അവധിയെടുക്കാതെ ജോലി ചെയ്തത് 27 വര്‍ഷം; ബര്‍ഗര്‍ കിംഗിലെ ജീവനക്കാരന് സമ്മാനമായി ലഭിച്ചത് 3.50 കോടി രൂപ
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭാവന ചെയ്തു
മാസത്തില്‍ രണ്ട് കാഷ്വല്‍ ലീവ് എങ്കിലും എടുക്കാത്ത ജീവനക്കാര്‍ അപൂര്‍വ്വമായിരിക്കും. ഞായറാഴ്ച ലഭിക്കുന്ന അവധിക്കു പുറമെയാണ് രണ്ട് കാഷ്വല്‍ ലീവ് പലരും എടുക്കുന്നത്.
എന്നാല്‍ യുഎസ്സിലെ ലാസ് വെഗാസിലെ മക്കാരന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബര്‍ഗര്‍ കിംഗിലെ കാഷ്യറും പാചകക്കാരനുമായി ജോലി ചെയ്യുന്ന കെവിന്‍ ഫോര്‍ഡ് 27 വര്‍ഷമായി അവധിയെടുക്കാതെയാണു ജോലി ചെയ്തത്. 27 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയത് കെവിന്‍ ആഘോഷിച്ചപ്പോള്‍ അതിന്റെ വീഡിയോ അദ്ദേഹം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമായിരുന്നു ആഘോഷം സംഘടിപ്പിച്ചതും ടിക് ടോക്കില്‍ പോസ്റ്റ് ചെയ്തതും. ഈ വീഡിയോ അധികം താമസിയാതെ തന്നെ വൈറലുമായി.
കെവിന്റെ അപൂര്‍വ്വ നേട്ടത്തിന്റെ വീഡിയോ കണ്ടതിനു ശേഷം അദ്ദേഹം ജോലി ചെയ്യുന്ന റെസ്റ്റോറന്റിലെ മാനേജര്‍ അദ്ദേഹത്തിന് ഒരു ബാഗ് സമ്മാനിച്ചു. ബാഗില്‍ നിറയെ മിഠായികളും, സ്റ്റാര്‍ബക്ക്‌സ് കപ്പും, കീ ചെയ്‌നും, പേനയുമൊക്കെയായിരുന്നു.
ഇതിന്റെ വീഡിയോ കണ്ട പലരും അഭിപ്രായപ്പെട്ടത് കെവിന്‍ ഇതിലും മികച്ച പ്രതിഫലം അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു. 27 വര്‍ഷം അവധിയെടുക്കാതെ ജോലി ചെയ്ത ഒരു മനുഷ്യനെ അപമാനിക്കുന്നതിനു തുല്യമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായമുയര്‍ന്നു.
ഇതേ തുടര്‍ന്നു കെവിന്‍ ഫോര്‍ഡിന്റെ മകള്‍ സെറീന തന്റെ പിതാവിന്റെ വിരമിക്കലിന് പണം കണ്ടെത്തുന്നതിനായി ഓണ്‍ലൈനില്‍ ഗോ ഫണ്ട് മീ എന്ന പേരില്‍ ഒരു പേജ് സൃഷ്ടിച്ചു. ക്രൗണ്ട് ഫൗണ്ടിംഗ് ആയിരുന്നു ലക്ഷ്യം.
നിരവധി പേര്‍ കെവിന് സംഭാവന ചെയ്യാന്‍ മുന്നോട്ടു വന്നു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഭാവന ചെയ്തു. 2023 ഓഗസ്റ്റ് 11-ാം തീയതി വരെയുള്ള കണക്ക്പ്രകാരം ഗോ ഫണ്ട് മീ പേജിലൂടെ ഏകദേശം 3.50 കോടി രൂപ സംഭാവനയായി ലഭിച്ചെന്നാണ്.
ഇത്രയും വലിയ തുക സംഭാവനയായി ലഭിച്ച വിവരം കെവിന്‍ അത്ഭുതത്തോടെയാണ് അറിഞ്ഞത്.
' ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ഔദാര്യമനോഭാവം തന്നെ അത്ഭുതപ്പെടുത്തി ' യെന്ന് കെവിന്‍ പറഞ്ഞു.