ഡിജിറ്റല്‍ ആസ്തികള്‍ക്ക് സ്രോതസിൽ നിന്നും നികുതി: വിശദീകരിച്ച് കേന്ദ്രം

ഡെല്‍ഹി: ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേലുള്ള ടിഡിഎസ് (ശ്രോതസ്സില്‍ നിന്നുള്ള നികുതി) കിഴിവ് സംബന്ധിച്ച് വിശദീകരണവുമായി ആദായ നികുതി വകുപ്പ്. ക്രിപ്റ്റോ, മറ്റ് ഡിജിറ്റല്‍ ആസ്തികള്‍ എന്നിവ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ തീയതിയും ട്രാന്‍സ്ഫര്‍ ചെയ്ത രീതിയും പ്രത്യേകം പരാമര്‍ശിച്ചിരിക്കണം. ജൂലൈ ഒന്നു മുതല്‍ ക്രിപ്റ്റോ കറന്‍സിയുള്‍പ്പടെ എല്ലാ ഡിജിറ്റല്‍ ആസ്തികള്‍ക്കും ഒരു ശതമാനം ടിഡിഎസ് ബാധകമാകും (ധനകാര്യ നിയമം 2022 ഐ-ടി ആക്ടില്‍ സെക്ഷന്‍ 194 എസ്). ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് നികുതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പുതിയ വ്യവസ്ഥകള്‍ […]

Update: 2022-06-23 07:33 GMT

ഡെല്‍ഹി: ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേലുള്ള ടിഡിഎസ് (ശ്രോതസ്സില്‍ നിന്നുള്ള നികുതി) കിഴിവ് സംബന്ധിച്ച് വിശദീകരണവുമായി ആദായ നികുതി വകുപ്പ്. ക്രിപ്റ്റോ, മറ്റ് ഡിജിറ്റല്‍ ആസ്തികള്‍ എന്നിവ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ തീയതിയും ട്രാന്‍സ്ഫര്‍ ചെയ്ത രീതിയും പ്രത്യേകം പരാമര്‍ശിച്ചിരിക്കണം. ജൂലൈ ഒന്നു മുതല്‍ ക്രിപ്റ്റോ കറന്‍സിയുള്‍പ്പടെ എല്ലാ ഡിജിറ്റല്‍ ആസ്തികള്‍ക്കും ഒരു ശതമാനം ടിഡിഎസ് ബാധകമാകും (ധനകാര്യ നിയമം 2022 ഐ-ടി ആക്ടില്‍ സെക്ഷന്‍ 194 എസ്).

ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റിലാണ് നികുതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പുതിയ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് മുന്നോടിയായി ഫോം 26ക്യു ഇ, ഫോം 16 ഇ എന്നിവയില്‍ ടിഡിഎസ് റിട്ടേണുകള്‍ നല്‍കുന്നതിന് ഐടി നിയമങ്ങളില്‍ ചില ഭേദഗതികള്‍ വരുത്തുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. ക്രിപ്റ്റോ ഇടപാട് നഷ്ടത്തിലാണെങ്കിലും ടിഡിഎസ് ചുമത്തും. ഒരിടപാടില്‍ നഷ്ടമുണ്ടായെന്നു കരുതി അത് മറ്റൊരു ഇടപാടുമായി അഡ്ജസ്റ്റ് (സെറ്റ് ഓഫ്) ചെയ്യാനാകില്ലെന്നും ആദായ നികുതി വകുപ്പിന്റെ അറിയിപ്പിലുണ്ട്.

ക്രിപ്‌റ്റോ കറന്‍സികളുടെ നിയന്ത്രണം സംബന്ധിച്ച് ആഗോളതലത്തില്‍ ചട്ടക്കൂട് ഒരുങ്ങിയേക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ സൂചന നല്‍കിയിരുന്നു. ക്രിപ്‌റ്റോ കറന്‍സി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കുന്ന 'കണ്‍സള്‍ട്ടേഷന്‍ പേപ്പറിന്റെ' ജോലികള്‍ പൂര്‍ത്തിയായെന്നും എന്നാല്‍ ഇത് സംബന്ധിച്ച നിയമ നിര്‍മ്മാണത്തിന് കുറച്ചു കൂടി സമയമെടുക്കുമെന്നും സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സെത്ത് വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി നിരോധിക്കാനുള്ള സാധ്യത ഇല്ലാതാകുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

കണ്‍സള്‍ട്ടേഷന്‍ പേപ്പര്‍ സംബന്ധിച്ച അടുത്ത ചുടവുവെപ്പുകളെ പറ്റി അജയ് സെത്ത് പ്രതികരിച്ചില്ല. എന്നാല്‍ ഓഗസ്റ്റോടെ ഇത് സംബന്ധിച്ച് പുതിയ നീക്കങ്ങള്‍ ഉണ്ടായെക്കുമെന്നും സൂചനകളുണ്ട്. ക്രിപ്‌റ്റോ നിയന്ത്രണത്തിന് ആഗോള നിയമ സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നാണ്യ നിധിയുമായും ലോക ബാങ്കുമായും ചര്‍ച്ചകള്‍ പുരോഗിക്കുകയാണെന്നും സെത്ത് അറിയിച്ചു. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ക്രിപ്‌റ്റോ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ആസ്തികള്‍ക്ക് മേല്‍ 30 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ 28 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയേക്കുമെന്ന വാര്‍ത്ത നിക്ഷേപകരിലുള്‍പ്പടെ ആശങ്ക സൃഷ്ടിച്ചിരുന്നു.

Tags:    

Similar News