റീപോ നിരക്ക് കുറയും

  • സര്‍ക്കാരിന്റെ ആഗ്രഹം നിരക്ക് കുറയ്ക്കുക എന്നതാണ്
  • സമ്പദ് വ്യവസ്ഥയില്‍ പണ ലഭ്യത വര്‍ധിപ്പിക്കാനാണ് ആദായനികുതി പരിധി ഉയര്‍ത്തിയത്
  • വ്യാപകമായ രീതിയില്‍ ഉപഭോഗം ഉറപ്പുവരുത്തുവാന്‍ നിരക്ക് കുറയ്ക്കുന്നതിലൂടെ സാധ്യമാകും

Update: 2025-02-06 09:15 GMT

റീപോ നിരക്ക് ഇത്തവണ കുറയ്ക്കും. അത് 25 ബേസിസ് പോയിന്റാണോ, അതില്‍ കൂടുതലാണോ എന്ന് മാത്രമേ അറിയാനുള്ളൂ.

സമ്പദ് വ്യവസ്ഥയില്‍, പ്രത്യേകിച്ച്, ബാങ്കുകളുടെ കൈയ്യില്‍ പണം ആവശ്യത്തിന് ഇല്ല എന്ന് പത്തു ദിവസം മുമ്പാണ് കേന്ദ്ര ബാങ്ക് പറഞ്ഞത്. ഈ പ്രതിസന്ധി തരണം ചെയ്യുവാന്‍ കേന്ദ്ര ബാങ്ക് വിപണിയില്‍ നേരിട്ട് ഇടപെടുകയും (ഒഎംഒ) ചെയ്തു. 1.5 ലക്ഷം കോടി രൂപയാണ് ഇത് വഴി പല ഘട്ടങ്ങളിലായും പലവിധ വഴികളിലൂടെയും വിപണിയില്‍ എത്തുക. ഡിസംബറിലെ മോനിറ്ററി പോളിസി തീരുമാനത്തില്‍ അമ്പത് ബേസിസ് പോയിന്റ് ക്യാഷ് റിസേര്‍വ് റേഷ്യോ കുറച്ചുകൊണ്ട് 1.6 ലക്ഷം കോടി രൂപ ബാങ്കുകളുടെ കൈയ്യില്‍ എത്തിച്ചതിന് ശേഷമാണ് ഈ വിപണി ഇടപെടലും കൂടുതല്‍ പണം സമ്പദ് വ്യവസ്ഥയിലേക്ക് എത്തിക്കുന്നതും. അതിനര്‍ത്ഥം സ്വഭാവികമായ രീതിയില്‍ ആവശ്യത്തിന് പണമൊഴുക്ക് രാജ്യത്ത് ഇല്ല എന്നാണ്.

ജി ഡി പി വളര്‍ച്ച കണക്കുകൂട്ടിയ രീതിയില്‍ എത്താത്തതിന്റെ പ്രധാന കാരണമായി സര്‍ക്കാര്‍ പറയുന്നത് വിപണിയില്‍ പണമൊഴുക്ക് ആവശ്യത്തിന് ഇല്ല എന്നതാണ്. വളര്‍ച്ചാനിരക്ക് 6.8 ശതമാനം, 6.6 ശതമാനം എന്നൊക്കെ തുടരെ തുടരെ മാറ്റി പറയുന്നത് ഇതുകൊണ്ടാണ്. നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ വളര്‍ച്ച നിരക്ക് 5.4 ശതമാനമായി കുറഞ്ഞത് പരക്കെ ആശങ്ക ജനിപ്പിക്കുകയും ചെയ്തു. ഇതും കൂടെ കണിക്കിലെടുത്തു കൊണ്ടാവാം, ഏറ്റവും പുതിയ എസ്റ്റിമേറ്റ് അനുസരിച്ച് ജി ഡി പി വളര്‍ച്ച 6.4 ശതമാനമെന്ന് വീണ്ടും താഴേക്ക് വെച്ചിരിക്കുന്നത്.

ഡിസംബറില്‍ റീപോ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് ആഗ്രഹമുണ്ടായിരുന്നു. ഇക്കാര്യം ധനമന്ത്രിയടക്കം തുറന്ന് സംസാരിച്ചതുമാണ്. എന്നാല്‍ മോനിറ്ററി കമ്മിറ്റി ആറില്‍ നാല് ഭൂരിപക്ഷത്തില്‍ നിരക്കുകള്‍ തൊടാതെ നിലനിര്‍ത്തി. പോളിസി സ്റ്റാന്‍സ് ന്യൂട്രല്‍ എന്ന് തീരുമാനിക്കുകയും ക്യാഷ് റിസര്‍വ് റേഷ്യോ അര ശതമാനം കുറക്കുകയും ചെയ്ത് കൊണ്ട് ലിക്വിഡിറ്റി ആവശ്യം ഭാഗികമായി നിറവേറ്റുകയും ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ മനസ് മനസ്സിലാക്കിയതുകൊണ്ടാവാം, വളരെ ശ്രദ്ധാപൂര്‍വമാണ് ഗവര്‍ണര്‍ ശക്തി കാന്ത ദാസ് അന്ന് പോളിസി തീരുമാനങ്ങള്‍ രാജ്യത്തെ അറിയിച്ചത്. എന്നത്തേയും പോലെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ കേന്ദ്ര ബാങ്കിന് അതിയായ ആഗ്രഹവും ഉത്തരവാദിത്തവും ഉണ്ട് എന്ന് പറഞ്ഞുകൊണ്ട്, അദ്ദേഹം പറഞ്ഞത്, കേന്ദ്ര ബാങ്കിന്റെ പ്രാഥമിക ഉത്തരവാദിത്തമായ ലിക്വിഡിറ്റി മാനേജ്‌മെന്റും പണപ്പെരുപ്പ നിയന്ത്രണവും നിറവേറ്റുവാന്‍ വേണ്ടിയുള്ള തീരുമാനങ്ങളാണ് കൈക്കൊണ്ടിരിക്കുന്നത് എന്നാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഈ തീരുമാനങ്ങളില്‍ പൂര്‍ണ സംതൃപ്തരായില്ല.

മോനിറ്ററി പോളിസിയില്‍ വേണ്ടത്ര ലിക്വിഡിറ്റി റിലീസ് സാധ്യമാവാത്ത സാഹചര്യത്തില്‍ സര്‍ക്കാരിന്റെ മുമ്പിലുള്ള പോംവഴി ഫിസ്‌കല്‍ പോളിസി വഴി അത് സാധ്യമാകുമോ എന്ന് ശ്രമിക്കലാണ്. അതിനുള്ള ഉത്തരമാണ്, കേന്ദ്ര ബഡ്ജറ്റില്‍ കണ്ടത്. പ്രത്യക്ഷ നികുതിയില്‍ മുമ്പെങ്ങുമില്ലാത്ത രീതിയില്‍ ഇളവ് കൊണ്ടുവന്നത്, ഇടത്തരക്കാരെ സഹായിക്കുവാന്‍ വേണ്ടി മാത്രമല്ല, സമ്പദ് വ്യവസ്ഥയില്‍ പണ ലഭ്യത വര്‍ദ്ധിപ്പിച്ച് ഉപഭോഗം വര്‍ദ്ധിപ്പിക്കുവാനും അത് വഴി വളര്‍ച്ചയെ ത്വരിതപ്പെടുത്തുവാനും വേണ്ടിയാണ്. എന്നാല്‍ ഈ തീരുമാനം വഴി ജോലിക്കാരുടെയും മറ്റും കൈയ്യില്‍ കൂടുതല്‍ പണം എത്തുവാന്‍ സമയം എടുക്കും. ഒരു ലക്ഷം കോടി രൂപയാണ് ഈ ഇനത്തില്‍ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ കുറവ് വരിക എന്ന് ബഡ്ജറ്റില്‍ പറയുന്നു. ഈ ഒരു ലക്ഷം കോടി രൂപ മുഴുവനും ഒറ്റയടിക്ക് വിപണിയില്‍ എത്തില്ല. മാത്രമല്ല, ഇതില്‍ ഒരു ഭാഗം സേവിങ്‌സ് ആയും, മറ്റൊരു ഭാഗം ഇന്‍വെസ്റ്റ്‌മെന്റ് ആയും പോകും. അതിനുമുപരി നികുതിയില്‍ കുറവ് വരുത്തിയതിന്റെ ആനുകൂല്യം ചെറിയൊരു വിഭാഗത്തിന് മാത്രമേ ലഭിക്കുന്നുള്ളൂ. പുതിയ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങളിലൂടെ പണം വിപണിയിലെത്താനും സമയമെടുക്കും. ഇതൊക്കെ നോക്കിയാല്‍, സമ്പദ് വ്യവസ്ഥയില്‍ വ്യാപകമായ രീതിയില്‍ ഉപഭോഗം ഉറപ്പുവരുത്തുവാന്‍ കുറെ കൂടെ ആളുകളിലേക്ക് ക്രയവിക്രയശേഷി വേഗത്തില്‍ എത്തുന്ന നടപടികള്‍ വേണം. അത് സാധ്യമാകുക, കേന്ദ്ര ബാങ്ക് നിരക്ക് കുറക്കുന്നത് കൊണ്ട് മാത്രമാണ്.

ഇത്തവണ നിരക്ക് കുറക്കുവാന്‍ കേന്ദ്ര ബാങ്കിന് എന്താണ് തടസ്സം?

ചില തടസ്സങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, വിലക്കയറ്റം കേന്ദ്ര ബാങ്ക് നിശ്ചയിട്ടുള്ള അഭിലഷണീയ നാല് ശതമാനം എന്ന നിലയിലേക്ക് താഴ്ന്നിട്ടില്ല എന്നതാണ്. നടപ്പു സാമ്പത്തിക വര്‍ഷം വിലക്കയറ്റ നിരക്ക് 4.5 ശതമാനത്തിനും 4.8 ശതമാനത്തിനും ഇടയില്‍ നിര്‍ത്താന്‍ കഴിയുമെന്ന് ഡിസംബറിലെ മോനിറ്ററി പോളിസി അവലോകനസമയത്ത് കരുതിയിരുന്നു. എന്നാല്‍ ഡിസംബറിലെ റിപ്പോര്‍ട്ട് അനുസരിച്ച് ഇത് 5.22 ശതമാനത്തില്‍ ആണ്. നവംബറിലെ നിരക്കായിരുന്ന 5.48 ശതമാനത്തില്‍ നിന്ന് താഴ്ന്നു എന്നത് ആശ്വാസമാണ്. എങ്കിലും ഈ സാമ്പത്തിക വര്‍ഷം വിലക്കയറ്റ നിരക്ക് 5 ശതമാനത്തില്‍ നിര്‍ത്താന്‍ കഴിയുമോ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ ഉറപ്പില്ല.

അങ്ങനെ നോക്കുമ്പോള്‍, വിലക്കയറ്റ മാര്‍ഗ്ഗനിര്‍ദ്ദേശവും ലക്ഷ്യവും റീപോ നിരക്ക് കുറക്കുവാന്‍ അനുകൂലമല്ല. അമേരിക്ക നിരക്കുകള്‍ ഒന്നുരണ്ടു തവണ കുറച്ചു എന്നതാണ് നമ്മുടെ നിരക്ക് കുറയ്ക്കാനായി മറ്റൊരു കാരണം പറയാവുന്നത്. എന്നാല്‍ ഈ സ്ഥിതിക്ക് വലിയ മാറ്റം വന്നിരിക്കുകയാണ്. നിരക്കുകള്‍ തുടര്‍ച്ചയായി കുറച്ചേക്കാം എന്ന വിലയിരുത്തലൊന്നും ഇന്ന് അവിടെ നിലവിലില്ല. മാത്രമല്ല ഫെഡറല്‍ റിസര്‍വ് ഇപ്പോള്‍ പറയുന്നത് ഇനിയൊരു കുറവിന് പ്രസക്തിയില്ല എന്നാണ്. പുതിയ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനങ്ങള്‍, പ്രത്യേകിച്ച്, ചൈന, കാനഡ, മെക്‌സിക്കോ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് വര്‍ദ്ധിച്ച ചുങ്കം ചുമത്തിയത്, അവിടെ വലിയ വിലക്കയറ്റത്തിന് ഇടയാക്കും. അങ്ങനെയൊരു സാഹചര്യത്തില്‍, എങ്ങനെയാണ്, ഫെഡറല്‍ റിസര്‍വ് നിരക്ക് കുറക്കുക?

അമേരിക്കന്‍ സംഭവവികാസങ്ങള്‍ മൂലം ഡോളര്‍ ശക്തിപ്പെടുകയും ഇന്ത്യന്‍ രൂപ വീണ്ടും താഴേക്കു പോകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് നമ്മുടെ റിസര്‍വ് ബാങ്ക് നിരക്ക് കുറക്കുക?

എങ്ങനെയാണ് റിസര്‍വ് ബാങ്ക് നിരക്ക് കുറക്കുക?

വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുമ്പോഴും, വളര്‍ച്ചയെ ലക്ഷ്യം വെച്ച് കൊണ്ട്, യൂറോപ്യന്‍ യൂണിയന്‍ രണ്ടാഴ്ച മുമ്പാണ് നിരക്ക് കുറച്ചത്. മാത്രമല്ല, ഇനിയും കുറയ്ക്കും എന്നാണ് അവിടുത്തെ നിലപാട്. ഇത്, റിസര്‍വ് ബാങ്കിന് വേണമെങ്കില്‍ ഇത്തവണ പിന്തുടരാം. പ്രത്യേകിച്ചും, ഈ സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ മോനിറ്ററി പോളിസി ആയതിനാലും, ആഭ്യന്തര വളര്‍ച്ചക്ക് ഇനിയുള്ള രണ്ടു മാസങ്ങളില്‍ ഉത്തേജനം നല്‍കി, സര്‍ക്കാരിന്റെ വളര്‍ച്ച ലക്ഷ്യത്തെ പിന്‍താങ്ങാം. മറ്റൊന്ന്, കേന്ദ്ര ബാങ്കിന്റെ വിപണി ഇടപെടലുകളും, ക്യാഷ് റിസര്‍വ് റേഷ്യോ കുറക്കലുമെല്ലാം പണലഭ്യത വര്‍ദ്ധിപ്പിച്ച് കൂടുതല്‍ വായ്പകള്‍ നല്‍കാന്‍ ബാങ്കുകളെ പ്രാപ്തരാക്കും എന്നിരിക്കലും ബാങ്ക് വായ്പകളുടെ നിരക്ക് കുറക്കണമെന്നില്ല. അങ്ങനെ കുറച്ചതായി നമ്മുടെ അനുഭവത്തില്‍ ഇല്ല. എന്നാല്‍ നിരക്ക് കുറക്കുന്നത് അങ്ങനെയല്ല. റീപോ നിരക്കുമായി ബന്ധപ്പെട്ടിരിക്കുന്ന എല്ലാ വായ്പകള്‍ക്കും, ഒറ്റയടിക്കല്ലെങ്കില്‍ പോലും, പലിശ കുറക്കുവാന്‍ ബാങ്കുകള്‍ നിയമപരമായി ബാധ്യസ്ഥരാവും. ഭവന വായ്പകള്‍ പോലുള്ള, വാഹന വായ്പകള്‍ പോലുള്ള വ്യക്തിഗത വായ്പകള്‍ എടുത്ത ധാരാളം ആളുകള്‍ക്ക് ഉടനടി കുറഞ്ഞ തവണ തുക അടച്ചാല്‍ മതിയാവും. ഫ്‌ലോട്ടിങ് നിരക്ക് വായ്പകളും കുറച്ച നിരക്കില്‍ ലഭ്യമാകും. വ്യവസായങ്ങള്‍ക്കും, ഉത്പാദനമേഖലക്കും മറ്റെല്ലാ ബിസിനെസ്സിനും ഇത് കൈത്താങ്ങാകും. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പ്രത്യക്ഷ നികുതിയിളവ് പോലെയല്ല, രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളുടെ വാങ്ങല്‍ ശേഷി പുഷ്ടിപ്പെടും.

ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റത്തില്‍ വന്ന നേരിയ ആശ്വാസവും തുടര്‍ന്നങ്ങോട്ട് ഈ നില മെച്ചപ്പെടുമെന്ന വിലയിരുത്തലും നിരക്ക് കുറക്കുവാന്‍ മോനിറ്ററി പോളിസി കമ്മിറ്റിയെ സഹായിക്കും. മാത്രമല്ല, വിലക്കയറ്റ നിരക്ക് നാലില്‍ നിന്ന് രണ്ട് ശതമാനം കൂടി ആറ് വരെ എത്തിയാലും പിടിച്ചുനില്‍ക്കാം എന്നാണല്ലോ കേന്ദ്ര ബാങ്കിന്റെ പ്രഖ്യാപിത നിലപാട്. അങ്ങനെ നോക്കുമ്പോള്‍, അവിടെയും വലിയ വെല്ലുവിളി ഇല്ല.

ആറില്‍ അഞ്ചില്‍ ഭൂരിപക്ഷത്തോടെയായിരുന്നു കഴിഞ്ഞതിന്റെ മുന്നത്തെ കമ്മിറ്റി നിരക്കുകള്‍ നിലനിര്‍ത്തുവാന്‍ തീരുമാനിച്ചത്. കഴിഞ്ഞ തവണ ഇത്, ആറില്‍ നാലായി കുറഞ്ഞു. എല്ലാറ്റിനും ഉപരിയായി, പുതിയ ഗവര്‍ണറുടെ ആദ്യത്തെ മോനിറ്ററി അവലോകനമാണ് പോളിസിയാണ് വരാനിരിക്കുന്നത്. ഇത്തവണ നിരക്ക് കുറക്കുക തന്നെ ചെയ്യും. 

Tags:    

Similar News