വികസനത്തിന്റെ ചൂളംവിളിയുമായി കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി

  • 2,608 കോടി രൂപയുടെ പദ്ധതിയില്‍ ഇതിനകം ചെലവിട്ടത് 1,238 കോടി

Update: 2023-02-09 06:45 GMT

കൊച്ചി-ബെംഗളൂരു വ്യവസായ ഇടനാഴി പദ്ധതിക്ക് 2,608 കോടി രൂപയുടെ സമഗ്ര ഭരണാനുമതി ലഭിച്ചത് കേരളത്തിന്റെ വ്യവസായ മേഖലയ്ക്ക് പുത്തനുണര്‍വ്വ് നല്‍കും. പദ്ധതിക്കാവശ്യമായ 2,185 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി അനുവദിച്ച വായ്പയുടെ തിരിച്ചടവിന് ഈ തുക ചെലവഴിക്കുമെന്ന് വ്യവസായ വകുപ്പ് പറയുന്നു. ഇതില്‍ 850 കോടി ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗിഫ്റ്റ് സിറ്റിയുടെ ഭൂമി ഏറ്റെടുക്കുന്നതിനാവശ്യമായ തുകയാണ്. കിന്‍ഫ്രയാണ് നോഡല്‍ ഏജന്‍സി.

10,000 കോടിയുടെ നിക്ഷേപം

പദ്ധതി സംസ്ഥാനത്ത് 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരുമെന്നാണ് കണക്കാക്കുന്നത്. പദ്ധതിക്കായുള്ള 82 ശതമാനം സ്ഥലവും ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. പാലക്കാട്, കൊച്ചി വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയാണ് ലക്ഷ്യം.

പുതിയ വ്യവസായങ്ങള്‍, ഗിഫ്റ്റ് സിറ്റി

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഭക്ഷ്യ സംസ്‌കരണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, പ്രതിരോധം, എയ്റോസ്പേസ് തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങള്‍ പാലക്കാട് ഉയരും. രാജ്യത്തെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയും ഇടനാഴിയുടെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. ഗിഫ്റ്റ് സിറ്റിക്കായി എറണാകുളം അയ്യമ്പുഴയിലാണ് ഭൂമി ഏറ്റെടുക്കുന്നത്. 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇടനാഴിയുടെ ഭാഗമായി സംരംഭങ്ങള്‍ തുടങ്ങാനും നടപടി ആരംഭിച്ചിട്ടുണ്ട്. വ്യവസായങ്ങള്‍ക്ക് ഏകജാലക സംവിധാനത്തിലൂടെ അനുമതി നല്‍കും. നടപടിക്രമങ്ങളും ലഘൂകരിക്കും. പരിസ്ഥിതിക്ക് അനുയോജ്യമായ വ്യവസായങ്ങളാണ് വരുക.

ഗ്ലോബല്‍ ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് ആന്റ് ട്രേഡ് (ഗിഫ്റ്റ്) സിറ്റിയില്‍ ബാങ്കിംഗ്്, മാര്‍ക്കറ്റ്, ഇന്‍ഷുറന്‍സ്, ഐടി/ഐടിഇഎസ്, ബിസിനസ്, അക്കൗണ്ടിംഗ്, ആര്‍ ആന്‍ഡ് ഡി, വിനോദം എന്നീ മേഖലകള്‍ക്കായിരിക്കും പ്രാധാന്യം നല്‍കുക.

ജ്വല്ലറി, പ്ലാസ്റ്റിക്, ഇ-മാലിന്യങ്ങള്‍, മറ്റ് ഖര-മാലിന്യങ്ങളുടെ പുനരുപയോഗം, ലൈറ്റ് എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ്, എണ്ണവാതക ഇന്ധനങ്ങള്‍, ഐടി, ലോജിസ്റ്റിക്, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളില്‍ ക്ലസ്റ്ററുകള്‍ വികസിപ്പിക്കാനാണ് വ്യവസായ ഇടനാഴി പദ്ധതി വഴി ലക്ഷ്യമിടുന്നത്.

10,000 പേര്‍ക്ക് തൊഴില്‍

ഇടനാഴി യാഥാര്‍ഥ്യമാകുമ്പോള്‍ പതിനായിരം പേര്‍ക്കെങ്കിലും നേരിട്ട് തൊഴില്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ഗിഫ്റ്റ് സിറ്റി വഴി സൃഷ്ടിക്കും. 2,608 കോടി രൂപയുടെ പദ്ധതിയില്‍ 1,238 കോടി രൂപ ഇതിനകം ചെലവഴിച്ചു കഴിഞ്ഞു. 2030നകം പദ്ധതി പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

ഗിഫ്റ്റ് സിറ്റി വരുന്ന എറണാകുളം ജില്ലയിലെ അയ്യമ്പുഴയ്ക്കു പുറമെ പാലക്കാട് ജില്ലയിലെ കണ്ണമ്പ്ര, പുതുശ്ശേരി-1, പുതുശ്ശേരി-2, പുതുശ്ശേരി-3 വില്ലേജുകളിലായാണ് വ്യവസായ സംരംഭങ്ങള്‍ വരുക. അയ്യമ്പുഴയില്‍ 543 ഏക്കര്‍ ഭൂമിയും പാലക്കാട് കണ്ണമ്പ്രയില്‍ 312 ഏക്കറും പുതുശ്ശേരി-1ല്‍ 653 ഏക്കറും 2ല്‍ 558 ഏക്കറും 3ല്‍ 375 ഏക്കറും ചേര്‍ന്ന് നാല് സ്ഥലങ്ങളിലായി 1898 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.

കെഐസിഡിസി

ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂരിലേക്കും കൊച്ചിയിലേക്കും ദീര്‍ഘിപ്പിക്കാനായി കേന്ദ്ര വാണിജ്യ മന്ത്രാലയം അംഗീകാരം നല്‍കുകയും തുടര്‍ന്ന് കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍(കെഐസിഡിസി) എന്ന പ്രത്യേക കമ്പനി രൂപീകരിക്കുകയും ചെയ്തു. കിഫ്ബി വഴിയാണ് പദ്ധതിയുടെ ധനസമാഹരണം നടത്തുന്നത്.

Tags:    

Similar News