ജയിലില്‍ നിന്നൊരു ഉത്പന്നം കൂടി; ഫ്രീഡം ഹവായ് ചെരുപ്പുകള്‍ വിപണിയില്‍

  • യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ നാല് യന്ത്രങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ ജയിലില്‍ എത്തിച്ചിരുന്നു

Update: 2023-02-03 14:45 GMT

ഫ്രീഡം ഹവായ് ചപ്പല്‍സ് എന്ന പേരില്‍ പുതിയ ചെരുപ്പ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുകയാണ് കോഴിക്കോട് ജില്ലാ ജയില്‍. ഫ്രീഡം ഫുഡ് എന്ന പേരില്‍ ജയില്‍ വകുപ്പ് ആരംഭിച്ച ചപ്പാത്തി നിര്‍മാണ യൂണിറ്റ് വന്‍ വിജയമായതിനു പിന്നാലെയാണ് ഇപ്പോള്‍ ചെരുപ്പ് നിര്‍മാണവും ആരംഭിച്ചിരിക്കുന്നത്. ചെരുപ്പ് നിര്‍മാണ യൂണിറ്റ് ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകളും മറ്റു നടപടികളും രണ്ടു വര്‍ഷം മുന്‍പ് തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും കൊവിഡ് മൂലം പ്രവര്‍ത്തനം വൈകുകയായിരുന്നു. ആദ്യഘട്ട നിര്‍മാണത്തിലെ ചെരുപ്പുകള്‍ വില്‍പന ആരംഭിച്ചു കഴിഞ്ഞു.

ആദ്യം പരീക്ഷിച്ചത് തലസ്ഥാനത്തും വിയ്യൂരും

സംസ്ഥാനത്ത് തിരുവനന്തപുരത്തും വിയ്യൂരും മാത്രം ഇത്തരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചെരുപ്പ് നിര്‍മാണ യൂണിറ്റ് ആണ് ഇപ്പോള്‍ കോഴിക്കോടേക്കും വ്യാപിപ്പിച്ചത്. യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ നാല് യന്ത്രങ്ങള്‍ രണ്ട് വര്‍ഷം മുന്‍പ് തന്നെ ജയിലില്‍ എത്തിച്ചിരുന്നു. ഇവയില്‍ പരമാവധി ആറ് പേര്‍ ചേര്‍ന്ന് ഒരേസമയം 3050 ചെരുപ്പുകള്‍ വരെ നിര്‍മിക്കാന്‍ കഴിയുമെന്ന് കോഴിക്കോട് ജയില്‍ സൂപ്രണ്ട് എംഎം ഹാരിസ് പറഞ്ഞു.

വില 100 രൂപ മാത്രം

ആറ് മുതല്‍ 10 വരെയുള്ള സൈസിലുള്ള ചെരുപ്പുകളാണ് ഇവിടെ നിര്‍മിക്കുന്നത്. നിര്‍മാണം കഴിഞ്ഞ ചെരുപ്പുകള്‍ ജില്ലാ ജയില്‍ വകുപ്പിന് കീഴിലുള്ള നാല് ഫ്രീഡം ഫുഡ് കൗണ്ടര്‍ വഴി 100 രൂപ നിരക്കില്‍ ആളുകള്‍ക്ക് ലഭ്യമാണ്. ചപ്പാത്തി നിര്‍മാണം പോലെ തന്നെ ചെരുപ്പ് നിര്‍മാണവും വിജയമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

Tags:    

Similar News