എസ്ബിഐ ചെയര്‍മാനായി ദിനേഷ് ഖാരയ്ക്ക് 10 മാസം കൂടി നല്‍കും
എംഡി അശ്വിനി കുമാർ തിവാരിക്കും കാലപരിധി നീട്ടിനല്‍കിയേക്കും
എസ്ബിഐ ചെയർമാൻ പദവിയില്‍ ദിനേശ് ഖാരയ്ക്ക് 10 മാസം കൂടി നല്‍കുമെന്ന് സൂചന. 2020 ഒക്റ്റോബറിലാണ് അദ്ദേഹത്തെ മൂന്നു വര്‍ഷത്തേക്ക് ചെയര്‍മാനായി നിയമിച്ചത്. ഇത് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടുന്നത് പരിഗണിക്കുന്നത്. 63 വയസാണ് എസ്ബിഐ ചെയര്‍മാന്‍റെ നിര്‍ബന്ധിത വിരമിക്കല്‍ പ്രായം. അടുത്ത ഓഗസ്റ്റില്‍ 63 വയസു പൂര്‍ത്തിയാകുന്നതു വരെ ദിനേശ് ഖാരയുടെ കാലാവധി നീട്ടുന്നതാണ് പരിഗണിക്കുന്നത്.
ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നതിന് മുമ്പ്, എസ്‍ബിഐ-യുടെ മാനേജിംഗ് ഡയറക്ടറായിരുന്നു ഖാര. 1984-ൽ പ്രൊബേഷണറി ഓഫീസറായാണ് അദ്ദേഹം എസ്ബിഐ-യില്‍ ജോയിന്‍ ചെയ്തത്.
എസ്ബിഐ എംഡി അശ്വിനി കുമാർ തിവാരിക്കും കാലപരിധി നീട്ടിനല്‍കിയേക്കും എന്ന് സ്രോതസ്സുകളെ ഉദ്ദരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ നിലവിലെ കാലാവധി 2024 ജനുവരിയിലാണ് അവസാനിക്കുന്നത്. ഇത് രണ്ട് വർഷം കൂടി നീട്ടുന്നതിനാണ് സാധ്യത.
നിലവിലെ നേതൃത്വത്തിന് കീഴിൽ, എസ്ബിഐ ശക്തമായ പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ അറ്റാദായം 50,000 കോടി രൂപയിലെത്തി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തില്‍ ബാങ്കിന്റെ അറ്റാദായം 178 ശതമാനം ഉയർന്ന് 16,884 കോടി രൂപയായി. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം കഴിഞ്ഞ വർഷം സമാന കാലയളവിലെ 3.91 ശതമാനത്തിൽ നിന്ന് 2.76 ശതമാനമായി കുറഞ്ഞു.