'അജ്ഞാത യോഗി'മാര്‍ അരങ്ങ് തകര്‍ക്കുമ്പോള്‍
ഒരു ദിവസം ശരാശരി 64,000 കോടി രൂപയുടെ വ്യാപാരം നടക്കുന്ന നാഷണല്‍ സ്‌റ്റോക് എക്‌സേഞ്ചിന്റെ തലപ്പത്തുള്ള ആള്‍ക്ക് 'ഗൈഡന്‍സ്'നല്‍കി വര്‍ഷങ്ങള്‍ നിയന്ത്രിച്ച ആ അജ്ഞാത യോഗി ആരാണ്? ഇന്ത്യന്‍ ഓഹരി വിപണിയും അന്വേഷണ ഏജന്‍സികളും ദിവസങ്ങളായി തല പുകയ്ക്കുകയാണ് ഈ 'ഹിമാലയന്‍ സന്യാസി'യെ കണ്ടെത്താന്‍. 1990ല്‍ രൂപീകരണം മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സേഞ്ചിനോടൊപ്പം ഉണ്ടാവുകയും, പിന്നീട് 2013 ല്‍ സി ഇ ഒ ആയി നിയമിക്കപ്പെടുകയും ചെയ്ത ചിത്ര രാമകൃഷ്ണനെ ഇതിന്റെ ഭാഗമായി സി ബി ഐ […]
ഒരു ദിവസം ശരാശരി 64,000 കോടി രൂപയുടെ വ്യാപാരം നടക്കുന്ന നാഷണല്‍ സ്‌റ്റോക് എക്‌സേഞ്ചിന്റെ തലപ്പത്തുള്ള ആള്‍ക്ക് 'ഗൈഡന്‍സ്'നല്‍കി വര്‍ഷങ്ങള്‍ നിയന്ത്രിച്ച ആ അജ്ഞാത യോഗി ആരാണ്? ഇന്ത്യന്‍ ഓഹരി വിപണിയും അന്വേഷണ ഏജന്‍സികളും ദിവസങ്ങളായി തല പുകയ്ക്കുകയാണ് ഈ 'ഹിമാലയന്‍ സന്യാസി'യെ കണ്ടെത്താന്‍. 1990ല്‍ രൂപീകരണം മുതല്‍ നാഷണല്‍ സ്റ്റോക്ക് എക്‌സേഞ്ചിനോടൊപ്പം ഉണ്ടാവുകയും, പിന്നീട് 2013 ല്‍ സി ഇ ഒ ആയി നിയമിക്കപ്പെടുകയും ചെയ്ത ചിത്ര രാമകൃഷ്ണനെ ഇതിന്റെ ഭാഗമായി സി ബി ഐ വെള്ളിയാഴ്ച ചോദ്യം ചെയ്തു. വേണ്ടത്ര യോഗ്യതയില്ലാതെ എന്‍ എസ് ഇയുടെ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസറായി ചിത്ര തന്നെ നിയമിച്ച ആനന്ദ് സുബ്രഹ്‌മണ്യന്‍ (സുബ്ബു) ന്റെ വസതിയും ചിത്രയുടേതിനോടൊപ്പം ആദായ നികുതി വകുപ്പ് റെയ്ഡ് ചെയ്തിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അജ്ഞാത യോഗിയുടെ പിന്നാലെയുണ്ട്.
എന്‍ എസ് ഇ യില്‍ നടന്നത് എന്താണ്?
2016 ല്‍ 'വ്യക്തിപരമായ' കാരണത്താല്‍ അധികാരമൊഴിഞ്ഞ ചിത്ര രാമകൃഷ്ണനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ 'അജ്ഞാത യോഗി'യെ മാറ്റി നിര്‍ത്തിയാല്‍, പ്രധാനം കോടികള്‍ മൂല്യമുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുള്ളവരുമായി പങ്കുവച്ചു എന്നുള്ളതാണ്. വിവാദങ്ങള്‍ നാഷണല്‍ സ്‌റ്റോക് എക്‌സേഞ്ചിന് പുത്തരിയല്ല. മുമ്പും പലകുറി വിവാദത്തില്‍ പെട്ടിട്ടുണ്ട്. 90 കളുടെ തുടക്കത്തില്‍ ബോംബെ സ്റ്റോക് എക്‌സേഞ്ചുമായി മത്സരിച്ച് ഓഹരി വിപണിയിലേക്ക് നമ്പര്‍ ടൂ ആയി എത്തിയതാണ് എന്‍ എസ് ഇ. 2017 ല്‍ ഐ പി ഒ ലക്ഷ്യമിട്ട് നടപടികള്‍ ആരംഭിച്ച് പിന്നീട് നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇവിടെയും വിവരങ്ങള്‍ ചോര്‍ന്നതായിരുന്നു കാരണം. ട്രേഡിംഗ് അല്‍ഗോരിതവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ അന്ന് എന്‍ എസ് ഇ ഉദ്യോഗസ്ഥര്‍ കൈമാറിയതിനെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളാണ് ഐ പി ഒ നിര്‍ത്തി വയ്ക്കാന്‍ കാരണമായത്. ഇത് പിന്നീട് അന്വേഷണത്തിലേക്ക് പോയി. 2014- 16 വര്‍ഷങ്ങള്‍ക്കിടയിലാണ് ഇത്തരം നിര്‍ണായക വിവരങ്ങള്‍ പുറത്ത് പോയത്.
അജ്ഞാത യോഗി
വേണ്ടത്ര യോഗ്യതയില്ലാത്ത ആനന്ദ് സുബ്രമണ്യനെ വലിയ പദവിയോടെയാണ് ചിത്ര എന്‍ എസ് ഇ യില്‍ കുടിയിരുത്തിയത്. ഇതും 'അജ്ഞാത മാര്‍ഗദര്‍ശി'യുടെ നിര്‍ദേശമനുസരിച്ചായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. വലിയ ശമ്പളവും അതിബ്രഹത്തായ ഓഫീസും ഇദേഹത്തിന് ഒരുക്കി നല്‍കി. കൂടാതെ നിര്‍ണായകമായ പല ഡിപ്പാര്‍ട്ട്മെന്റ് തലവന്‍മാരും ആനന്ദ സുബ്രഹ്‌മണ്യത്തിന് റിപ്പോര്‍ട്ട് ചെയ്യണമെന്ന് കല്പനയും നൽകി. മുന്‍ ജോലിയില്‍ 15 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുണ്ടായിരുന്ന ഇദേഹത്തിന് മറ്റ് സൗകര്യങ്ങളോടൊപ്പം എന്‍ എസ് ഇ യില്‍ നല്‍കിയിരുന്നത് 1.68 കോടി രൂപയായിരുന്നു. ഇത്തരം വിഷയങ്ങളിൽ, മൂന്നു വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയതിന് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്‍ എസ് ഇ യ്ക്ക് പിഴയിട്ടു. ഓഹരി വിപണിയില്‍ നിന്ന് പണം ശേഖരിക്കുന്നത് ആറ് മാസത്തേക്ക് തടയുകയും ചെയ്തു. എന്‍ എസ് ഇ ഈ ഉത്തരവ് കോടതിയില്‍ വെല്ലുവിളിക്കുകയും പിന്നീട് പുതിയ ഐ പി ഒ യ്ക്ക് അനുമതി നേടുകയും ഉണ്ടായി.
തുമ്പ് കിട്ടുന്നു
ഇതിനിടയിലാണ് ഇപ്പോള്‍ എന്‍ എസ് ഇ യില്‍ നടക്കുന്ന കോലാഹലങ്ങളുടെ തുമ്പ് കിട്ടുന്നത്. വിശദമായ അന്വേഷണം നടത്തിയ സെബി ആ നിര്‍ണായക ഇ മെയില്‍ കണ്ടെത്തിയതോടെ സംഭവങ്ങള്‍ക്ക് പുതിയ മാനം കൈവന്നു. ചിത്ര രാമകൃഷ്ണ ഇക്കാലയളവില്‍ ഒരു അജ്ഞാത വ്യക്തിക്ക് അയച്ച ഇ മെയിലില്‍ അന്വേഷണം വഴി മുട്ടി നില്‍ക്കുകയായിരുന്നു. പിന്നീട് ആരാഞ്ഞപ്പോള്‍ കഴിഞ്ഞ 20 വര്‍ഷമായി തനിക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കികൊണ്ടിരുന്ന 'ആത്മീയ ശക്തി'യായ വ്യക്തിയ്ക്കാണ് മെയിലുകള്‍ അയച്ചിരുന്നതെന്ന് അവര്‍ വ്യക്തമാക്കുന്നു. മറ്റൊരു കാര്യം കൂടി അന്വേഷണത്തില്‍ അവര്‍ പറഞ്ഞിരുന്നു. ആത്മീയ മാര്‍ഗത്തിലുള്ള ഓരാള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതില്‍ തെറ്റില്ലെന്നും അവര്‍ അന്തസുള്ളവരും രഹസ്യാത്മകതയില്‍ വിട്ടുവീഴ്ച ചെയ്യുന്നവരല്ലെന്നുമായിരുന്നു, ഇതു വരെ രാജ്യം കണ്ട മുന്‍നിര ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരില്‍ ഒരാളായ ചിത്ര രാമകൃഷ്ണന്‍ വ്യക്തമാക്കിയത്. 1990 കളുടെ തുടക്കത്തില്‍ എന്‍ എസ് ഇ തുടങ്ങുമ്പോൾ ഒപ്പമുണ്ടായിരുന്ന ചിത്ര പിന്നീട് 2009 ല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടറാകുകയും 2013 ല്‍ സി ഇ ഒ ആയി സ്ഥാനക്കയറ്റം നേടുകയും ആയിരുന്നു. പിന്നീട് 2016 ല്‍ 'വ്യക്തിപരമായ' കാരണത്താല്‍ സ്ഥാപനം വിട്ടു.
രഹസ്യ കരങ്ങൾ
ഒരു ദിവസം നാല്‍പ്പത്തി ഒന്‍പതിനായിരം കോടി വിനിമയത്തിലൂടെ ശരാശരി 64,000 കോടി രൂപയുടെ വ്യാപാരം നടക്കുന്ന നിര്‍ണായകമായ ഒരു സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന,രാജ്യം കണ്ട മുന്‍നിര സി ഇ ഒ മാരില്‍ ഒരാളാണ് ഇത്ര നിസാരമായി ഇത് പറയുന്നത്. എത്ര എളുപ്പത്തിലാണ് ഗൗരവപ്പെട്ട ഒരു സ്ഥാപനത്തിലേക്ക് ഇതു പോലുള്ള ഹിമാലയന്‍ സ്വാമിമാര്‍ നുഴഞ്ഞ് കയറുന്നത്? ഇന്ത്യയുടെ നിര്‍ണായകമായ രാഷ്ട്രീയ, സാമ്പത്തിക സ്ഥാപനങ്ങളിലും പൊതുമേഖലാ ബാങ്കുകളിലും രഹസ്യമായി സജീവമാകുന്ന അദൃശ്യ കരങ്ങള്‍ പിന്നീട് അന്വേഷണങ്ങളില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അവിഹിത ഇടപാടുകളിലേക്കും അഴിമതികളിലേക്കുമാണ് ചെന്നെത്തുന്നത്. അനുഭവങ്ങള്‍ പറയുന്നത് ഇതാണ്. കോടാനുകോടി ദരദ്രിര്‍ ഒരു നേരത്തെ അന്നത്തിന് കഷ്ടപ്പെടുന്ന നാട്ടിലാണ് ഇതെന്നോര്‍ക്കണം. ഇതിനെല്ലാം ഒടുവില്‍ അന്വേഷണമെന്ന പേരില്‍ നടക്കുന്ന പതിവ് നാടകങ്ങളും എങ്ങുമെത്താതെ പോകുമെന്നതും ചരിത്രം.
ഇത്തരം നിര്‍ണായക സ്ഥാപനങ്ങളില്‍ നിന്ന് കൈമാറുന്ന എത് വിവരങ്ങളും കോര്‍പ്പറേറ്റുകള്‍ക്കും തത്പര കക്ഷികള്‍ക്കും വളരെ വിലപ്പെട്ടതായതിനാൽ ഇതിൻറെ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റില്‍ നിന്ന് കോടികള്‍ സമ്പാദിക്കാന്‍ സ്വാധീന ശക്തികള്‍ക്ക് കഴിയും. സെബിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം പറയുന്നുമുണ്ട്. ഡിവിഡന്റ് പേ ഔട്ട് റേഷ്യോ, ബിസിനസ് പ്ലാന്‍ ഇതെല്ലാം ഇങ്ങനെ പങ്കു വയ്ക്കപ്പെട്ടിരുന്നു. എന്തിന് ബോർഡ് യോഗത്തിൻറെ അജണ്ട പോലും.
ഇന്ത്യൻ ദുരന്തം
സാമ്പത്തികമായി ഇത്രയേറെ 'സെന്‍സിറ്റിവ്' ആയ വിവരങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കുന്ന ജാഗ്രതയും ഗൗരവവും ചിത്ര രാമകൃഷ്ണ കാണിച്ചിരുന്നില്ല എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ, ഉന്നതര്‍ നിരന്തരം നടത്തുന്ന ഇത്തരം വഴി വിട്ട ഇടപെടലുകള്‍ അപ്പപ്പോള്‍ കണ്ടെത്താനും അത് തിരുത്താനും ശ്രമങ്ങള്‍ ഉണ്ടാകുന്നില്ല എന്നതാണ് ഇന്ത്യന്‍ ധനകാര്യ വ്യവസ്ഥയുടെ ദുരന്തം. 2016 ല്‍ സ്ഥാപനം വിട്ട ഒരു സി ഇ ഒ യ്‌ക്കെതിരെ നടപടികള്‍ എടുക്കുന്നതില്‍ പരിമിതികളുണ്ട്. അന്വേഷണം പതിവു ചടങ്ങുപോലെ അവസാനിക്കുമെന്ന ആശങ്കയ്ക്ക് ഇതും ഒരു കാരണമാകുന്നു.
(അഭിപ്രായങ്ങൾ വ്യക്തിപരം, മൈഫിൻപോയിന്റിന് ഇതുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല)