ഐഎഎസ് ചേരിപ്പോര്: ജിഎസ്ടി ഓഫിസ് പ്രവര്‍ത്തനം സ്തംഭിച്ചു; ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടപ്പായില്ല
ജിഎസ്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പുനര്‍വിന്യാസം നടപ്പായില്ല. ജിഎസ്ടി വകുപ്പ് പുനഃസംഘടന ജനുവരി 10നകം പൂര്‍ത്തീകരിച്ച് പുതിയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് നടപ്പാകാത്തതോടെ ഓഫിസ് പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.
സര്‍ക്കാര്‍ ഉത്തരവു പ്രകാരം ജനുവരി 10 മുതല്‍ പഴയ സംവിധാനത്തില്‍ ജിഎസ്ടി ഓഫിസുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. 14 ജില്ലകളിലെയും ഓഫിസുകളും അവയില്‍ നിയമിക്കേണ്ട ഉദ്യോഗസ്ഥരും ആരെല്ലാമെന്നതു സംബന്ധിച്ച് ഇറക്കേണ്ട നിയമപരമായ വിജ്ഞാപനങ്ങളും ഓഫിസുകളുടെ പുനര്‍നാമകരണവും പൂര്‍ത്തീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടപ്പായിട്ടില്ല.
ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റ, സ്ഥലംമാറ്റ ഉത്തരവുകള്‍ ഭരണാനുകൂല സംഘടനയിലെ ചേരിപ്പോര് മൂലം നടപ്പാകാത്തതാണ് കാരണം. ഡെപ്യൂട്ടി കമ്മീഷണര്‍ മുതല്‍ അഡീഷണല്‍ കമ്മീഷണര്‍ വരെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ ഉത്തരവുകള്‍ സര്‍ക്കാര്‍ നേരിട്ടാണ് നടത്തുന്നതെങ്കിലും ഇതിലേക്കുള്ള ശുപാര്‍ശ നികുതി വകുപ്പ് കമ്മിഷണര്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു ശുപാര്‍ശ സമര്‍പ്പിക്കാന്‍ നികുതി വകുപ്പ് കമ്മിഷണര്‍ക്ക് ഭരണാനുകൂല സംഘടനയിലെ ചേരിപ്പോര് മൂലം സാധിച്ചിട്ടില്ല.
ഉയര്‍ന്ന തസ്തികകളിലെ നിയമനം നടന്നാലേ താഴെക്കിടയിലുള്ള ജീവനക്കാരുടെ നിയമനം പൂര്‍ത്തീകരിക്കാനാവൂ. ഇത് സംസ്ഥാനത്തെ എല്ലാ ജിഎസ്ടി ഓഫിസുകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുകയാണ്. പുതിയ ഉത്തരവ് നടപ്പാകുതുവരെ ജിഎസ്ടി ഓഫിസ് വഴിയുള്ള ജോലികളോ സേവനമോ ചെയ്യാന്‍ നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്കാവില്ല.
അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സംസ്ഥാനത്തെ ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ജനുവരി 10ന് മുമ്പ് പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ നികുതി വകുപ്പ് കമ്മിഷണറെ ചുമതലപ്പെടുത്തി ഉത്തരവിറക്കിയതോടെ 14 ജില്ലകളിലെയും ഓഫിസുകളുടെയും ജീവനക്കാരുടെയും പുനര്‍വ്യന്യാസം നടത്താനുള്ള തടസം നീങ്ങിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ തന്നെ ജിഎസ്ടി വകുപ്പ് പുനഃസംഘടന നടപ്പിലാക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുെങ്കിലും നടന്നിരുന്നില്ല. വകുപ്പിലെ ചില ജോയിന്റ് കമ്മിഷണര്‍മാര്‍ ചേര്‍ന്ന് നടത്തിയ ചരടുവലി ഐഎഎസ്, ഐആര്‍എസ് ചേരിപ്പോരില്‍ വരെ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്രി അടിയന്തരമായി ഓഗസ്റ്റ് രണ്ടിലെ സര്‍ക്കാര്‍ ഉത്തരവിനും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായി വകുപ്പ് പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചത്.
140 ഓഡിറ്റ് സംഘങ്ങള്‍ കമ്മിഷന്‍ ചെയ്യുതോടെ സംസ്ഥാനത്തെ നികുതി പിരിവ് ഊര്‍ജിതമാകുമെന്നാണ് കരുതുന്നത്. ജിഎസ്ടി വകുപ്പ് പുനഃസംഘടന നീണ്ടുപോയതു മൂലം സംസ്ഥാനത്തിന്റെ നികുതി വരുമാന വര്‍ധനവില്‍ വന്‍ ഇടിവാണുണ്ടായത്. പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നേടുന്നതിനും വലിയ കച്ചവട സ്ഥാപനങ്ങളുടെ കണക്കുകള്‍ പരിശോധിച്ച് നികുതി നിര്‍ണയം നടത്തേണ്ട പുതിയ ചുമതല ഒഴിവാക്കിക്കിട്ടുന്നതിനും വേണ്ടിയാണ് ഉദ്യോഗസ്ഥര്‍ പുനഃസംഘടന വൈകിക്കാന്‍ ശ്രമിച്ചത്.
പ്രമോഷന്‍ തസ്തികകളുടെ എണ്ണം 10 ആയി ഉയര്‍ത്തണമെന്നാണ് ഒരു വിഭാഗം ജോയിന്റ് കമ്മിഷണര്‍മാര്‍ ആവശ്യപ്പെട്ടിരുന്നത്. പ്രമോഷന്‍ തസ്തികകളായ അഡീഷനല്‍ കമ്മിഷണര്‍മാര്‍ മൂന്നെണ്ണം മതിയെന്നാണ് പുനഃസംഘടനാ ചുമതലയുണ്ടായിരുന്ന റെന്‍ എബ്രഹാം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, പുനര്‍വിന്യാസവുമായി ബന്ധപ്പെട്ട ഫയലില്‍ മൂന്നുമാസം കഴിഞ്ഞിട്ടും തീരുമാനമായിരുന്നില്ല.
ഈ റിപ്പോര്‍ട്ടിന്മേല്‍ പഠനം നടത്തണമെന്നും ജി.എസ്.ടി സ്പെഷ്യല്‍ കമ്മിഷണര്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥതല തര്‍ക്കത്തില്‍ ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിലപാട് കടുപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി വേഗത്തിലാക്കിയത്. ജില്ലകളിലെ തസ്തികകള്‍ തീരുമാനിച്ച ശേഷമാണ് നികുതി സെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്. ജില്ലകളിലെ ഉദ്യോഗസ്ഥരുടെയും ഓഫിസുകളുടെയും കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം ജനുവരി 10 മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരേണ്ടതായിരുന്നു.