ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ ഇനി സര്‍ക്കാര്‍ നിയന്ത്രണത്തില്‍
- നികുതി വകുപ്പ് സമര്‍പ്പിച്ച പ്രപ്പോസല്‍ ബജറ്റില്‍ വന്നേക്കും
സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പെരുകുന്നതിനിടെ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങളെ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാന്‍ നടപടിയാരംഭിച്ചു. ഇതിന്റെ ഭാഗമായി ഇത്തരം സ്ഥാപനങ്ങളെ കേരള മണിലെന്‍ഡേഴ്‌സ് ആക്റ്റിന്റെ പരിധിയില്‍ കൊണ്ടുവന്ന് ലൈസന്‍സ് നിര്‍ബന്ധമാക്കുന്നത് ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ നികുതി വകുപ്പ് സര്‍ക്കാര്‍ മുമ്പാതെ നിര്‍ദേശം സമര്‍പ്പിച്ചു. ഇത്തരം സ്ഥാപനങ്ങള്‍ അമിതമായി പലിശ വാങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാനും നടപടിയെടുക്കാനും ഇതോടെ സര്‍ക്കാറിന് സാധിക്കും.
സ്ഥാപനങ്ങള്‍ ഒരു നിശിത സെക്യൂരിറ്റി തുക സര്‍ക്കാരില്‍ കെട്ടിവയ്‌ക്കേണ്ടതായി വരും. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് മൂക്കു കയറിടുന്നതിനും അടുത്ത മാസം ധനമന്ത്രി കെഎല്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ നിര്‍ദേശമുണ്ടാകും. പ്രി ബജറ്റ് കണ്‍സള്‍ട്ടേഷനുകള്‍ നടന്നുവരുകയാണ്.
ഓണ്‍ലൈന്‍ പണമിടപാടുകള്‍ വര്‍ധിച്ചതോടെയാണ് സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ചത്. കൊവിഡ് മഹാമാരി വന്നതോടെയാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ സാര്‍വത്രികമായത്. പേടിഎം, മണി ടാപ്, ട്രൂ കാളര്‍, ഭാരത് പേ, മൊബി ക്വിക്, ലെന്‍ഡിംഗ് കാര്‍ട്ട് തുടങ്ങി എണ്ണമറ്റ ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് സജീവമാണ്.
ഒരു കോടി രൂപ വരെ മൂന്നു വര്‍ഷ കാലാവധിയില്‍ നല്‍കുന്ന ലെന്‍ഡിംഗ് കാര്‍ട്ടാണ് ഈ രംഗത്തെ അതികായന്‍. രാജ്യത്തുടനീളം ചെറുകിടക്കാര്‍ക്കും വന്‍കിട കമ്പനികള്‍ക്കും ഓണ്‍ലൈനായി വായ്പ നല്‍കുന്ന സ്ഥാപനമാണിത്. മണി ടാപ് അഞ്ചു ലക്ഷം വരെയും പേടിഎം രണ്ടു ലക്ഷം വരെയുമാണ് വായ്പയായി നല്‍കുന്നത്.
ചെറിയ പലിശക്ക് വളരെ പെട്ടെന്ന് പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് നിരവധി ഓണ്‍ലൈന്‍ കമ്പനികള്‍ രംഗത്തുണ്ട്. ഓണ്‍ലൈന്‍ പണമിടപാട് സ്ഥാപനങ്ങള്‍ക്കു മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വരുന്നതോടെ ഈ രംഗത്തെ തട്ടിപ്പുകള്‍ക്ക് ഒരു പരിധി വരെ കടിഞ്ഞാണിടാന്‍ സാധിച്ചേക്കും.
മൂന്നു വര്‍ഷം കൊണ്ട് രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ 216 ശതമാനം വര്‍ധിച്ചതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്. ഇടപാട് നടത്തുന്ന തുകയിലും 10 ശതമാനം വര്‍ധനയുണ്ടായി. 2019 മുതല്‍ 2022 വരെയുള്ള കാലയളവില്‍ ഡിജിറ്റല്‍ പേയ്മന്റിലൂടെയുള്ള യുപിഐ, ഐഎംപിഎസ്, പിപിഐ ഇടപാടുകള്‍ യഥാക്രമം 104 ശതമാനം, 39 ശതമാനം, 13 ശതമാനം വര്‍ധിച്ചു. ഇന്ത്യക്കാരില്‍ 62 ശതമാനവും ഓണ്‍ലൈന്‍ തട്ടിപ്പിന് ഒരിക്കലെങ്കിലും ഇരയായതായാണ് കണക്ക്.