുന്ന കാലമാണിത്. സ്റ്റാര്‍ട്ടപ്പുകളുടെ വിജയകഥകള്‍ കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്കും ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിക്കളയാം എന്ന് തോന്നുന്നുണ്ടോ. മടിക്കേണ്ട, ആ ആഗ്രഹം നടക്കുക തന്നെ ചെയ്യും. എന്നാല്‍ എടുത്തുചാട്ടം വേണ്ട. പെട്ടെന്ന് കോടികള്‍ വാരിക്കൂട്ടാന്‍ പറ്റിയ മേഖലയല്ല സ്റ്റാര്‍ട്ടപ്പുകളുടേത്. നിങ്ങള്‍ ഒരു സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആദ്യം ഒരു മികച്ച ആശയം കണ്ടെത്തണം.
സ്റ്റാര്‍ട്ടപ്പ് ആശയങ്ങള്‍ക്ക് വലിയ ഡിമാന്റുണ്ടെന്നതാണ് യാഥാര്‍ഥ്യം. കോളജ് വിദ്യാര്‍ഥികളും മറ്റ് മേഖലകളിലെ പ്രൊഫഷണലുകളും ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പ് മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. വിപണിയിലേക്ക് പുതുതായൊരു ഉല്‍പന്നമോ സേവനമോ വികസിപ്പിക്കുന്നതില്‍ ഒരു സ്റ്റാര്‍ട്ടപ്പ് ആശയത്തിന് വലിയ പ്രാധാന്യമുണ്ട്.
സ്വന്തമായി സ്റ്റാര്‍ട്ടപ്പ് തുടങ്ങണം. പക്ഷേ ആശയമില്ല. ഇത്തരക്കാരെ സഹായിക്കാന്‍ ഇന്ന് വിവിധ സ്ഥാപനങ്ങള്‍ തയാറാണ്. കൂടാതെ പേറ്റന്റുകള്‍ നേടിയ സാങ്കേതികവിദ്യകള്‍ പണം നല്‍കി വാങ്ങാനും സാധിക്കും.
ബിസിനസ് ഐഡിയ
മികച്ച ഒരു ബിസിനസ് ഐഡിയ സ്വന്തമായി കണ്ടെത്തുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന് അതിന്റെ ബ്ലൂപ്രിന്റ് (പ്രോട്ടോടൈപ്പ്) വികസിപ്പിക്കണം. ഇതിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ തന്റെ ആശയത്തിന്റെ ടെക്നിക്കല്‍ പ്രവര്‍ത്തനക്ഷമതയെ കുറിച്ചും വാണിജ്യ സാധ്യതയെ കുറിച്ചും വ്യക്തമായി തിരിച്ചറിയേണ്ടതുണ്ട്. ഉത്പന്നത്തിന്റെയോ സേവനത്തിന്റെയോ മാര്‍ക്കറ്റിലെ സ്വീകാര്യത, ലക്ഷ്യമിടുന്ന ടാര്‍ഗറ്റ് ഗ്രൂപ്പ്, ഉത്പന്നം വാങ്ങാനുള്ള അവരുടെ ശേഷി എന്നീ കാര്യങ്ങള്‍ കൂടി കണക്കിലെടുത്ത ശേഷം മാത്രമേ ഉത്പന്നത്തിന്റെ/ സാങ്കേതികവിദ്യയുടെ വികസനത്തിലേക്ക് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ കടക്കാവൂ.
സാങ്കേതികവിദ്യ
നമ്മുടെ സംസ്ഥാനത്ത് നിരവധി ഗവേഷണ സ്ഥാപനങ്ങള്‍ സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നൂതന ഉത്പന്നങ്ങളുടെ സാങ്കേതികവിദ്യകള്‍ നല്‍കുന്നുണ്ട്. സാങ്കേതികവിദ്യയ്ക്കൊപ്പം ഇന്‍കുബേറ്റര്‍ സൗകര്യത്തില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ച് ടെസ്റ്റ് മാര്‍ക്കറ്റിംഗ് നടത്താനുള്ള അവസരം വരെ ഒരുക്കി നല്‍കുന്നുണ്ട്. കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി, കോഴിക്കോടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസര്‍ച്ച്, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, കാസര്‍കോടുള്ള സിപിസിആര്‍ഐ പോലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ഇത്തരം സാങ്കേതികവിദ്യകള്‍ വാങ്ങാം.
പ്രിസം സ്‌കീം
ചെറുകിട- ഇടത്തരം വ്യവസായങ്ങളിലും സ്റ്റാര്‍ട്ടപ്പുകളിലും ഇന്നൊവേഷന്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് പ്രിസം സ്‌കീം. ഐടി ഇതര മേഖലകളില്‍ ഈ പദ്ധതി പ്രകാരം ഒരു ആശയം പ്രായോഗിക തലത്തിലെത്തിക്കുന്നത് വരെ 72 ലക്ഷം രൂപയുടെ പിന്തുണ ലഭിക്കും. നിലവിലുള്ള കമ്പനിക്ക് പുതിയ പ്രൊഡക്ട് വികസിപ്പിക്കുന്നതിനും ഈയൊരു ഫണ്ട് ലഭിക്കും. പ്രിസം സ്‌കീം അനുസരിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ആശയത്തിന് ആദ്യഘട്ടത്തില്‍ രണ്ട് ലക്ഷം രൂപയും പ്രോട്ടോടൈപ്പ് വികസിപ്പിക്കുന്നതിനായി 20 ലക്ഷം രൂപയും സ്വന്തമായി കമ്പനി തുടങ്ങി വിപണനം നടത്തുകയാണെങ്കില്‍ അതിനായി 50 ലക്ഷം രൂപയും ലഭിക്കും.
റൂറല്‍ ഇന്നൊവേഷന്‍ മീറ്റ്
തിരുവനന്തപുരത്ത് ശാസ്ത്രഭവന്‍ സംഘടിപ്പിക്കുന്ന ആര്‍.ഐ.എമ്മില്‍(റൂറല്‍ ഇന്നൊവേഷന്‍ മീറ്റ്) പങ്കെടുക്കുന്നതിലൂടെ നിരവധി നവീന ആശയങ്ങളെ കുറിച്ച് അറിവ് ലഭിക്കും. താല്‍പര്യമുള്ള സംരംഭകര്‍ക്ക് ശാസ്ത്രഭവനില്‍ നിന്ന് തന്നെ ആശയത്തിന്റെ വിശദാംശങ്ങള്‍ നേടാം. ആര്‍ഐഎമ്മിലെ ഇന്നൊവേറ്റേഴ്സില്‍ നിന്നും ആശയം വിലയ്ക്ക് വാങ്ങിയോ അല്ലെങ്കില്‍ അവരെ കൂടി പങ്കാളികളാക്കിയോ സംരംഭം തുടങ്ങാം.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്‌കീം
2016ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്‌കീം ഇന്ത്യാ ഗവണ്‍മെന്റിന്റെ ഒരു സംരംഭമാണ്. സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സമ്പത്ത് സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഈ പദ്ധതി നിരവധി പരിപാടികള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) ആണ് ഈ പ്രോഗ്രാമുകള്‍ നിയന്ത്രിക്കുന്നത്. ജോലി എളുപ്പം, സാമ്പത്തിക സഹായം, ഗവണ്‍മെന്റ് ടെന്‍ഡര്‍, നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്‌കീം മുന്നോട്ടുവെക്കുന്നു.
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്‌കീമിന് കീഴില്‍ സര്‍ക്കാര്‍ സഹായം എളുപ്പത്തില്‍ ലഭിക്കുന്നതിന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മുന്‍ഗണന ലഭിക്കും. അവര്‍ക്ക് മുന്‍പരിചയമൊന്നും ആവശ്യമില്ല.
ചുവപ്പുനാട ഇല്ല
ഇന്‍കോര്‍പറേഷന്‍, രജിസ്ട്രേഷന്‍, പരാതി കൈകാര്യം ചെയ്യല്‍ തുടങ്ങിയവ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ഹബ്ബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ഗവണ്‍മെന്റ് ഒരു തടസ്സരഹിത രജിസ്ട്രേഷന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. അതുവഴി നിങ്ങള്‍ക്ക് എവിടെനിന്നും എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍ ചെയ്യാം.
സ്റ്റാര്‍ട്ടപ്പുകളുടെ വേഗത്തിലുള്ള വിന്‍ഡ്അപ്പ് പ്രക്രിയയെ സുഗമമാക്കുന്നതിന് 2015ല്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം ഒരു പുതിയ സ്റ്റാര്‍ട്ടപ്പിന് 90 ദിവസത്തിനുള്ളില്‍ കോര്‍പ്പറേഷന്റെ ലൈസന്‍സ് ലഭിക്കും.