മൂന്നാം പാദത്തിൽ നിർമാണ മേഖലയിലെ കമ്പനികളുടെ വില്പന വളർച്ചയിൽ ഇടിവ്

ലിസ്റ്റ് ചെയ്ത 2,779 സ്വകാര്യ, ധനകാര്യ ഇതര കമ്പനികളുടെ മൂന്നാം പാദത്തിലെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ആർബിഐ ഈ ഡാറ്റ തയാറാക്കിയത്.

Update: 2023-03-03 09:25 GMT

നടപ്പു സാമ്പത്തിക വർഷത്തിലെ ഡിസംബർ പാദത്തിൽ രാജ്യത്തെ മുൻ നിര നിർമാണ കമ്പനികളുടെ വില്പന വളർച്ച 10.6 ശതമാനമായി കുറഞ്ഞുവെന്ന് ആർബിഐ യുടെ റിപ്പോർട്ട്. മുൻ വർഷം സമാന പാദത്തിൽ 20.6 ശതമാനത്തിന്റെ വില്പന വളർച്ചയാണ് ഉണ്ടായിരുന്നത്. സിമന്റ് മേഖല ഒഴിച്ച്, നിർമാണവുമായി ബന്ധപ്പെട്ട മറ്റെല്ലാ മേഖലയിലെയും കമ്പനികൾക്ക് ഇത്തരത്തിൽ കുറവുണ്ടായിട്ടുണ്ട്.

കൂടാതെ ധനകാര്യ ഇതര സ്വകാര്യ കമ്പനികളുടെ വില്പന വളർച്ചയും ഈ പാദത്തിൽ ഇടിഞ്ഞു. കഴിഞ്ഞ വർഷം ഡിസംബർ പാദത്തിൽ 22.6 ശതമാനത്തിന്റെ വളർച്ച രേഖപെടുത്തിയപ്പോൾ ഇത്തവണ 12.7 ശതമാനത്തിന്റെ വളർച്ച മാത്രമാണുണ്ടായത്.

ലിസ്റ്റ് ചെയ്യപ്പെട്ട 2,779 സ്വകാര്യ, ധനകാര്യ ഇതര കമ്പനികളുടെ മൂന്നാം പാദത്തിലെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ആർബിഐ ഈ ഡാറ്റ തയാറാക്കിയത്.

എങ്കിലും ഐടി മേഖലയിലെ കമ്പനികൾക്ക് മികച്ച വളർച്ച റിപ്പോർട്ട് ചെയ്തു. ഈ പാദത്തിൽ 19.4 ശതമാനം വർധനവുണ്ടായി. ഐടി ഇതര സേവന കമ്പനികളുടെ വരുമാന വളർച്ചക്ക് വ്യാപാരം, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ മേഖലകൾ പിന്തുണയായി.

നിർമാണ കമ്പനികൾക്കാവശ്യമായ അസംസ്കൃത വസ്തുക്കളുടെ ചെലവ്, വില്പന തോത് കുറയുന്നതിനനുസരിച്ച് കുറഞ്ഞു. എന്നാൽ ചില അസംസ്കൃത വസ്തുക്കളുടെ വില വർധിച്ചുവെന്നും ആർബിഐ പറഞ്ഞു.

നിർമാണ കമ്പനികളുടെ പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ കുറഞ്ഞു. തുടർച്ചയായ രണ്ടാം പാദത്തിലാണ് കുറവ് രേഖപ്പെടുത്തുന്നത്. എന്നാൽ ഐടി, ഐടി ഇതര സേവന കമ്പനികളുടെ പ്രവർത്തന ലാഭം വർധിച്ചു.

Tags:    

Similar News