ഐഎയ്റോ സ്‌കൈ കേരളത്തിന്റെ ആദ്യ എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പ്
- ഇന്‍-സ്പേസ് സഹകരണത്തോടെയാണ് സ്റ്റാര്‍ട്ടപ്പിന്റെ പ്രവര്‍ത്തനങ്ങള്‍
യുവ എഞ്ചിനീയര്‍മാരുടെ കൂട്ടായ്മയില്‍ കേരളത്തില്‍ ആദ്യ എയ്റോസ്പേസ് സ്റ്റാര്‍ട്ടപ്പായ ഐഎയ്റോ സ്‌കൈ. 2026 ഓടെ കുറഞ്ഞ ചെലവില്‍ വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളും റോക്കറ്റുകളും വിക്ഷേപിച്ച് ആശയവിനിമയ സങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനിയാണ് ഐഎയ്‌റോ സ്‌കൈ. കൊച്ചിയിലാണ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
റോബോട്ടിക്സ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഐഹബ്ബ് റോബോട്ടിക്സിന്റെ അനുബന്ധ സ്ഥാപനമായ ഐ എയ്‌റോ സ്‌കൈ ഇതിനോടകം ഒരു കമ്യൂണിക്കേഷന്‍ സാറ്റലൈറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായ നമ്പിനാരായണന്റെ പേരില്‍ എയ്റോ സ്പേസ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത നമ്പി സാറ്റ് 1 ന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമായിരുന്നു.
ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രമോഷന്‍ ആന്‍ഡ് അതോറൈസേഷന്‍ സെന്ററിന്റെ (ഇന്‍-സ്പേസ്) സഹകരണത്തോടെയാണ്. ഐഎസ്ആര്‍ഒയുടെ റോക്കറ്റില്‍ വിക്ഷേപിക്കാനായി ഈ സാറ്റലൈറ്റും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരിസ്ഥിതി, കൃഷി, പ്രകൃതി ദുരന്തങ്ങള്‍, എന്നീ മേഖലകള്‍ക്കാവശ്യമായ കൃത്യതയുള്ള ഡാറ്റ ലഭ്യമാക്കുകയാണ് നമ്പി സാറ്റ് 1ന്റെ ദൗത്യം. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് മുന്‍പ് ശേഖരിച്ച ഡാറ്റയും പുതിയ ഡാറ്റയും താരതമ്യം ചെയ്താണ് നമ്പി സാറ്റ് പുതിയ ഡാറ്റ സൃഷ്ടിക്കുന്നത്.
കേരളം വിജ്ഞാനാധിഷ്ഠിതമായ മേഖലകളില്‍ നൂതനവ്യവസായങ്ങളെ ആകര്‍ഷിക്കുക എന്ന പ്രഖ്യാപിത നയത്തില്‍ മികച്ച മുന്നേറ്റമാണ് നടപ്പിലാക്കുന്നത്. സമ്പദ് വ്യവസ്ഥയിലേക്ക് മുതല്‍ക്കൂട്ടാകുന്ന മികച്ച സ്റ്റാര്‍ട്ടപ്പുകളും വലിയ വ്യവസായങ്ങളും കേരളത്തിലേക്ക് വരുന്നുണ്ട്. ഇത്തരം വ്യവസായങ്ങള്‍ക്കായി കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയും പുതിയ വ്യവസായ നയം കൊണ്ടുവന്നും മികച്ച പ്രോത്സാഹനം നല്‍കാനും സര്‍ക്കാര്‍ തയ്യാറാകുന്നുണ്ട്. രാജ്യത്തിന്റെ എയ്‌റോസ്‌പേസ്-റോബോട്ടിക്‌സ് ഹബ്ബാകാന്‍ നമുക്ക് സാധിക്കുമെന്ന് തന്നെയാണ് ഇപ്പോള്‍ ആരംഭിക്കുന്ന സ്റ്റാര്‍ട്ടപ്പുകളും കടന്നുവരുന്ന നിക്ഷേപങ്ങളും സൂചിപ്പിക്കുന്നതെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.