കരിയറും ബിസിനസും വളര്‍ത്തുന്നതിലെ മമ്മൂട്ടി മോഡല്‍
- പരിമിതികളെ രാകി മിനുക്കി വളര്‍ന്നത് മഹാനടനിലേക്ക്
- പുതിയ തലമുറയോടും ഭാവുകത്വങ്ങളോടും ചേര്‍ന്നു നില്‍ക്കല്‍
- അപ്ഡേറ്റ് ചെയ്തും സ്വയം നവീകരിച്ചും മുന്നോട്ടുപോകല്‍
മലയാളത്തിന്‍റെ അഭിമാന താരം മമ്മൂട്ടി ഇന്ന് 72 -ാം ജന്മദിനം ആഘോഷിക്കുകയാണ്. എറണാകുളത്തെ വസതിക്കു മുന്നില്‍ പതിവുപോലെ പാതിരാവിലും എത്തിച്ചേര്‍ന്ന ആരാധകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ച് മെഗാ സ്റ്റാര്‍ തന്‍റെ പിറന്നാള്‍ ആഘോഷത്തിന് തുടക്കമിട്ടു. 70 പിന്നിട്ടിട്ടും താരശോഭയോടെ പ്രസക്തമായി സിനിമാ വ്യവസായത്തില്‍ നിലകൊള്ളുന്ന മറ്റൊരു സൂപ്പര്‍ താരത്തെ ഇന്ന് ചൂണ്ടിക്കാണിക്കാനില്ല. തന്‍റെ പരിമിതികളെ മറികടന്ന് മെത്തേഡ് ആക്റ്റിംഗില്‍ ലോകം ശ്രദ്ധിച്ച പ്രതിഭയായും അതേസമയം തിയറ്ററുകളില്‍ ആരവം ഉയര്‍ത്തിയ താരമായും അദ്ദഹം വളര്‍ന്ന കഥ ഏതൊരു പ്രൊഫഷണലിനും സംരംഭകനും പ്രചോദനമാകുന്നതാണ്.
തുടക്കം അടിത്തറ ഒരുക്കിയ ശേഷം
1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലെ ചെറു വേഷത്തിലൂടെ 20 -ാം വയസ്സില്‍ തന്നെ അരങ്ങേറ്റം കുറിച്ചെങ്കിലും വൈക്കം ചെമ്പ് പാണാപറമ്പില്‍ മുഹമ്മദ് കുട്ടി സിനിമ എന്ന സ്വപ്നത്തിലേക്ക് ഇറങ്ങി നടന്നത് പിന്നെയും ഒരു പതിറ്റാണ്ടോളം കഴിഞ്ഞാണ്. ഇതിനിടെ തന്‍റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം മഞ്ചേരി കോടതിയില്‍ വക്കീല്‍ എന്ന നിലയില്‍ വരുമാനം ഉറപ്പിക്കുകയും ചെയ്തു. 1981ല്‍ പുറത്തിറങ്ങിയ മേളയിലൂടെയാണ് അദ്ദേഹം തന്‍റെ സിനിമാ മോഹം സജീവമാക്കുന്നത്.
ഇതിനിടെ 1979 ല്‍ എംടി വാസുദേവന്‍ നായരുടെ ദേവലോകം എന്ന ചിത്രത്തില്‍ പ്രധാന വേഷം ലഭിച്ചെങ്കിലും ഈ ചിത്രം പാതിവഴിയില്‍ മുടങ്ങി. ഇത് തുടക്കത്തിലേ നിരാശയ്ക്ക് വഴിവെച്ചെങ്കിലും എംടിയുമായുള്ള ചങ്ങാത്തം പിന്നീട് അഭിനയ രംഗത്തും സാംസ്കാരിക മേഖലയിലും സജീവ സാന്നിധ്യമാകുന്നതിന് അദ്ദേഹത്തിന് വഴിയൊരുക്കി.
രാകിയാല്‍ ഇനിയും മിനുങ്ങും
മമ്മൂട്ടി സ്വയം പുതുക്കുന്ന ഒരു നടന ശരീരമാണ്. പ്രേക്ഷകര്‍ക്ക് ആസ്വാദ്യകരമായ ചലനങ്ങളോ ചേഷ്ഠകളോ ജന്മസിദ്ധമായി അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. സ്വന്തം വൈകാരിക ഭാവങ്ങളെ കഥാപാത്രത്തിലേക്ക് മാറ്റുന്ന വഴക്കമല്ല അദ്ദേഹത്തിന് ഉള്ളത്. മറിച്ച് നിരീക്ഷണ പാടവത്തിലൂടെ താന്‍ സ്കെച്ച് ചെയ്തെടുക്കുന്ന കഥാപാത്ര ഭാവങ്ങളിലേക്ക് പരുവപ്പെടുന്ന ശൈലിയാണ്. കഥാപാത്രങ്ങളെ അതിന്‍റെ വൈവിധ്യങ്ങളോടെയും സാംസ്കാരിക, സാമ്പത്തിക, പ്രാദേശിക സവിശേഷതകളോടെയും അവതരിപ്പിക്കാന്‍ മമ്മൂട്ടിക്ക് സാധിക്കുന്നത് തന്‍റെ ഈ ശൈലിയെ രാകി മിനുക്കുന്നതിലൂടെയാണ്.
ആഗ്രഹം നിമിത്തമാണ് താന്‍ നടനായതെന്നും സിനിമയ്ക്ക് തന്നെ എന്നതിനേക്കാള്‍ തനിക്ക് സിനിമയെ ആണ് കൂടുതല്‍ ആവശ്യമെന്നും നിരന്തരം ആവര്‍ത്തിക്കുന്ന നടനാണ് അദ്ദേഹം. മഹാനടനായി വളര്‍ന്നിട്ടും പുതിയ കഥാപാത്രങ്ങള്‍ക്കായി സമയമെടുത്ത് തയാറെടുപ്പ് നടത്തുന്നതിനും ശരീരവും ശബ്ദവും ഭാവവും ഒരുക്കിയെടുക്കുന്നതിനും അദ്ദേഹം എടുക്കുന്ന ശ്രമം ഏതൊരു പുതുതലമുറക്കാരനെയും ആവേശത്തിലാക്കുന്നതാണ്.
അവസരങ്ങള്‍ തേടുകയും ഒരുക്കുകയും ചെയ്യുക
പുതിയ കഥാപാത്രങ്ങളും വ്യത്യസ്തതകളും തേടിച്ചെല്ലുന്നതിലും തലമുറ വ്യത്യാസമില്ലാതെ മികച്ച കഥാപാത്രങ്ങള്‍ക്കായി സംവിധായകരെ സമീപിക്കുന്നതിനും മമ്മൂട്ടി മടി വിചാരിക്കാറില്ല. സഹസംവിധായകരും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പടെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രതിഭകളെ ശ്രദ്ധിക്കുന്നതിനും അവര്‍ക്ക് അവസരങ്ങളൊരുക്കുന്നതിനും അവരെ തന്‍റെ കരിയറിന് ഉതകുന്ന വിധം പ്രയോജനപ്പെടുത്തുന്നതിനും അദ്ദേഹം ശ്രമിക്കാറുണ്ട്. നിരവധി നടന്‍മാരും അണിയറ പ്രവര്‍ത്തകരും ഇത്തരത്തില്‍ മമ്മൂട്ടി ചിത്രങ്ങളിലൂടെ സിനിമയില്‍ തങ്ങളുടേതായ ഇടം നേടിയെടുത്തിട്ടുണ്ട്.
മലയാളത്തില്‍ ഏറ്റവുമധികം പുതുമുഖ സംവിധായകര്‍ക്ക് അവസരമൊരുക്കിയ താരം മമ്മൂട്ടിയാണ്. ചിലര്‍ക്ക് അങ്ങോട്ട് ഡേറ്റ് വാഗ്ദാനം ചെയ്താണ് മെഗാസ്റ്റാര്‍ അവരുടെ ആദ്യ ചിത്രത്തിലേക്ക് എത്തിയിട്ടുള്ളത്. സിനിമാ സംവിധാന മോഹവുമായി എത്തുന്ന ഒരാള്‍ അത്രയേറേ തയാറെടുപ്പും പരിശോധനകളും തന്‍റെ ആദ്യ ചിത്രത്തിനായി എടുക്കുന്നുണ്ടാകുമെന്നും തന്‍റെ ആദ്യ ചിത്രം മികച്ചതാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും മമ്മൂട്ടി തന്നെ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്.
വ്യക്തിപരമായ അച്ചടക്കം
'പെര്‍ഫെക്റ്റ് ജെന്‍റില്‍മാന്‍' എന്ന ഇമേജിലും നിരവധി പുതുതലമുറക്കാര്‍ക്ക് പ്രചോദനമാണ് മമ്മൂട്ടി. കാമറയ്ക്ക്പ്പുറം താരം എന്ന നിലയില്‍ ആള്‍ക്കൂട്ടത്തോട് സംവദിക്കാനുള്ള വഴക്കക്കുറവും വിമുഖതയും മൂലം അദ്ദേഹം വിമര്‍ശനങ്ങള്‍ നേരിട്ടുണ്ട്. എന്നാല്‍ താരപദവിയുടെ ഉന്നതിയില്‍ നിക്കുമ്പോള്‍ പോലും ഗോസിപ്പ് കോളങ്ങള്‍ക്ക് ഇട നല്‍കുകയോ വ്യക്തിപരമായ അച്ചടക്കം കൈവിടുകയോ ചെയ്തിട്ടില്ല.
നടനെന്ന നിലയിലും താരം എന്ന നിലയിലും തന്‍റെ ശരീരം കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം അദ്ദേഹം എക്കാലത്തും തിരിച്ചറിഞ്ഞു. തനിക്ക് പ്രിയപ്പെട്ട എല്ലാ ഭക്ഷണവും കഴിക്കും, എന്നാല്‍ അതിന്‍റെ അളവ് തന്നെ ബാധിക്കാതെ ശ്രദ്ധിക്കുകയും ചെയ്യും. സിനിമയ്ക്കു വേണ്ടിയല്ലാതെ പുക വലിക്കില്ല എന്ന തീരുമാനവും അദ്ദേഹം എടുത്തിട്ടുണ്ട്.
സിനിമയ്ക്കു പുറത്ത് പരസ്യങ്ങളിലും ടിവി പരിപാടികളിലും ഉദ്ഘാടനങ്ങളിലും വളരെ ചുരുക്കം മാത്രമേ മമ്മൂട്ടിയെ കാണാനായിട്ടുള്ളൂ. തന്‍റെ കംഫര്‍ട്ട് സോണ്‍ തിരിച്ചറിയുകയും സിനിമയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്ന അദ്ദേഹം പക്ഷേ, സിനിമാ മേഖലയിലെ തന്‍റെ പ്രിയപ്പെട്ടവരുടെ ചടങ്ങുകളിലേക്ക് വലുപ്പചെറുപ്പം പരിഗണിക്കാതെ കടന്നു ചെല്ലാറുമുണ്ട്. സിനിമയിലെ സൗഹൃദങ്ങളിലും അദ്ദേഹം ഒരു കോക്കസിന്‍റെയോ ലോബിയുടെയോ ഭാഗമായില്ല. എന്നാല്‍ തലമുറ വ്യത്യാസമോ വലുപ്പചെറുപ്പങ്ങളോ പരിഗണിക്കാതെ പലര്‍ക്കും പ്രിയപ്പെട്ടവനാകുകയും ചെയ്തു.
തിരക്കുകള്‍ക്കിടയിലും സ്വന്തം കുടുംബത്തിനൊപ്പം സമയം ചെലവഴിക്കാനും നല്ല ഭര്‍ത്താവായും പിതാവായും തന്നെ നിലനിര്‍ത്താനും കൂടി മമ്മൂട്ടി സമയം കണ്ടെത്തുന്നു. വലിയ സ്വപ്നങ്ങള്‍ക്ക് പുറകെ പോകുമ്പോള്‍ കുടുംബത്തെ എങ്ങനെ കൈവിടാതിരിക്കാം എന്നതിന്‍റെയും പാഠപുസ്തകമാണ് മെഗാസ്റ്റാറിന്‍റെ ജീവിതം.
കാലത്തിനൊത്ത അപ്ഡേഷന്‍
സിനിമയില്‍ മാത്രമല്ല, സാങ്കേതിക രംഗത്തും സാമൂഹ്യമൂലങ്ങളിലും രാഷ്ട്രീയ രംഗത്തും വരുന്ന മാറ്റങ്ങളെ നിരന്തരം തിരിച്ചറിയുകയും നവീകരിക്കുകയും ചെയ്യുന്നു അദ്ദേഹം. പുതിയ കാലത്തിനൊത്ത ചിത്രങ്ങളും മൂല്യങ്ങളും ഉള്‍ക്കൊള്ളുന്നതില്‍ വായനാ ശീലവും വിപുലമായ കാഴ്ചാ ശീലവും അദ്ദേഹത്തെ സഹായിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്ന പല നടന്‍മാരും തങ്ങള്‍ക്ക് സിനിമ കാണാന്‍ സമയമില്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുതും വലുതുമായി എത്തുന്ന നിരവധി സിനിമകള്‍ കാണാനും അതിനു പിന്നിലെ കലാകാരന്‍മാരെ തിരിച്ചറിയുവാനും മമ്മൂട്ടി സമയം ചെലവഴിക്കുന്നുണ്ട്.
തന്‍റെ ചുറ്റുമുള്ള ലോകത്തോട് എപ്പോഴും സംവേദന ക്ഷമമാണ് അദ്ദേഹം. പുതിയ സംവിധായകര്‍ക്കും കലാകാരന്‍മാര്‍ക്കും മാത്രമല്ല ഏറ്റവും എളുപ്പത്തില്‍ അദ്ദേഹം പ്രാപ്യനായിരിക്കുന്നത്. സാധാരണഗതിയില്‍ സിനിമാ താരങ്ങള്‍ മുന്നോട്ടുവെക്കുന്ന ചാരിറ്റി ഇമേജിനപ്പുറം വിവിധ മേഖലകളില്‍ കേന്ദ്രീകരിക്കുന്ന, കൂടുതല്‍ സാമൂഹിക പ്രസക്തമായ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തിന്‍റെ രക്ഷാകര്‍ത്വത്തില്‍ നടക്കുന്നത്.
സജീവം ഊര്‍ജ്ജസ്വലം
കാമറയ്ക്ക് മുന്നില്‍ അഭിനയിക്കുക എന്ന തന്‍റെ അഭിനിവേശത്തിനു വേണ്ടിയാണ് താന്‍ സിനിമയില്‍ തുടരുന്നതെന്നും അത് ഒരിക്കലും അണയുകയില്ലെന്നും മമ്മൂട്ടി പറയുന്നു. തന്നിലൂടെ സിനിമയിലെത്താനും മുന്നേറാനും ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ താനുണ്ടാകും എന്ന നിലപാടാണ് 72 -ാം വയസിലും അദ്ദേഹത്തെ സജീവമായി നിലനിര്‍ത്തുന്നത്. കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി ഉടനേ പുറത്തുവരാനുള്ളത്. ഭ്രമയുഗം എന്ന ഹൊറര്‍ ചിത്രത്തിന്‍റെ തിരക്കുകളിലാണ് അദ്ദേഹം. വിവിധ ചിത്രങ്ങളുടെ പ്രീ പ്രൊഡക്ഷനും പുരോഗമിക്കുന്നു.
തലമുറകളെ പ്രചോദിപ്പിച്ച് ഇനിയും മലയാളത്തിന്‍റെ മഹാനടനമായി തിരശീല നിറയാന്‍ അദ്ദേഹമുണ്ടാകും.