ഇ-വാഹനങ്ങള്‍ക്ക് പ്രിയമേറി; കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ 455 ശതമാനം വര്‍ധന

  • പെട്രോള്‍-ഡീസല്‍ വില വര്‍ധനയാണ് കൂടുതല്‍ പേരെയും ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത്

Update: 2023-02-09 06:15 GMT

സംസ്ഥാനത്ത് ഇ-വാഹനങ്ങളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 455 ശതമാനം വര്‍ധന. 2021ല്‍ 8,701 പേരാണ് ഇ-വാഹനങ്ങള്‍ ഉപയോഗിച്ചത്. 2022ല്‍ ഇത് 39,540 ആയി ഉയര്‍ന്നു. 2020ല്‍ 1,325 ഇ-വാഹനങ്ങല്‍ മാത്രമാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളു.

പെട്രോള്‍-ഡീസല്‍ വില വര്‍ധനയാണ് കൂടുതല്‍ പേരെയും ഇലക്ട്രിക് വാഹനങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത്. ആഗോളതാപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തില്‍ പൊതുഗതാഗത സംവിധാനം ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഇതിനു കാരണമായി.

1.64 കോടി വാഹനങ്ങളുള്ള കേരളത്തില്‍ 1.48 ശതമാനം വാഹനങ്ങളാണ് നിലവില്‍ പാരമ്പര്യേതര ഊര്‍ജം ഉപയോഗിച്ച് ഓടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ആകെയുള്ള 28 കോടി വാഹനങ്ങളില്‍ 13.3 ലക്ഷം മാത്രമേ വൈദ്യുതി ഉപയോഗിച്ച് ഓടുന്നുള്ളൂ.

മോഹിപ്പിച്ച് സബ്സിഡി

ഇലക്ട്രിക് ഓട്ടോകള്‍ വാങ്ങാന്‍ 30,000 രൂപയാണ് സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നത്. ഇതിനു പുറമേ ഡീസല്‍ ഓട്ടോകള്‍ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനം ആക്കി മാറ്റാന്‍ 15,000 രൂപ വേറെയും സബ്സിഡി അനുവദിക്കുന്നുണ്ട്.

ചാര്‍ജിംഗ് സ്റ്റേഷനുകള്‍

ചാര്‍ജിംഗ് സ്റ്റേഷനുകള്‍ വേണ്ടത്ര ഇല്ലാത്തതാണ് ഇ-വാഹനങ്ങള്‍ ഓടിക്കുന്നവരെ വലയ്ക്കുന്ന ഘടകം. ഇതു പരിഹരിക്കാന്‍ സംസ്ഥാനത്താകെ വൈദ്യുതി പോസ്റ്റുകളില്‍ ചാര്‍ജിംഗ് സംവിധാനം ഒരുക്കാനുള്ള പ്രയത്നത്തിലാണ് കെഎസ്ഇബി. ഇത്തരത്തില്‍ 1500 ഓളം ചാര്‍ജിംഗ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുടനീളം സ്ഥാപിക്കുക.

വില കൂടുതലാണെന്നതും ഒറ്റത്തവണ ചാര്‍ജില്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാവില്ലെന്നതും ആളുകളെ ഇ-വാഹനങ്ങള്‍ വാങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥയുണ്ട്. ബാറ്ററി സ്വാപ്പിംഗ് പോലുള്ള നടപടികളിലൂടെ ഇക്കാര്യങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

എയര്‍പോര്‍ട്ട് മുതല്‍ ബോട്ടു വരെ സൗരോര്‍ജം

പൂര്‍ണമായും സൗരോര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ വിമാനത്താവളം കൊച്ചിയിലാണ്. കൊച്ചിന്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന് ആവശ്യമുള്ള വൈദ്യുതിയുടെ 55 ശതമാനവും സോളാര്‍ പ്ലാന്റില്‍ നിന്നാണ് സ്വീകരിക്കുന്നത്. സൗരോര്‍ജം കൊണ്ട് ഓടുന്ന എസി ബോട്ടുകളാണ് കൊച്ചിന്‍ വാട്ടര്‍ മെട്രോയുടെ പ്രത്യേകത.

70 ഇലക്ട്രിക് കാറുകള്‍ മോട്ടോര്‍ വെഹിക്കിള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. കൂടുതല്‍ ഇ-ബസുകള്‍ നിരത്തില്‍ ഇറക്കാനുള്ള നടപടികളിലാണ് കെഎസ്ആര്‍ടിസി. 40ഓളം ബസുകള്‍ പുറത്തിറക്കിയ മോട്ടോര്‍ വാഹന വകുപ്പ് ഉടന്‍തന്നെ 400 ഇ-ബസുകള്‍ റോഡിലിറക്കാനുള്ള തയാറെടുപ്പിലാണ്. ഹൈഡ്രജന്‍ ഇന്ധനം വാങ്ങിക്കാനും അതുപയോഗിച്ച് ബസുകള്‍ ഓടിക്കാനുമായി 10 കോടി രൂപയാണ് കെഎംആര്‍എല്ലിനായി വകയിരുത്തിയത്.

ഗവേഷണത്തിന് പ്രോത്സാഹനം

സംസ്ഥാന വ്യവസായ വകുപ്പ് പാരമ്പര്യേതര ഊര്‍ജം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ മേഖലയില്‍ ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇ-മൊബിലിറ്റി നയം ആദ്യമായി നടപ്പാക്കിയ കേരളം ആ രംഗത്ത് നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 13.3 ലക്ഷം ഇ-വാഹനങ്ങള്‍

ഇ-വാഹന്‍ പോര്‍ട്ടല്‍ പറയുന്നത് രാജ്യത്ത് 13,34,385 ഇ-വാഹനങ്ങളുണ്ടെന്നാണ്. ഇലക്ട്രിക് അല്ലാത്ത 27.8 കോടി വാഹനങ്ങളും രാജ്യത്തുണ്ട്. 2019ല്‍ 10,000 കോടി രൂപയാണ് സര്‍ക്കാര്‍ ഇ-വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനായി നീക്കിവച്ചിരുന്നത്. 2021ല്‍ 25,938 കോടി ഇതിനായി അനുവദിച്ചു.

വിദേശ കമ്പനികള്‍ക്ക് സ്വാഗതം

ഇലക്ട്രിക് വാഹന നിര്‍മാതാക്കള്‍ക്ക് കേരളത്തില്‍ സംരംഭം തുടങ്ങാന്‍ സ്ഥലം, കെട്ടിടം എന്നിവ അന്വേഷിച്ച് പ്രയാസപ്പെടേണ്ടിവരില്ല. കെഎസ്ആര്‍ടിസിയുടെ സ്ഥലവും കെട്ടിടങ്ങളും വര്‍ക്ക്ഷോപ്പും ഇതിനായി അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

Tags:    

Similar News