പൊട്ടച്ചിരട്ടയില്‍ സഫ്വാന്‍ കണ്ടത് ബിസിനസ് അവസരം; പതിനായിരങ്ങള്‍ വരുമാനം നേടുന്നതിങ്ങനെ

  • 300 രൂപ മുതല്‍ 7000 രൂപ വരെയാണ് ഇവരുടെ ഉത്പന്നങ്ങള്‍ക്ക് വിലയായി വരുന്നത്

Update: 2023-02-22 09:15 GMT

പ്രകാശത്തിന്റെ വര്‍ണ്ണവിസ്മയം ഒരുക്കാന്‍ സഫ്വാന്‍ ചിരട്ടകളില്‍ തീര്‍ക്കുന്ന കലാശില്‍പ്പങ്ങളുടെ ലോകത്തേക്കും നാലുവര്‍ഷമായി വിജയത്തോടെ മുന്നേറുന്ന ഈ സംരംഭത്തിലേക്കും ഒന്നു ചെന്നുനോക്കാം

പിഎസ് മുഹമ്മദ് സഫ്വാന്‍ എന്ന കാസര്‍കോട്ടുകാരന്‍ തന്റെ അമ്മാവനിലൂടെയാണ് ചിരട്ടകളുടെ ലോകത്തേക്ക് കടന്നുവരുന്നത്. അമ്മാവന്‍ വിനോദത്തിന് മാത്രം ചെയ്തുകൊണ്ടിരുന്ന ചിരട്ടയിലെ മാജിക് മരുമകന്‍ വരുമാനമാര്‍ഗം കൂടിയാക്കി മാറ്റുകയായിരുന്നു.

ഇലക്ട്രിക്കല്‍ ഫീല്‍ഡില്‍ ജോലി ചെയ്യുന്നയാളാണ് സഫ്വാന്‍. സാധാരണ ഗതിയില്‍ ഡെക്കറേഷന്‍ ബള്‍ബുകള്‍ക്കും മറ്റുമായി ഉപയോഗിക്കുന്നത് ഗ്ലാസും ഫൈബറും ഒക്കെയാണ്. ഇതൊന്നും പ്രകൃതിക്ക് ഗുണകരവുമല്ല. ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ പ്രകൃതിക്ക് ദോഷകരവുമാണ്. ഇതിന് തന്റേതായ രീതിയില്‍ ചെറിയൊരു മാറ്റമെങ്കിലും ഉണ്ടാക്കാന്‍ സാധിച്ചാല്‍ ഒരു നല്ലകാര്യമല്ലേ എന്ന ചിന്തയാണ് സഫ്വാനെ ചിരട്ടയും മുളയും ഉപയോഗിച്ചുള്ള ഡെക്കറേറ്റീവ് ലാമ്പ് ഉണ്ടാക്കുന്നതിലേക്ക് നയിച്ചത്.

സംരംഭം എന്ന നിലയില്‍ ചിരട്ടയെ ഉപയോഗിക്കാന്‍ നാലുവര്‍ഷമേ ആകുന്നുള്ളുവെങ്കിലും അതിനുമുമ്പും അടക്കയും മറ്റും ഉപയോഗിച്ച് ഫല്‍ര്‍വേസ് പോലുള്ള ഡെക്കറേഷന്‍ ഉത്പന്നങ്ങള്‍ സഫ്വാന്‍ നിര്‍മ്മിക്കാറുണ്ടായിരുന്നു. പിന്നീടാണ് ചിരട്ടകൊണ്ടുള്ള ഡക്കറേഷന്‍ ബള്‍ബ് എന്ന സംരംഭത്തിലേക്കും അതുമായി ബന്ധപ്പെട്ട കൂടുതല്‍ ഉത്പന്നങ്ങളിലേക്കും കടക്കുന്നത്.




 വരുമാനം നേടാം മുതല്‍ മുടക്കുണ്ടെങ്കില്‍

ചെറിയ തുകയ്ക്ക് തുടങ്ങാന്‍ പറ്റിയ സംരംഭമല്ല ഇതെന്നാണ് സഫ്വാന്‍ പറയുന്നത്. ഇതിന് മുതല്‍മുടക്ക് ആവശ്യമാണ്. ചിരട്ടയുടെ ഡിസൈനിങ്ങും മറ്റും മെഷീന്‍ ഉപയോഗിച്ച് ചെയ്യേണ്ടതുകൊണ്ടുതന്നെ കറന്റ് ആവശ്യമാണ്. മാത്രമല്ല ഇതിന്റെ മെഷീനുകള്‍ക്കും മറ്റു നിര്‍മ്മാണ സാമഗ്രികള്‍ക്കും നല്ലൊരു തുക വരുന്നുണ്ട്. സഫ്വാനെ സംബന്ധിച്ചിടത്തോളം സംരംഭം തുടങ്ങിയ സമയത്ത് കറന്റിനും മറ്റും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

സഹോദരന്റെ വീടുപണി നടക്കുന്നതിനാല്‍ കണ്‍സ്ട്രക്ഷന്‍ കറന്റു ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ തന്റെ വീടിനോടു ചേര്‍ന്ന് ഒരു ഷെഡുകെട്ടിയാണ് വര്‍ക്കുകള്‍ ചെയ്തുകൊണ്ടിരുന്നത്. വീടുപണി കഴിഞ്ഞതോടെ കണ്‍സ്ട്രക്ഷന്‍ കറന്റ് ലഭിക്കാതെയായി. ആ സമയം വേറൊരു സ്ഥലം നിര്‍മ്മാണത്തിനായി കണ്ടെത്തി അവിടേക്ക് കറന്റ് കണക്ഷന്‍ എടുക്കാനുള്ള തയ്യാറെടുപ്പില്‍ നില്‍ക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പിതാവിന്റെ മരണം.

സ്ഥലവും മറ്റും ബാപ്പയുടെ പേരിലായതുകൊണ്ടുതന്നെ കറന്റ് കണക്ഷന്‍ കിട്ടുക എന്നത് ഇപ്പോഴത്തെ സ്ഥിതിയില്‍ ബുദ്ധിമുട്ടേറിയതും ചെലവേറിയതുമാണെന്നാണ് സഫ്വാന്‍ പറയുന്നത്. അതുകൊണ്ടുതന്നെ സംരംഭത്തിന് ഭാഗികമായി അവധി നല്‍കിയിരിക്കുകയാണ്. വളരെ ചുരുങ്ങിയ അളവില്‍ മാത്രമാണ് ഇപ്പോള്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്.

വേണം നല്ല മുളയും ചിരട്ടയും

കാസര്‍കോട് ഭാഗങ്ങളില്‍ തോട്ടിമുള എന്നു പറയുന്ന പ്രത്യേക തരം മുളയാണ് ഇവരുടെ ഉല്‍പ്പന്നത്തിനായി വേണ്ടത്. മുളയുടെ പ്രായം എന്നത് മൂന്നുവര്‍ഷം കഴിഞ്ഞതും എന്നാല്‍ ആറുവര്‍ഷം കഴിയാത്തതുമായിരിക്കണം. ഇങ്ങനെയുള്ള മുളകളില്‍ അധികം പ്രാണികളോ മറ്റോ ഉണ്ടാകില്ല. കൂടുതല്‍ കാലം നിലനില്‍ക്കുകയും ചെയ്യും.

ഇവ ചുറ്റുവട്ടത്തുതന്നെ ഉള്ളതിനാല്‍ ലഭിക്കാന്‍ പ്രയാസമില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനുപയോഗിക്കുന്ന ബള്‍ബുകളും സാധാരണ ബള്‍ബുകളല്ല. വ്യത്യസ്ത തരത്തിലുള്ള ബള്‍ബാണ് ഇതിനാവശ്യം. ഇതിന്റെ പ്രധാന നിര്‍മ്മാണ വസ്തുവായ ചിരട്ടയ്ക്കായി നല്ലയിനം തേങ്ങകള്‍ ആവശ്യമാണ്.

ഹോള്‍സെയില്‍ കടകളില്‍ നിന്നും ചുറ്റുവട്ടത്തുനിന്നുമാണ് തേങ്ങ ശേഖരിക്കുന്നത്. ഇതിനൊക്കെയും നല്ലൊരു തുക മാറ്റിവയ്ക്കേണ്ടതുണ്ട്. ചിരട്ടമാത്രമാണ് ആവശ്യമെങ്കിലും തേങ്ങ തന്നെ വാങ്ങേണ്ടിവരും. ചിരട്ട എടുത്തിട്ട് അതിനുള്ളിലെ കാമ്പ് വില്‍ക്കാമെങ്കിലും മുഴുവനായും ഇത് പ്രായോഗികമല്ല.

ചിരട്ടയില്‍ നിന്നും മൂന്നു തരം ഡെക്കറേഷന്‍ ബള്‍ബുകള്‍

പ്രധാനമായും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ ഹാങ്ങിങ് ലാമ്പുകള്‍, പെഡസ്ട്രല്‍ ലാമ്പുകള്‍, ടേബിള്‍ ലാമ്പുകള്‍ എന്നിവയാണ്. ഇവ കൂടാതെ ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ചിരട്ടയില്‍ തന്നെ ഗിഫ്റ്റ് ഐറ്റംസും ഡെക്കറേഷന്‍ ഐറ്റംസും ഉണ്ടാക്കി നല്‍കുന്നുണ്ട്.

സൂക്ഷ്മതയും കഴിവും പ്രധാനം

ചിരട്ടയില്‍ വേണ്ട ഡിസൈന്‍ വരച്ചുചേര്‍ത്ത് അതിനനുസരിച്ച് ഹോളുകള്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതിന് നല്ല സൂക്ഷ്മതയും ക്ഷമയും ആവശ്യമാണ്. ചിത്രം നല്ല രീതിയില്‍ വരച്ചെടുക്കാനുള്ള കഴിവും ആവശ്യമാണ്. ചിത്രം വരയ്ക്കുന്നതിനായി സഫ്വാന്‍ തന്റെ കസിന്‍സിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ സഫ്വാനും ഇതില്‍ പങ്കുചേരുന്നു. ചിത്രം വരച്ചു ചേര്‍ത്തു കഴിഞ്ഞാല്‍ പിന്നെ എല്ലാം സഫ്വാന്റെ കൈയ്യിലാണ്. മെഷിന്‍ ഉപയോഗിച്ച് ഡിസൈന്‍ പ്രകാരം ഹോള്‍ ചെയ്തെടുക്കുന്നു.

സ്റ്റാന്റായി ഉപയോഗിക്കുന്നത് മുളയും കൂടാതെ തെങ്ങിന്റെ തടിയും ഒക്കെയാണ്. ഇതിലേക്ക് ഗ്ലോസിന്‍ എന്നുപറയുന്ന ഒരു പെയിന്റ് അടിച്ചു കൊടുക്കുന്നു. തിളക്കത്തിനും സംരക്ഷണം എന്ന നിലയിലുമാണ് ഇവ അടിച്ചുകൊടുക്കുന്നത്. ചിരട്ടയ്ക്ക് കൂടുതലായി ഒന്നും ചെയ്യുന്നില്ല. മിനുസപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. വില കുറഞ്ഞ വസ്തുക്കളെ വിലകൂടിയ വസ്തുക്കളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടിയാണ് താന്‍ ഈ സംരംഭം കൊണ്ടുദ്ദേശിക്കുന്നതെന്നാണ് സഫ്വാന്‍ പറയുന്നത്.

ബള്‍ബ് മാത്രം അതിന്റെ കാലാവധി കഴിഞ്ഞാല്‍ മാറ്റേണ്ടിവരും എന്നതൊഴിച്ചാല്‍ മറ്റൊന്നും തന്നെ എത്രവര്‍ഷം കഴിഞ്ഞാലും കേടായി പോകില്ല എന്നത് തന്നെ ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ബള്‍ബ് പോയാല്‍ തന്നെയും സാധാരണ ബള്‍ബുകള്‍ മാറ്റുന്നതുപോലെ മാറ്റിയിടാന്‍ പറ്റുന്ന രീതിയിലാണ് ഇവ നിര്‍മ്മിച്ചിട്ടുള്ളത്.

റോ മെറ്റീരിയല്‍സ് മുന്‍കൂട്ടി ശേഖരിച്ചു വച്ചിട്ടുണ്ടെങ്കില്‍ സാധാരണ രീതിയിലുള്ള ഒരു ലാമ്പ് ചെയ്തെടുക്കാന്‍ ഒരു ദിവസമാണ് വേണ്ടത്. കൂടുതല്‍ ഡിസൈനും മറ്റുമുള്ള ഒരു വലിയൊരു ലാമ്പ് ചെയ്തെടുക്കാന്‍ ഒരാഴ്ചവരെ പിടിക്കാറുണ്ടെന്ന് സഫ്വാന്‍ പറയുന്നു. ഉത്പന്നത്തിനനുസരിച്ചാണ് അതിന്റെ നിര്‍മ്മാണ സമയം നിര്‍ണ്ണയിക്കുന്നത്.

വരുമാന മാര്‍ഗം എക്സിബിഷനിലൂടെ

പ്രധാനമായും ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കപ്പെടുന്നത് കേന്ദ്ര ഗവണ്‍മെന്റും മറ്റും നടത്തുന്ന എക്സിബിഷനിലൂടെയാണ്. കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും നല്ല സഹകരണമാണ് തനിക്ക് ലഭിക്കുന്നതെന്നാണ് സഫ്വാന്‍ പറയുന്നത്. എക്സിബിഷന്‍ കൂടാതെ കോളേജുകളില്‍ ക്രാഫ്റ്റ് അവേര്‍നസ് ക്ലാസുകള്‍ നടത്താന്‍ സഫ്വാനെ സമീപിക്കാറുണ്ട്. അങ്ങനെ ഒരു തവണ ഒരു കോളേജില്‍ ക്ലാസ് നടത്താന്‍ പോയ സമയത്താണ് മംഗളൂരു എയര്‍പോട്ടിലെ ഒരു ആര്‍ക്കിടെക്ടിനെ പരിചയപ്പെടുന്നതും അവിടെ ഓര്‍ഡര്‍ ലഭിക്കുന്നതും. എയര്‍പോട്ടിലെ ടൂറിസ്റ്റ് കൗണ്ടറില്‍ ഇദ്ദേഹം നിര്‍മ്മിച്ച ലൈറ്റുകള്‍ കാണാന്‍ സാധിക്കും.

ക്രാഫ്റ്റ്സ് ക്ലാസുകള്‍ക്ക് ഒരു ദിവസം 4000 രൂപയാണ് സഫ്വാന് നല്‍കുന്നത്. 3 ദിവസത്തെ ക്ലാസിന് 12000 രൂപ ലഭിക്കുന്നു. കൂടാതെ ഇതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്നു. അതിലൂടെയും നല്ലൊരു തുക ലഭിക്കുന്നു. കേരളത്തിനു പുറത്തും എക്സിബിഷനുള്ള ക്ഷണം സഫ്വാന് ലഭിക്കാറുണ്ട്.

300 രൂപ മുതല്‍ 7000 രൂപ വരെയാണ് ഇവരുടെ ഉത്പന്നങ്ങള്‍ക്ക് വിലയായി വരുന്നത്. ആമസോണിലും മറ്റും വില്‍പ്പന നടത്തുന്നതിനായി പറഞ്ഞുവച്ചിട്ടുണ്ടെങ്കിലും വര്‍ക്ക് ഷോപ്പിന്റെ അഭാവം കാരണം തല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

സഫ്വാന് ഇതൊരു സംരംഭം എന്നതിലുപരി ഒരു കലയായി കൊണ്ടുനടക്കാനാണ് ഇഷ്ടം. പ്രകൃതിക്ക് ഗുണമുള്ള ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത് ഒരു കലയായി കണ്ട് അതില്‍ നിന്നു കിട്ടുന്ന വരുമാനത്തില്‍ ഈ സംരംഭത്തെ ഈ കലയെ ലോകം മൊത്തം വ്യാപിപ്പിക്കാന്‍ സഫ് വാന് ആദ്യം വേണ്ടത് നല്ലൊരു വര്‍ക്കിങ് യൂണിറ്റാണ്. അതിന്റെ തടസ്സങ്ങള്‍ നീങ്ങിക്കഴിഞ്ഞാല്‍ തന്റെ സംരംഭം വളരെ മെച്ചപ്പെടും എന്ന വിശ്വാസത്തിലാണ് സഫ്വാന്‍.

Tags:    

Similar News