ലോക്സഭ അടുത്തിടെ പാസാക്കിയ ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2024 ൽ നിരവധി പരിഷ്കാരങ്ങളാണ് വരുത്തിയത്. അതിലെ പ്രധാന മാറ്റങ്ങളിലൊന്നാണ് നോമിനികളുടെ എണ്ണത്തിലെ വർധന. നിലവിലെ ഭേദഗതിയിലൂടെ എഫ്ഡി അക്കൗണ്ട് ഉടമയ്ക്ക് നാല് നോമിനികളെ വരെ ചേര്‍ക്കാന്‍ സാധിക്കും. മുമ്പ് ഒരാളെ മാത്രമായിരുന്നു നോമിനിയാക്കാന്‍ സാധിച്ചിരുന്നത്. ഒന്നിലധികം നോമിനികൾ വെക്കുന്നതിലൂടെ അക്കൗണ്ട് ഉടമ മരിച്ചാല്‍ നോമിനികള്‍ക്ക് എഫ്ഡി നിയമതടസങ്ങളില്ലാതെ കൈകാര്യം ചെയ്യാന്‍ സാധിക്കും. കോവിഡിനെ തുടര്‍ന്ന് ഒരു കുടുംബത്തിലെ പലരും മരിക്കുന്ന സാഹചര്യമുണ്ടായതോടെയാണ് നടപടിക്രമങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് കേന്ദ്രം തീരുമാനിച്ചത്.
ഒരേ സമയം നാല് നോമിനികളെ നിര്‍ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് ലഭ്യമാക്കേണ്ട തുകയുടെ ശതമാനം ഉടമ നേരത്തെ തന്നെ പരാമര്‍ശിക്കണം. മക്കളെയോ ഭാര്യയെയോ അമ്മയെയോ നോമിനി ആക്കണമെങ്കില്‍, അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നോ നിക്ഷേപകന് തുക ക്ലെയിം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തിലോ അവര്‍ക്ക് ക്ലെയിം ചെയ്യാന്‍ കഴിയുന്ന ഷെയറിന്‍റെ ശതമാനം സൂചിപ്പിക്കേണ്ടതുണ്ട്.
ആരാണ് നോമിനി?
അക്കൗണ്ട് ഉടമ മരണപ്പെട്ടാൽ ആ അക്കൗണ്ടിലെ തുക നേടാൻ അക്കൗണ്ട് ഉടമ അവകാശം നൽകിയിട്ടുള്ള വ്യക്തിയാണ് ഒരു നോമിനി. പൊതുവെ സ്ഥിരനിക്ഷേപ അക്കൗണ്ടുകൾ ആരംഭിക്കുമ്പോൾ നോമിനിയുടെ വിവരങ്ങൾ കൂടി ബാങ്കിൽ നൽകേണ്ടതാണ്. അക്കൗണ്ട് ഓപ്പണിങ് ഫോമിൽ ഒരു സെക്ഷനിൽ നോമിനിയുടെ വിവരങ്ങൾ നൽകേണ്ടതാണ്. ജീവിത പങ്കാളി, കുടുംബാംഗങ്ങൾ, മക്കൾ, സഹോദരങ്ങൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ, വിശ്വസ്തരായ മറ്റ് വ്യക്തികൾ തുടങ്ങിയവരെയെല്ലാം ഒരു വ്യക്തിയുടെ ചോയിസ് അനുസരിച്ച് നോമിനിയായി നിശ്ചയിക്കാവുന്നതാണ്.