വില്പന 100 കോടിക്ക് മുകളിലായാല്‍ ഒരാഴ്ചക്കുള്ളിൽ ഇ-ഇന്‍വോയ്‌സ് നിർബന്ധം
- പുതിയ നിബന്ധന മേയ് 1 മുതല്‍ പ്രാബല്യത്തിലാകും
- 7 ദിവസത്തിനു മുകളില്‍ പഴക്കമുള്ള ഇന്‍വോയ്‌സുകളെ തടയും
- ഭാവിയില്‍ മറ്റ് ബിസിനസുകള്‍ക്കും ബാധകമായേക്കും
100 കോടിക്ക് മുകളില്‍ ടേണ്‍ഓവറുള്ള ബിസിനസുകള്‍ അവരുടെ ഇലക്‌ട്രോണിക് ഇന്‍വോയ്‌സുകള്‍ അത്തരം ഇന്‍വോയ്‌സുകള്‍ ഇഷ്യൂ ചെയ്യപ്പെട്ട് 7 ദിവസത്തിനുള്ളില്‍ അപ്‌ലോഡ് ചെയ്യണമെന്ന് ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ നിബന്ധന. മേയ് 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരികയെന്നും ജിഎസ്ടിഎന്‍ വ്യക്തമാക്കുന്നു.
ഇപ്പോള്‍ ഇന്‍വോയ്‌സുകള്‍ ഇഷ്യൂ ചെയ്യപ്പെട്ട് തീയതി പരിഗണിക്കാതെയാണ് ബിസിനസുകള്‍ ഇന്‍വോയ്‌സ് രജിസ്‌ട്രേഷന്‍ പോര്‍ട്ടലില്‍ (ഐആര്‍പി) ഇ-ഇന്‍വോയ്‌സുകള്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നത്.
ഈ വിഭാഗത്തിലെ കമ്പനികള്‍ക്ക് ഇനി 7 ദിവസത്തിനു മുകളില്‍ പഴക്കമുള്ള ഇന്‍വോയ്‌സുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ജിഎസ്ടിഎന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഉദാഹരണമായി, ഒരു ഇന്‍വോയ്സിലെ തീയതി 2023 ഏപ്രില്‍ 1 ആണെങ്കില്‍, അത് 2023 ഏപ്രില്‍ 8-ന് ശേഷം റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയില്ലെന്ന് ജിഎസ്ടിഎന്‍ വിശദീകരിക്കുന്നു. ഐആര്‍പിയിലെ വാലിഡേഷന്‍ സംവിധാനം ഓട്ടോമാറ്റിക്കായി 7 ദിവസത്തിനു മുകളില്‍ പഴക്കമുള്ള ഇന്‍വോയ്‌സുകള്‍ തടയും. ഈ നിയന്ത്രണം ഇന്‍വോയ്‌സുകള്‍ക്ക് മാത്രമാണ് ബാധകമെന്നും ഡെബിറ്റ്/ക്രെഡിറ്റ് നോട്ടുകള്‍ക്ക് ഇത് ബാധകമല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ നിബന്ധന പാലിക്കുന്നതിന് ബിസിനസുകള്‍ക്ക് മതിയായ സമയം ലഭിക്കുന്നതിനായാണ് മേയ് 1 വരെ സമയം അനുവദിച്ചിട്ടുള്ളത്. ജിഎസ്ടി നിയമപ്രകാരം ഐആര്‍പിയില്‍ ഇന്‍വോയ്‌സ് അപ്‌ലോഡ് ചെയ്തില്ലെങ്കില്‍ ബിസിനസുകള്‍ക്ക് ഇന്‍പുട് ടാക്‌സ് ക്രെഡിറ്റ് ലഭിക്കില്ല. വന്‍കിട ബിസിനസുകളുടെ കാര്യത്തില്‍ വിജയകരമായി നടപ്പാക്കിയ ശേഷം പുതിയ നിബന്ധന എല്ലാ ബിസിനസുകളിലേക്കും വ്യാപിപ്പിക്കാന്‍ ജിഎസ്ടിഎന്‍ തയാറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ 10 കോടിയോ അതിനു മുകളിലോ ടേണ്‍ഓവറുള്ള കമ്പനികളാണ് തങ്ങളുടെ എല്ലാ ബിസിനസ് ടു ബിസിനസ് ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയ്‌സുകള്‍ ജനറേറ്റ് ചെയ്യേണ്ടത്.