ഡിഎന്‍എ പാരീസ് ഡിസൈന്‍ അവാര്‍ഡ് കേരളത്തിലേക്ക്
- കേരളത്തില്‍ നിന്നുള്ള സംരംഭമായ എക്ട്രാവീവാണ് സമ്മാനാര്‍ഹമായത്
ലോകത്തിലെ പ്രധാനപ്പെട്ട ഡിസൈന്‍ പുരസ്‌കാരങ്ങളിലൊന്നായ ഡിഎന്‍എ പാരീസ് ഡിസൈന്‍ അവാര്‍ഡ് കേരളത്തിലേക്ക്. കേരളത്തില്‍ നിന്നുള്ള സംരംഭമായ എക്ട്രാവീവാണ് ഡിഎന്‍എ പാരീസ് ഡിസൈന്‍ അവാര്‍ഡ്‌സ് 2023ല്‍ എക്കോ-ഡിസൈന്‍ കാറ്റഗറിയില്‍ പുരസ്‌കാരത്തിന് അര്‍ഹത നേടിയിരിക്കുന്നത്.
'കേരളത്തിന്റെ പ്രകൃതിരമണീയതയും സാംസ്‌കാരികത്തനിമയും ഒത്തിണക്കി ഡിസൈനര്‍ ജാമിയ ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം നിര്‍മ്മിച്ച 'വള്ളംകളി റഗ്' നമ്മുടെ ടെക്‌സ്‌റ്റൈല്‍ ഡിസൈനുകള്‍ ലോകോത്തര വേദികളില്‍ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടുന്നു എന്നതിന് ഉദാഹരണമാണ്. ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം പുരസ്‌കാരം ലഭിച്ച ഏക ടീം കൂടിയാണ് ആലപ്പുഴയില്‍ നിന്നുള്ള സംരംഭമായ എക്‌സ്ട്രാവീവ്,' മന്ത്രി പി രാജീവ് പറഞ്ഞു.
ലോകോത്തര ഫാഷന്‍ ഇവന്റുകളിലൊന്നായ മെറ്റ്ഗാലയിലേക്ക് കാര്‍പ്പറ്റ് നിര്‍മ്മിച്ചു നല്‍കി ലോകത്തിന് മുന്നില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിയ സംരംഭമാണ് എക്‌സ്ട്രാവീവ്. വൂള്‍ കാര്‍പ്പറ്റുകളില്‍ നിന്ന് ലോകം സൈസില്‍ ഫാബ്രിക്‌സിലേക്ക് മാറിക്കൊണ്ടിരിക്കെ ഇത്തരം കാര്‍പ്പറ്റുകള്‍ക്ക് ലോകം കേരളത്തിലേക്ക് വരുന്നു എന്നത് അഭിമാനകരമായ കാര്യമാണ്. മികച്ച ഗുണമേന്മയുള്ള മനോഹരമായ ടെക്‌സ്‌റ്റൈല്‍ മാതൃകകള്‍ കൂടുതലായി ഉണ്ടാകുന്നതിന് ഈ പുരസ്‌കാരം പ്രോത്സാഹനമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിന്റെ ടെക്‌സ്‌റ്റൈല്‍ പെരുമ ലോകമാകെ രേഖപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഡിസൈനര്‍മാരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.