ലൈഫ് ഇൻഷുറൻസ് എന്ന അനിവാര്യത
ലൈഫ് ഇൻഷുറൻസ് എന്നത് മഹത്തായ ഒരു ആശയമാണ്. ഈ മേഖലയുടെ ദേശസാത്ക്കരണം കഴിഞ്ഞിട്ട് 65 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഈ ആശയം, അല്ലെങ്കിൽ അതിന്റെ അർത്ഥ വ്യാപ്തി ഗ്രഹിക്കാൻ നമ്മളിൽ ഭൂരിപക്ഷം പേർക്കും ഇന്നും സാധ്യമായിട്ടില്ല. സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക, ശാസ്ത്ര സാഹിത്യ മേഖലകളിലൊക്കെ തന്നെ അഭൂതപൂർവ്വമായ സമൂല പരിവർത്തനങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ലൈഫ് ഇൻഷുറൻസിനെ നിക്ഷേപ മാർഗങ്ങളിലെ വെറും ഒരു സേവിങ്സ് പ്രൊഡക്ട് എന്ന പരിവേഷം ചാർത്തി മാത്രം പേർസണൽ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് […]
;ലൈഫ് ഇൻഷുറൻസ് എന്നത് മഹത്തായ ഒരു ആശയമാണ്. ഈ മേഖലയുടെ ദേശസാത്ക്കരണം കഴിഞ്ഞിട്ട് 65 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ഈ ആശയം, അല്ലെങ്കിൽ അതിന്റെ അർത്ഥ വ്യാപ്തി ഗ്രഹിക്കാൻ നമ്മളിൽ ഭൂരിപക്ഷം പേർക്കും ഇന്നും സാധ്യമായിട്ടില്ല.
സാമൂഹിക, സാമ്പത്തിക, സാംസ്ക്കാരിക, ശാസ്ത്ര സാഹിത്യ മേഖലകളിലൊക്കെ തന്നെ അഭൂതപൂർവ്വമായ സമൂല പരിവർത്തനങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ലൈഫ് ഇൻഷുറൻസിനെ നിക്ഷേപ മാർഗങ്ങളിലെ വെറും ഒരു സേവിങ്സ് പ്രൊഡക്ട് എന്ന പരിവേഷം ചാർത്തി മാത്രം പേർസണൽ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് അവതരിപ്പിച്ചു പോരുന്നുവെന്നത് അതീവഗുരുതരമായ ഒരു തെറ്റാണെന്നതിന് സംശയമില്ല.
ലൈഫ് ഇൻഷുറൻസ് എന്നത് 'എക്കണോമിക്ക് ഇന്റെർപ്രറ്റേഷൻ ഓഫ് വൺസ് ഓൺ ലൈഫ്' എന്നയർത്ഥത്തിൽ ഒരു മനുഷ്യന്റെ ജീവിതത്തിന്റെ സാമ്പത്തികാവിഷ്ക്കാരമാണ്. ഒരു വ്യക്തിയുടെ സമ്പാദന കാലഘട്ടത്തിൽ (earnings period) അയാളുടെ സ്വകാര്യ ചെലവുകൾ (personal expenses) കഴിഞ്ഞ് കുടുംബത്തിനായി ശേഷിക്കുന്ന മിച്ചം വാർഷികമായി കണക്കാക്കി അതിനെ സമ്പാദന കാലഘട്ടങ്ങളിലൂടെ കാപ്പിറ്റലൈസ് ചെയ്യുന്ന തുകയുടെ നിലവിലെ മൂല്യം (present value) എന്നത് ഹ്യൂമൺ ലൈഫ് വാല്യു എന്ന ആശയമായി രൂപപ്പെട്ടിട്ടുണ്ട്.
മഹാനായ ഡോ. സോളമൻ എസ് ഹ്യൂബർ ആണ് ഈ ആശയത്തിന്റെ ഉപഞ്ജാതാവ്. ഈ സാമ്പത്തിക മൂല്യമാണ് യഥാർത്ഥത്തിൽ ഒരു മനുഷ്യന്റെ സാമ്പത്തികാവിഷ്ക്കാരത്തിന് ആധാരമായിട്ടുള്ളത്. ഇതിനു തുല്യമായ തുകയാണ് ഈ വ്യക്തിക്ക് വേണ്ട 'ലൈഫ് ഇൻഷുറൻസ് സം അഷ്യൂർഡ്'.
ജീവിതം തുടങ്ങി അവസാനിക്കുന്നത് വരെ നമ്മെ പിന്തുടരുന്ന ഒരു പ്രതിഭാസമാണ് 'റിസ്‌ക് എലമെന്റ്'. അപ്രതീക്ഷിതമായി ഒരാൾക്ക് മരണം സംഭവിച്ചാൽ ആ കുടുംബത്തിന്റെ താളലയങ്ങൾ തെറ്റുന്നു. അനിശ്ചിതത്തിന്റെ കാർമേഘം ആ കുടുംബത്തെ മൂടുന്നു. ഈ സന്ദർഭത്തിൽ മരണപ്പെട്ട കുടുംബനാഥന്റെ ലൈഫ് ഇൻഷുറൻസ് പോളിസി ക്ലെയിം കുടുംബത്തിന് പ്രകാശം പകരുക മാത്രമല്ല, കുടുംബാംഗങ്ങൾക്ക് ആത്മവിശ്വാസത്തോടെ ജീവിതയാത്ര തുടരാനും സഹായിക്കുന്നു.
വ്യക്തിയുടെ മരണത്തിന് സമാനമായി പരിഹാര മാർഗങ്ങൾ ഒന്നും തന്നെ ഇല്ലെങ്കിലും ഹ്യൂമൻ ലൈഫ് വാല്യൂവിൽ അതിഷ്ഠിതമായ ലൈഫ് ഇൻഷുറൻസ് തുക യഥാർത്ഥത്തിൽ ആ കുടുംബത്തിന് വലിയ ഒരു സാന്ത്വനമാണ്.
ലോകത്ത് മറ്റൊരു ഇൻവെസ്റ്റ്മെന്റിനും സാദ്ധ്യമല്ലാത്ത ഈ ശക്തിവിശേഷം ലൈഫ് ഇൻഷുറൻസിനു മാത്രം അവകാശപ്പെട്ട അതുല്യമായ ഒന്നാണ്! മരണം സംഭവിച്ചില്ലെങ്കിൽ കാലാവധി കഴിഞ്ഞാൽ മുഴുവൻ തുകയും അതിന്റെ പലിശയും അദ്ദേഹത്തിന് മച്ച്യൂരിറ്റി തുകയായി ലഭിക്കുകയും തുടർന്നുള്ള ജീവിതം ആത്മവിശ്വാസത്തോടെ ജീവിക്കാൻ അയാളെ സഹായിക്കുകയും ചെയ്യുന്നു.
ലൈഫ് ഇൻഷുറൻസ് സംരക്ഷണം സ്വമേധയാ, പ്രേരണകൾക്കു വിധേയമാകാതെ തന്നെ, ഹ്യൂമൻ ലൈഫ് വാല്യൂവിനധിഷ്ഠിതമായി സ്വന്തമാക്കുമ്പോഴാണ് ജീവിതത്തിന് പൂർണത കൈവരിക്കുന്നത്. പേർസണൽ ഫിനാൻസ് മാനേജ്മെന്റിൽ ലൈഫ് ഇൻഷുറൻസ് കൂടാതെയുള്ള കണക്കുകൂട്ടലുകളും, കാഴ്ച്ചപ്പാടുകളും, രൂപപ്പെടുത്തലുകളുമൊക്കെ അപ്രസക്തവും അപൂർണ്ണവുമാണ്.
ചുരുക്കത്തിൽ, ലൈഫ് ഇൻഷുറൻസ് ഒരാളുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒരു ഉപാധിയാണെന്നുള്ള യാഥാർത്ഥ്യം സമൂഹം തിരിച്ചറിയേണ്ടതുണ്ട്. ലൈഫ് ഇൻഷുറൻസ് ഉറപ്പു നൽകുന്ന ആത്മവിശ്വാസവും, മനശ്ശാസ്ത്രപരമായ പിന്തുണയും ഒരു മനുഷ്യ ജീവിതത്തിന് വലിയ മുതൽകൂട്ടാണ്.
ലൈഫ് ഇൻഷുറൻസ് കോൺട്രാക്ട് ആരംഭിച്ച് ആദ്യ പ്രീമിയം അടച്ചു കഴിഞ്ഞാലുടൻ തന്നെ 'റിസ്ക് ഫാക്ടർ' മുഴുവൻ ഇൻഷുറൻസ് തുകയ്ക്കും ലഭ്യമാണ് എന്ന യാഥാർത്ഥ്യം മറക്കരുത്. അതുകൊണ്ട് വൈകാരിക മൂല്യം ഏറെ അടങ്ങിയിട്ടുള്ള ലൈഫ് ഇൻഷുറൻസ് ഒരു ജീവിതത്തിന് വിട്ട് വീഴ്ച്ചയില്ലാത്ത (uncompromise) അനിവാര്യത കലർന്ന സത്യമാണ് എന്ന് സമൂഹം മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ഇന്ത്യയിലെ ലൈഫ് ഇൻഷുറൻസ് പെനെറ്റ്റേഷൻ ഡെൻസിറ്റി എന്നിവ നാം പരിശോധിക്കേണ്ടതായിട്ടുണ്ട്. പെനെറ്റ്റേഷൻ എന്നത് ഒരു പ്രത്യേക വർഷത്തെ ലൈഫ് ഇൻഷുറൻസ് പോളിസികളുടെ പ്രീമിയവും ഇന്ത്യയിലെ ജി ഡി പിയും തമ്മിലുള്ള അനുപാതമാണ്. ഡെൻസിറ്റി എന്നത് 'ഗ്രോസ് പ്രീമിയം ഇൻകം' ആ രാജ്യത്തിന്റെ ജനസംഖ്യയുമായുള്ള അനുപാതവും.
2021ലെ ലൈഫ് ഇൻഷുറൻസ് പെനെറ്റ്റേഷനും ഡെൻസിറ്റിയും ഇന്ത്യയെ സംബന്ധിച്ച് യഥാക്രമം 4.2%, $78 എന്നതാണ്. വികസിത രാഷ്ട്രങ്ങളെ സംബന്ധിച്ചാണെങ്കിൽ ഇവ അതീവ വ്യത്യസ്ഥവും. അതുപോലെ തന്നെ ഏതാണ്ട് 140 കോടി ജനസംഖ്യയുള്ള ഇന്ത്യയിലെ ഇൻഷുറൻസ് ലഭ്യത കൈവരിച്ച കണക്ക് ഏറെക്കുറെ 20% മാത്രം. അമേരിക്ക പോലുള്ള രാജ്യങ്ങളിലാകട്ടെ ഇത് 50%നു മുകളിലും. ലൈഫ് ഇൻഷുറൻസ് വികസനത്തെ സംബന്ധിച്ചും വേഗതയെ സംബന്ധിച്ചുമുള്ള കണക്കുകളാണിവ.