നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 1150 കോടി
- സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിന് മുന്‍ഗണന
- അടിസ്ഥാന സൗകര്യ വികസനം പ്രധാന അജണ്ട
- തൊഴിലുറപ്പ് പദ്ധതിപ്രകാരം 33 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.
2024-25 ലെ ബജറ്റില്‍ നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് 1,150 കോടി രൂപ അനുവദിച്ച് ഉത്തര്‍പ്രദേശ്. യുപി ധനമന്ത്രി സുരേഷ് കുമാര്‍ ഖന്ന സംസ്ഥാന നിയമസഭയില്‍ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ഇക്കാര്യം അറിയിച്ചത്. അന്താരാഷ്ട്ര
ഈ വര്‍ഷം അവസാനത്തോടെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുറക്കാന്‍ ഉദ്ദേശിക്കുന്ന നോയിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ഒന്നാം ഘട്ടത്തിന്റെ വികസനം പുരോഗമിക്കുകയാണ്.
അടിസ്ഥാന സൗകര്യ വികസനത്തിനും സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന 7.36 ലക്ഷം കോടി രൂപയുടെ ബജറ്റാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്ക്ക് 5.1 ശതമാനം വളര്‍ച്ചയാണ് ബജറ്റില്‍ ലക്ഷ്യമിടുന്നത്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് ടാബ്ലെറ്റ്/സ്മാര്‍ട്ട് ഫോണുകള്‍ വിതരണത്തിന് 4,000 കോടി രൂപയും വകയിരുത്തി.
മഹാകുംഭം-2025 സംഘടിപ്പിക്കുന്നതിന് സംസ്ഥാന സാംസ്‌കാരിക വകുപ്പിന് 100 കോടി രൂപ അനുവദിച്ചു. നഗരങ്ങളില്‍ ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരവികസന വകുപ്പിന് 2500 കോടി രൂപ കൂടി അനുവദിച്ചു.
മൂന്ന് പുതിയ കാര്‍ഷിക പദ്ധതികള്‍ക്കായി 460 കോടി രൂപ വകയിരുത്തി. കര്‍ഷകരുടെ സ്വകാര്യ കുഴല്‍ക്കിണറുകള്‍ക്ക് ഇളവ് നിരക്കില്‍ വൈദ്യുതി നല്‍കുന്നതിന് 2,400 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം ബജറ്റില്‍ വകയിരുത്തിയതിനേക്കാള്‍ 25 ശതമാനം കൂടുതലാണ് തുക.
പ്രധാനമന്ത്രി കുസുമം യോജന നടപ്പാക്കുന്നതിന് 449.45 കോടി രൂപ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഇത് നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള വിഹിതത്തേക്കാള്‍ ഇരട്ടിയിലധികം വരുമെന്നും ഖന്ന പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 33 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കും.
ടാബ്ലെറ്റ്/സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്യുന്നതിന് 4,000 കോടി രൂപയാണ് ബജറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗംഗ എക്സ്പ്രസ് വേ പദ്ധതിക്കായി 2,057 കോടിയിലധികം രൂപ നിര്‍ദേശിച്ചിട്ടുണ്ട്, ഇത് നടപ്പുവര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലേറെയാണ്.ആഗ്ര-ലക്നൗ എക്സ്പ്രസ് വേയെയും പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേയെയും ബന്ധിപ്പിക്കുന്ന പുതിയ ലിങ്ക് എക്സ്പ്രസ് വേയുടെ നിര്‍മാണത്തിന് 500 കോടി രൂപ നിര്‍ദേശിച്ചിട്ടുണ്ട്.