ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസ്സൽ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും: കേന്ദ്രമന്ത്രി
കൊച്ചി- ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകൾ (ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വെസ്സലുകള്‍) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിൽ നിര്‍മ്മിക്കാന്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം തീരുമാനിച്ചു. ഗ്രീന്‍ ഷിപ്പിംഗിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവല്‍ വ്യക്തമാക്കി. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഗ്രീന്‍ ...;

കൊച്ചി- ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകൾ (ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വെസ്സലുകള്‍) കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിൽ നിര്‍മ്മിക്കാന്‍ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയം തീരുമാനിച്ചു. ഗ്രീന്‍ ഷിപ്പിംഗിലേക്കുള്ള രാജ്യത്തിന്റെ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുന്നതാണ് ഈ പദ്ധതിയെന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രി സര്‍ബാനന്ദ സോനോവല്‍ വ്യക്തമാക്കി.
തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡും എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ഗ്രീന്‍ ഷിപ്പിംഗിനെക്കുറിച്ചുള്ള ശില്‍പശാലയിലാണ് ഹൈഡ്രജന്‍ ഇന്ധനം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വെസ്സലുകല്‍ നിര്‍മിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവല്‍ അവതരിപ്പിച്ചത്. ഗ്ലോബല്‍ മാരിടൈം ഗ്രീന്‍ ട്രാന്‍സിഷനുകള്‍ക്ക് അനുസൃതമായാണ് ഇലക്ട്രിക് വെസ്സലുകള്‍ രൂപകല്‍പന ചെയ്യുക. ഗ്രീന്‍ എനര്‍ജിയിലേക്കും ചെലവ് കുറഞ്ഞ ബദല്‍ ഇന്ധനങ്ങളിലേക്കും ചുവടുമാറ്റുന്നതിനുള്ള രാജ്യത്തിന്റെ നൂതന ശ്രമങ്ങളുടെ ഭാഗമാണ് ഇതെന്ന് മന്ത്രി വ്യക്തമാക്കി.
ഇന്ത്യന്‍ പങ്കാളികളുമായി സഹകരിച്ചായിരിക്കും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് പദ്ധതി നടപ്പിലാക്കുകയെന്നും ഇതിനുള്ള അടിസ്ഥാന ജോലികള്‍ ആരംഭിച്ചുകഴിഞ്ഞതായും മന്ത്രി അറിയിച്ചു. ഇതിനായി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് കെപിഐടി ടെക്‌നോളജീസ് ലിമിറ്റഡുമായും ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ മേഖലകളിലുള്ള ഇന്ത്യയിലെ ഡെവലപ്പര്‍മാരുമായും ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗുമായും സഹകരിച്ചായിരിക്കും അത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കുക. ലോ ടെമ്പറേച്ചര്‍ പ്രോട്ടോണ്‍ എക്‌സ്‌ചേഞ്ച് മെംബ്രന്‍ ടെക്‌നോളജി (എല്‍ടിപിഇഎം) അടിസ്ഥാനമാക്കിയുള്ള ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ വെസ്സലുകള്‍ അറിയപ്പെടുന്നത് ഇലക്ട്രിക് വെസ്സല്‍ (എഫ്‌സിഇവി) എന്ന പേരിലാണ്. 100 പേര്‍ക്ക് സഞ്ചരിക്കാവുന്ന വെസ്സലിന് ഏകദേശം 17.50 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 75 ശതമാനം ഇന്ത്യാ ഗവണ്‍മെന്റ് ധനസഹായം നല്‍കും.
ഗതാഗതത്തിനും സാധനസാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിനും വിവിധതരം എമര്‍ജന്‍സി ബാക്കപ്പ് പവര്‍ ആപ്ലിക്കേഷനുകളിലുമടക്കം ഹൈഡ്രജന്‍ ഇന്ധന സെല്ലുകള്‍ ഉപയോഗിക്കാം. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂവല്‍ സെല്ലുകള്‍, ഹെവി ഡ്യൂട്ടി ബസ്, ട്രക്ക്, ട്രെയിന്‍ ആപ്ലിക്കേഷനുകളില്‍ ഇതിനകം പ്രയോഗിച്ചിട്ടുള്ള കാര്യക്ഷമമായ, സീറോ എമിഷനുള്ള പരിസ്ഥിതി സൗഹൃദപരമായ ഊര്‍ജസ്രോതസ്സാണ്. ഇപ്പോഴാണ് അവ മറൈന്‍ ആപ്ലിക്കേഷനുകള്‍ക്കായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്.
ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ തീരദേശ- ഉള്‍നാടന്‍ കപ്പലുകളുടെ വിഭാഗത്തിലുള്ള വിപുലമായ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു ലോഞ്ച്പാഡായിട്ടാണ് ഹൈഡ്രജന്‍ ഇന്ധനമുള്ള ഇലക്ട്രിക് വെസലുകള്‍ വികസിപ്പിക്കുന്നതിനെ സര്‍ക്കാര്‍ കണക്കാക്കുന്നത്. 2070ഓടെ കാര്‍ബണ്‍ ന്യൂട്രല്‍ ആകുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം കൈവരിക്കുന്നതിനു സഹായകമാകുന്ന ഈ പദ്ധതി, 2030 ഓടെ അന്താരാഷ്ട്ര ഷിപ്പിംഗിന്റെ കാര്‍ബണ്‍ തീവ്രത 40 ശതമാനവും 2050 ഓടെ 70 ശതമാനവുമായി കുറയ്ക്കാന്‍ ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐഎംഒ) നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മനുഷ്യരാശിയുടെ നിലനില്‍പ്പിനായി ഭൂമിയെ സംരക്ഷിക്കാന്‍ നമ്മള്‍ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്. അന്താരാഷ്ട്ര സോളാര്‍ സഖ്യത്തിന്റെ നേതൃ നിരയിലുള്ള ഇന്ത്യ 'വണ്‍ സണ്‍, വണ്‍ വേള്‍ഡ്, വണ്‍ ഗ്രിഡ്' സംരംഭത്തിന്റെ ആവശ്യകതക്കായി ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
തുറമുഖ, ഷിപ്പിംഗ്, ജലപാത സഹമന്ത്രി ശാന്തനു താക്കൂര്‍, മന്ത്രാലയ സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജന്‍ ഐ എ എസ്, നിതി ആയോഗ് സി ഇ ഒ അമിതാഭ് കാന്ത് ഐ എ എസ്, ദി എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ജനറല്‍ ഡോ. വിഭാ ധവന്‍, ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗനൈസേഷന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍ഷിപ്പ് ആന്റ് പ്രോജക്ട്‌സ് മേധാവി ജോസ് മത്തേയ്ക്കല്‍,ഇന്നൊവേഷന്‍ നോര്‍വേ ഇന്ത്യ കണ്‍ട്രി ഡയറക്ടറും നോര്‍വീജിയന്‍ എംബസിയിലെ കമേഴ്‌സ്യല്‍ കൗണ്‍സിലറുമായ ക്രിസ്റ്റ്യന്‍ വാല്‍ഡെസ് കാര്‍ട്ടര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പ്രസംഗിച്ചു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡ് സിഎംഡി മധു എസ് നായര്‍ നന്ദി പറഞ്ഞു.