ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ: കോഴിക്കോട്ടു നിന്നുള്ള യാത്രാദൂരം ഒന്നര മണിക്കൂര്‍ കുറയും
- അതിവേഗപാത ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കും. അതായത് ഒന്നര മണിക്കൂര്‍ സമയത്തില്‍ ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെത്താം
പുതിയ ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് പാത വന്നതോടെ ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്, കണ്ണൂര്‍, വയനാട്, ജില്ലകളിലേക്കുള്ള യാത്രാസമയം ഒന്നര മണിക്കൂര്‍ വരെ കുറയും. നിലവില്‍ കോഴിക്കോട്ടുനിന്ന് മൈസൂരുവിലേക്കുള്ള 242 കിലോ മീറ്റര്‍ ബസ് യാത്രയ്ക്ക് ആറു മണിക്കൂര്‍ വേണം. ബെംഗളൂരുവിലേക്കാണെങ്കില്‍ 11 മണിക്കൂറോളം സമയമെടുക്കും.
ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള മലയാളി യാത്രികര്‍ക്ക് അതിവേഗപാത ഏറെ ഗുണകരമാണ്. അതിവേഗപാതയിലൂടെ ബെംഗളൂരുവില്‍നിന്ന് വളരെ വേഗത്തില്‍ മൈസൂരു വരെ എത്താന്‍ സാധിക്കുമെന്നതിനാലാണിത്. ബിസിനസ് ആവശ്യാര്‍ത്ഥവും പഠനത്തിനും വിനോദയാത്രയ്ക്കുമായി കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്നവര്‍ നിരവധിയാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്ന റൂട്ടുകളിലൊന്നാണ് ബെംഗളൂരു-മൈസൂരു പാത.
യാത്രാസമയം മൂന്നിലൊന്നായി കുറയും
നിലവില്‍ ബെംഗളൂരു-മൈസൂരു റോഡ് യാത്രാ സമയം മൂന്നു മുതല്‍ മൂന്നര മണിക്കൂര്‍ വരെയെടുക്കും. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ബെംഗളൂരു-മൈസൂരു പത്തുവരി അതിവേഗപാത ബെംഗളൂരുവില്‍ നിന്ന് മൈസൂരുവിലേക്കുള്ള യാത്രാസമയം മൂന്നിലൊന്നായി കുറയ്ക്കും. അതായത് ഒന്നര മണിക്കൂര്‍ സമയത്തില്‍ ബെംഗളൂരുവില്‍ നിന്നും മൈസൂരുവിലെത്താം.
ചെലവ് 8,480 കോടി രൂപ
119 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിയന്ത്രിത പ്രവേശനം അനുവദിച്ചിട്ടുള്ള ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയുടെ ആകെ ചെലവ് 8,480 കോടി രൂപയാണ്. കേരളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കും ഇത് വലിയ ആശ്വാസമാകും. ടോള്‍ നല്‍കേണ്ടിവരുമെങ്കിലും ഇന്ധനച്ചെലവ് ഗണ്യമായി കുറയുമെന്നതിനാല്‍ ഉത്തര കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാണ് പാത.
10 വരി പാത
ദേശീയ പാത 275ല്‍ ബെംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ നിര്‍മിച്ച ഈ എക്‌സ്പ്രസ് വേ ആറുവരിപ്പാതയുടെ രണ്ട് വശങ്ങളിലെയും രണ്ട് വീതം സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെയാണ് പത്ത് വരി പാതയായിരിക്കുന്നത്. ബൈക്ക് ഉള്‍പ്പെടെയുള്ള ഇരുചക്ര വാഹനങ്ങള്‍, ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങള്‍ക്ക് എക്‌സ്പ്രസ് വേയില്‍ പ്രവേശനം ഉണ്ടായിരിക്കില്ല. ഇവയ്ക്ക് സര്‍വീസ് റോഡ് ഉപയോഗിക്കാം.
ഗ്രീന്‍ഫീല്‍ഡ് പാത
പ്രധാന നഗരങ്ങളെയും ജനസാന്ദ്ര മേഖലകളെയും ഒഴിവാക്കിയുള്ള ഗ്രീന്‍ഫീല്‍ഡ് ഇടനാഴിയുടെ ഭാഗമായാണ് ബെംഗളൂരു-മൈസൂരു അതിവേഗപാത പണിതത്. പ്രധാന ഗതാഗതത്തിനായി ആറുവരിപാതയും ഇരുവശത്തുമായി രണ്ടുവീതം സര്‍വീസ് റോഡുകളും ഉള്‍പ്പെടെയാണ് 10 വരിപാത. രണ്ടുവരിപാതകള്‍ സമീപഗ്രാമങ്ങളിലേക്കുള്ള യാത്ര സുഗമമാക്കും.
മധ്യത്തിലുള്ള ആറുവരിപാതയിലൂടെ മണിക്കൂറില്‍ 150 കിലോമീറ്ററിലധികം വേഗത്തില്‍ വാഹനങ്ങള്‍ക്ക് യാത്രചെയ്യാം. ബെംഗളൂരുവില്‍ നിന്ന് നിഡഗട്ട വരെയും അവിടം മുതല്‍ മൈസൂരു വരെയും രണ്ടു ഘട്ടങ്ങളായാണ് പാത നിര്‍മിച്ചിരിക്കുന്നത്.
ബിഡദി, രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ, ചന്നപട്ടണ, മദ്ദൂര്‍ എന്നീ ആറിടങ്ങളില്‍ ബൈപ്പാസുകളുള്ളതിനാല്‍ ടൗണുകളിലെ ഗതാഗതക്കുരുക്ക് ഈ പാതയിലൂടെയുള്ള യാത്രയെ ബാധിക്കില്ല. ഗ്രീന്‍ഫീല്‍ഡ് പദ്ധതിയുടെ ഭാഗമായി വരുന്ന അഞ്ച് ബൈപാസുകള്‍ അടങ്ങുന്ന 52 കിലോമീറ്റര്‍ പാത ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കിനും പരിഹാരമാകും.
മേല്‍പാലങ്ങള്‍, അണ്ടര്‍ പാസുകള്‍
തിരക്കു കുറയ്ക്കാനും യാത്ര കൂടുതല്‍ സുഗമമാകുവാനും വേണ്ടി ഈ പാതയില്‍ എട്ട കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് കോറിഡോര്‍, 11 മേല്‍പ്പാലങ്ങള്‍, 64 അണ്ടര്‍പാസുകള്‍, നാല് റോഡുകള്‍ മേല്‍പ്പാലങ്ങള്‍, അഞ്ച് ബൈപാസുകള്‍, ഒന്‍പത് പ്രധാന പാലങ്ങള്‍, 42 ചെറിയ പാലങ്ങള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. ഏഴ് കിലോമീറ്റര്‍ നീളമുള്ള ശ്രീരംഗപട്ടണ ബൈപാസ്, 10 കിലോമീറ്റര്‍ നീളമുള്ള മാണ്ഡ്യ ബൈപാസ്, ഏഴ് കിലോമീറ്റര്‍ നീളമുള്ള ബിഡഡി ബൈപാസ്, രാമനഗരം, ചന്നപട്ടണം എന്നിവിടങ്ങളില്‍ നിന്ന് കടന്നുപോകുന്ന 22 കിലോമീറ്റര്‍ നീളമുള്ള ബൈപാസ്, ഏഴ് കിലോമീറ്റര്‍ നീളമുള്ള മദ്ദൂര്‍ ബൈപാസ് എന്നിവയാണ് അഞ്ച് ബൈപാസുകള്‍.
ടോള്‍ നല്‍കണം
ഓരോ 60 കിലോമീറ്റര്‍ കൂടുമ്പോഴും ഒരു ടോള്‍ പ്ലാസ എന്നതാണ് നാഷണല്‍ ഹൈവേ അതോറിറ്റിയുടെ നയം. മൂന്ന് ടോള്‍ ബൂത്തുകള്‍ ആണ് സജ്ജമാക്കുന്നതെങ്കിലും രണ്ടിടങ്ങളില്‍ മാത്രമേ ടോള്‍ പിരിവ് ഉണ്ടായിരിക്കുകയുള്ളൂ. ബെംഗളൂരു കുമ്പല്‍ഗോഡ് മുതല്‍ മണ്ഡ്യയിലെ നിദാഘട്ട വരെയുള്ള 56 കിലോമീറ്റര്‍ പാതയിലും നിദഘട്ട മുതല്‍ മൈസൂരുവരെ വരുന്ന 62 കിലോമീറ്റര്‍ പാതയിലുമാണ് ടോള്‍ പിരിവ്. ഓരോ ടോള്‍ ബൂത്തിലും 11 ഗേറ്റുകളുണ്ടാകും.
മൈസൂരു-നിദാഘട്ട റൂട്ടില്‍ ശ്രീരംഗപട്ടണയ്ക്ക് സമീപത്തെ ഗനഗുരുവില്‍ ഒരു ടോള്‍ ബൂത്തു വരും. ബെംഗളൂരു-നിദാഘട്ട ഭാഗത്ത് രാമനഗര ജില്ലയിലെ ബിഡദിക്ക് സമീപത്തെ കണമിണിക്കെയിലാണ് രണ്ടാമത്തെയും മൂന്നാമത്തെയും ടോള്‍ ബൂത്തുകള്‍ വരുന്നത്. ബെംഗളൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ബിഡദി കണമിണിക്കെയിലും മൈസൂരു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് ശേഷഗിരിഹള്ളിയിലുമാണ് ടോള്‍ അടയ്ക്കാന്‍ സാധിക്കുക.
നിലവില്‍, ബെംഗളൂരു മുതല്‍ മദ്ദൂരിലെ നിദാഘട്ട വരെയുള്ള ടോള്‍നിരക്ക് ദേശീയപാത അതോറിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 14 മുതല്‍ ടോള്‍പിരിവ് ആരംഭിക്കും. രണ്ടുതവണ ടോള്‍ നല്‍കണം. എങ്കിലും ഗതാഗതക്കുരുക്കില്ലാതെ യാത്ര ചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഇന്ധനച്ചെലവില്‍ തുക ലാഭിക്കാനാകും.
ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയില്‍ മണിക്കൂറില്‍ 110 മുതല്‍ 120 വരെ സ്പീഡ് കൈവരിക്കുവാന്‍ സാധിക്കുന്ന രീതിയിലാണ് പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.
എക്‌സ്പ്രസ് വേകള്‍ വരുമ്പോള്‍
രാജ്യത്തെ റോഡ് യാത്രകളിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്നാണ് എക്‌സ്പ്രസ് വേകളുടെ വരവ്. യാത്രാ ദൈര്‍ഘ്യത്തില്‍ മണിക്കൂറുകളുടെ കുറവ് മാത്രമല്ല, കടന്നുപോകുന്ന ഇടങ്ങളെ വികസനത്തിലേക്ക് നയിക്കുവാനും എക്‌സ്പ്രസ് വേകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്തതോടെ ഈ റൂട്ടിലെ യാത്രകള്‍ തീര്‍ത്തും എളുപ്പമുള്ളതായി മാറും.