ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് കോഹ്‌ലി ഈടാക്കുന്നത് 11.4 കോടി രൂപ ? യാഥാര്‍ഥ്യം ഇതാണ്

  • ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റ് 2023 ലാണ് കോഹ്‌ലിയുടെ വരുമാനത്തെ കുറിച്ചു പറയുന്നത്
  • ഈ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് കോഹ്‌ലി
  • ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റ് പ്രകാരം, വിരാട് കോഹ്‌ലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 255,269,526 ഫോളോവേഴ്‌സുണ്ട്

Update: 2023-08-12 06:00 GMT

കായിക താരങ്ങളില്‍ വച്ച് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നവരില്‍ ഒരാളാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോഹ്‌ലി.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി തുടങ്ങിയവര്‍ കഴിഞ്ഞാല്‍ ഇന്‍സ്റ്റാഗ്രാമില്‍ കൂടുതല്‍ വരുമാനം നേടുന്ന കായിക താരം കോഹ്‌ലിയാണെന്നു കഴിഞ്ഞ ദിവസം hopperhq.com പ്രസിദ്ധീകരിച്ച പട്ടിക ചൂണ്ടിക്കാട്ടി.

hopperhq.com പുറത്തുവിട്ട ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റ് 2023 ലാണ് കോഹ്‌ലിയുടെ വരുമാനത്തെ കുറിച്ചു പറയുന്നത്. ഇന്‍സ്റ്റാഗ്രാം ഷെഡ്യൂളിംഗ് ആപ്പ് ആണ് hopperhq.com

ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്‍സ്റ്റാഗ്രാം സെലിബ്രിറ്റിയാണ് കോഹ്‌ലിയെന്നും ഇതില്‍ പറയുന്നുണ്ട്. ഇന്‍സ്റ്റാഗ്രാമിലെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും 1,384,000 ഡോളര്‍ വീതം (ഏകദേശം 11.4 കോടി രൂപ) കോഹ്‌ലി ഈടാക്കുന്നതായിട്ടാണ് ഇതില്‍ ചൂണ്ടിക്കാണിച്ചത്.

എന്നാല്‍ ഈ റിപ്പോര്‍ട്ട് നിഷേധിച്ച് രംഗത്തുവന്നിരിക്കുകയാണ് കോഹ്‌ലി.


ഓഗസ്റ്റ് 12ന് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് (മുന്‍പ് ട്വിറ്റര്‍) ഇന്‍സ്റ്റാഗ്രാം വരുമാനം സംബന്ധിച്ച റിപ്പോര്‍ട്ട് നിഷേധിച്ച് കോഹ്‌ലി രംഗത്തുവന്നത്.

' ജീവിതത്തില്‍ എനിക്ക് ലഭിച്ച എല്ലാത്തിനും ഞാന്‍ നന്ദിയുള്ളവനും കടപ്പെട്ടവനുമാണെങ്കിലും, എന്റെ സോഷ്യല്‍ മീഡിയ വരുമാനത്തെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ സത്യമല്ല ' കോഹ്‌ലി കുറിച്ചു.

ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും നടി പ്രിയങ്ക ചോപ്രയുമാണ് ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റില്‍ 2023-ല്‍ പ്രത്യക്ഷപ്പെട്ട രണ്ട് ഇന്ത്യന്‍ സെലിബ്രിറ്റികള്‍.

ഇന്‍സ്റ്റാഗ്രാം റിച്ച് ലിസ്റ്റ് പ്രകാരം, വിരാട് കോഹ്‌ലിക്ക് ഇന്‍സ്റ്റാഗ്രാമില്‍ 255,269,526 ഫോളോവേഴ്‌സുണ്ട്.

പ്രിയങ്ക ചോപ്രയ്ക്കാകട്ടെ, ഇന്‍സ്റ്റാഗ്രാമില്‍ 88,538,623 ഫോളോവേഴ്‌സുമുണ്ട്.

532,000 ഡോളറാണ് (ഏകദേശം 4 കോടി, 42 ലക്ഷം രൂപ) ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിന് പ്രിയങ്ക ഈടാക്കുന്നതെന്നും ലിസ്റ്റില്‍ പറയുന്നുണ്ട്.

Tags:    

Similar News