വിനോദയാത്രകള്‍ക്ക് ഡബിള്‍ ആനന്ദം; ആനവണ്ടി ഡബിള്‍ ഡക്കര്‍ ഇനി മുതല്‍ കോഴിക്കോട്ടും

  • വിനോദയാത്രകള്‍ക്ക് ഡബിള്‍ ആനന്ദം; ആനവണ്ടി ഡബിള്‍ ഡക്കര്‍ ഇനി മുതല്‍ കോഴിക്കോട്ടുംവിനോദയാത്രകള്‍ക്ക് ഡബിള്‍ ആനന്ദം; ആനവണ്ടി ഡബിള്‍ ഡക്കര്‍ ഇനി മുതല്‍ കോഴിക്കോട്ടും

Update: 2023-01-25 11:00 GMT

കോഴിക്കോട്: കെഎസ്ആര്‍ടിസിയുടെ വിനോദയാത്രാ പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ നിന്നായി ഇതുവരെ 220 യാത്രകളാണ് നടത്തിയിരിക്കുന്നത്. ആനവണ്ടി വിനോദയാത്രയ്ക്ക് പ്രിയമേറിയതോടെ ഇതിന് കൂടുതല്‍ മിഴിവേകാനായി നഗരത്തില്‍ ഡബിള്‍ ഡക്കര്‍ ബസുകള്‍ ഇറക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി.

പ്ലാനറ്റേറിയം തളിക്ഷേത്രം, കുറ്റിച്ചിറ മിശ്കാല്‍ പള്ളി, കുറ്റിച്ചിറ കുളം, കോതി വരക്കല്‍ ബീച്ച് തുടങ്ങി നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലൂടെയുള്ള യാത്രയാണ് കെഎസ്ആര്‍ടിസി ഡബിള്‍ഡക്കര്‍ ബസ് വഴി നടത്താന്‍ ലക്ഷ്യമിടുന്നത്. കൂടാതെ തീരദേശത്തു കൂടിയുള്ള യാത്രയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 1ന് പദ്ധതിയുടെ ഉദ്ഘാടനം ഉണ്ടാകുമെന്ന് കോഴിക്കോട് ടൂറിസം സെല്‍ യൂനിറ്റ് കോഡിനേറ്ററായ ടി സൂരജ് അറിയിച്ചു. നിലവില്‍ യാത്രയ്ക്ക് തടസ്സമായി നില്‍ക്കുന്നത് ബീച്ച് റോഡിലുള്ള ഇലക്ട്രിക് ലൈന്‍ ആണ്. അതിനു തക്കതായ പരിഹാരം കണ്ടെത്തിയാല്‍ യാത്ര കൂടുതല്‍ സുഗമമാകും.

നഗര പ്രദക്ഷിണത്തിനായി കെഎസ്ആര്‍ടിസി ഈടാക്കാന്‍ ഉദ്ദേശിക്കുന്നത് 200 രൂപയാണ്. ഉച്ചമുതല്‍ രാത്രിവരെയാകും സര്‍വ്വീസ് നടത്തുക. തിരുവനന്തപുരം നഗരത്തില്‍ കുറെക്കാലമായി ഡബിള്‍ ഡക്കര്‍ ബസുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്. ഇവ കോഴിക്കോടും ചുവടുവയ്ക്കുന്നതോടെ കെഎസ്ആര്‍ടിസിക്ക് വലിയ തോതില്‍ ലാഭം നേടാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് എല്ലാവരും.

ജില്ലയില്‍ നിലവില്‍ താമരശ്ശേരി, തൊട്ടില്‍പ്പാലം, വടകര, തിരുവമ്പാടി, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് വിനോദ യാത്ര ആരംഭിക്കുന്നത്. മൂന്നാര്‍, വാഗമണ്‍ കുമരകം, മലക്കപ്പാറ, നെല്ലിയാമ്പതി, കണ്ണൂര്‍ വിസ്മയ പാര്‍ക്ക് പറശ്ശിനിക്കടവ്, പെരുവണ്ണാംമുഴി, കരിയാത്തുംപാറ, വയലട, വയനാട്, മലമ്പുഴ, തൃശൂര്‍ മ്യൂസിയം, എറണാകുളം, തിരുവനന്തപുരം കന്യാകുമാരി എന്നീ സ്ഥലങ്ങളിലേക്കെല്ലാം ഇവിടെ നിന്നും യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. 2022 ലാണ് ആദ്യമായി കെഎസ്ആര്‍ടിസി വിനോദയാത്ര ആരംഭിക്കുന്നത്.

രണ്ടു ബസുകളിലായി വയനാട്ടിലേക്കായിരുന്നു ആദ്യ യാത്ര. ഇത് വിജയം കണ്ടതോടെ കൂടുതല്‍ സര്‍വ്വീസുകള്‍ ഒരുക്കുകയായിരുന്നു. സ്്കൂള്‍, കോളേജ് വിനോദയാത്രകളും ഇപ്പോള്‍ കെഎസ്ആര്‍ടിസി ഏറ്റെടുത്തു കഴിഞ്ഞു. ഈ പദ്ധതി 100 ദിവസം പിന്നിട്ട സമയം 100 വനിതകള്‍ക്കായി വയനാട്ടിലേക്ക് ഒരുക്കിയ യാത്രയും ശ്രദ്ധേയമായിരുന്നു.

യാത്രകള്‍ക്കായി സൂപ്പര്‍ ഡീലക്സ്, പുഷ്ബാക്ക് എന്നീ രണ്ടുതരം ബസുകളാണ് ഉള്ളത്. അതില്‍ സൂപ്പര്‍ ഡീലക്സ് ബസുകളില്‍ 38 പേര്‍ക്ക് സഞ്ചരിക്കാന്‍ അവസരമൊരുക്കുമ്പോള്‍ ഓര്‍ഡിനറി ബസുകളില്‍ ഉള്ള സീറ്റ് കപ്പാസിറ്റി 50 ആണ്്.

ചെലവ് കുറവായതിനാലും സുരക്ഷിതത്വം കൊണ്ടും ആനവണ്ടി യാത്ര എല്ലാവരും ഏറ്റെടുത്തുകഴിഞ്ഞു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ സ്ഥലങ്ങള്‍ സുരക്ഷിതവും സൗകര്യ പ്രദവുമായി കാണാന്‍ സാധിക്കുമ്പോള്‍ ആനവണ്ടി പ്രേമികള്‍ക്കും യാത്രാ പ്രേമികള്‍ക്കും അതൊരു പുതിയ അനുഭവം തന്നെ സമ്മാനിക്കുന്നു. പദ്ധതിക്ക് ഒരു വയസു പിന്നിട്ട ഈ വേളയില്‍ കൂടുതല്‍ പുതുമയും കൂടുതല്‍ യാത്രകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് കെഎസ്ആര്‍ടിസി.

Tags:    

Similar News