2022 ൽ ആക്രമണത്തിൽ പരിക്കേറ്റ ശേഷം ആദ്യമായി റഷ്ദി പൊതു പരിപാടിയില്‍
- സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 100 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്
``ആക്രമണത്തിന് ശേഷം ജീവിതം കൂടുതല്‍ ലളിതമായതായി.'' 2022 ലെ ആക്രമണത്തിൽ മാരകമായി പരിക്കേറ്റു വലതു കണ്ണ് നഷ്ടപ്പെട്ട ഇന്ത്യൻ വംശജനായ വിശ്വസാഹിത്യകാരൻ സൽമാൻ റഷ്ദി, അതിനു ശേഷം ആദ്യമായി മാൻഹട്ടനിൽ ഇന്നലെ ഒരു പൊതുപരിപാടിയിൽ (അവാർഡ് സ്വീകരണ ചടങ്ങു) പങ്കെടുത്തുകൊണ്ട് പറഞ്ഞു.
`ബ്രിട്ടീഷ്-അമേരിക്കന്‍ സാഹിത്യകാരനും സാത്താനിക്ക് വേഴ്‌സസിന്റെ രചയിതാവുമായ റഷ്ദി. മന്‍ഹാട്ടന്റെ അപ്പര്‍ ഈസ്റ്റ് സൈഡിലുള്ള വക്ലാവ് ഹാവല്‍ സെന്ററിന്റെ ആദ്യത്തെ ``ലൈഫ് ടൈം ഡിസ്റ്റര്‍ബിംഗ് ദ പീസ് അവാര്‍ഡ്' സ്വീകരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു.
സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ 100 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. റഷ്ദി പങ്കെടുക്കുമെന്ന വിവരം വളരെ ചുരുക്കം പേര്‍ക്ക് മാത്രമേ അറിവുണ്ടായിരുന്നുള്ളു. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം. ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ന്യൂയോര്‍ക്ക് പോലീസ് വേദിക്ക് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു.
'ഒരു നിഗൂഢ അതിഥിയായതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എനിക്ക് ദുരൂഹത തോന്നുന്നില്ല. പക്ഷേ അത് ജീവിതം കുറച്ചുകൂടി ലളിതമാക്കി,' ചടങ്ങിലെ രഹസ്യ സാന്നിധ്യമായതിനെ സംബന്ധിച്ച് റഷ്ദി അഭിപ്രായപ്പെട്ടു.
. 2022 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ നടന്ന സാഹിത്യോത്സവത്തില്‍ പങ്കെടുക്കവെയാണ് ആക്രമണമുണ്ടായത്. ചൗട്ടാവ് ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രഭാഷണം നടത്താനൊരുങ്ങുന്നതിനിടെയാണ് തുടര്‍ച്ചയായി കുത്തേറ്റത്. അതീവ ഗുരുതരാവസ്ഥയിലായ റഷ്ദിയുടെ വലത് കണ്ണിന്റെ കാഴ്ച്ച നഷ്ടമായിരുന്നു. ഇടത് കൈക്ക് സ്വാധീനക്കുറവുമുണ്ട്.
2022 ലെ ആക്രമണത്തെക്കുറിച്ചുള്ള റഷ്ദിയുടെ പുസ്തകം വരുന്ന ഏപ്രില്‍ 16 ന് പുറത്തിറങ്ങും. നൈഫ്: മെഡിറ്റേഷന്‍സ് ആഫ്റ്റര്‍ ആന്‍ അറ്റംറ്റഡ് മര്‍ഡര്‍ എന്നാണ് പുസ്തകത്തിന്റെ പേര്. അക്രമത്തിന് കലയിലൂടെയുള്ള മറുപടി എന്നാണ് പുസ്തകത്തെ റഷ്ദി വിശേഷിപ്പിച്ചിരിക്കുന്നത്.
1988 ല്‍ പുറത്തിറങ്ങിയ സാത്തനിക്ക് വേഴ്‌സസിന്റെ (സാത്താന്റെ വചനങ്ങള്‍) എന്ന നോവലാണ് റഷ്ദിക്കെതിരെ തിരിയാന്‍ മതവര്‍ഗീയ വാദികളെ പ്രേരിപ്പിച്ചത്. ഇതിന്റെ പേരില്‍ റഷ്ദിയെ വധിക്കാന്‍ ഇറാന്റെ പരമോന്നതനേതാവ് അയത്തുള്ള ഖൊമേനി ഫത്വയിറക്കിയിരുന്നു. അതേത്തുടര്‍ന്ന് ഒളിവുജീവിതം നയിക്കാന്‍ നിര്‍ബന്ധിതനായ റഷ്ദി സ്വതന്ത്രസഞ്ചാരം തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയുള്ളൂ. അതിനിടെയാണ് കുത്തേറ്റത്.