ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഫെബ്രുവരിയില്‍, വമ്പന്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കാനൊരുങ്ങി കേരളം

Update: 2024-12-18 10:40 GMT

2025 ഫെബ്രുവരി 21, 22 തീയതികളില്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് 2025 നിക്ഷേപക സംഗമം നടത്തുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. കൊച്ചിയില്‍ ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി. സമ്മിറ്റിനു മുന്നോടിയായി വിവിധ വകുപ്പുകളുടെ ഇന്‍വെസ്റ്റ്മെന്റ് പ്രപ്പോസലുകള്‍ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ അവതരിപ്പിക്കുന്നതിനും വന്‍കിട (50 കോടിയില്‍ കൂടുതല്‍ നിക്ഷേപമുള്ള) സംരംഭങ്ങള്‍ക്കുള്ള അനുമതികള്‍ സമയബന്ധിതമായി നല്‍കുന്നതിന് നടപടികള്‍ ഏകോപിപ്പിക്കാനും രൂപീകരിച്ച ചീഫ് സെക്രട്ടറി ചെയര്‍മാനായ ഹൈപ്പവര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താനും ഇന്ന് ചേർന്ന മന്ത്രിസഭയോഗം തീരുമാനിച്ചു.

2023ലെ വ്യവസായ നയത്തിനനുസൃതമായി കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ഏകോപിപ്പിക്കുകയുമാണ് നിക്ഷേപക സംഗമത്തിന്റെ ലക്ഷ്യം. നിക്ഷേപക സംഗമം കേരളത്തിൻ്റെ വ്യവസായിക രംഗത്ത് വിപ്ലവകരമായ വിധത്തിൽ നിക്ഷേപങ്ങൾ ആകർഷിക്കും. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതുള്ള കേരളം പല ലോകോത്തര കമ്പനികളുടെയും നിക്ഷേപകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നിക്ഷേപക സംഗമം കടന്നുവരുന്നത് എന്നത് അനുകൂലഘടകമാണ്. സമീപകാലങ്ങളിലായി നൂതന സാങ്കേതികവിദ്യകളിൽ അധിഷ്ഠിതമായ വ്യവസായ മേഖലകളിൽ കേരളത്തിലേക്ക് കടന്നുവരുന്ന വലിയ നിക്ഷേപങ്ങളും കേരളം ആഗോള കമ്പനികളുടെ ലക്ഷ്യസ്ഥാനമായി മാറിക്കൊണ്ടിരിക്കുകയാണ്.

 ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി രാജ്യത്തെ ആദ്യ ഇൻ്റർനാഷണൽ ജെൻ എ ഐ കോൺക്ലേവ്, കേരളത്തിലെ ആദ്യ ഇൻ്റർനാഷണൽ റോബോട്ടിക്സ് റൗണ്ട് ടേബിൾ കോൺക്ലേവ്, മാരിടൈം ആൻ്റ് ലോജിസ്റ്റിക്സ് റൗണ്ട് ടേബിൾ, ഫുഡ് ടെക് കോൺക്ലേവ്, ഇൻ്റർനാഷണൽ ബയോടെക്നോളജി ആൻ്റ് ലൈഫ് സയൻസ് കോൺക്ലേവ്, വേസ്റ്റ് മാനേജ്മെന്റ് ആന്റ് റീസൈക്ലിങ്ങ് കോൺക്ലേവ് എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. കേരളം ഇന്നേവരെ കാണാത്ത ചരിത്രസംഭവമായി ഈ ആഗോള നിക്ഷേപക സംഗമം മാറും.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുൻപായി കഴിഞ്ഞ രണ്ട് വർഷത്തിനിടെ മീറ്റ് ദി മിനിസ്റ്റർ പ്രോഗ്രാമിലൂടെ മാത്രം കേരളത്തിലെത്തിയത് 15,000 കോടിയിലധികം രൂപയുടെ നിക്ഷേപമാണ്. ഐബിഎം, സിസ്ട്രോം, സഫ്രാൻ, സ്ട്രാഡ ഗ്ലോബൽ, ഡി-സ്പേസ്, ആസ്കോ ഗ്ലോബൽ തുടങ്ങിയ കമ്പനികൾ ഇങ്ങനെ കേരളത്തിൽ ആരംഭിച്ചവയാണ്.

Tags:    

Similar News