ഇന്ത്യ 2026 ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്നാണ് എന്റെ കണക്കുകൂട്ടൽ. നിലവിലെ ഡോളര്‍ അടിസ്ഥാനത്തിലുള്ള ജിഡിപി അപ്പോഴേക്കും അഞ്ച് ട്രില്യണ്‍ ഡോളറിലെത്തുമെന്നും ഞാൻ മനസ്സിലാക്കുന്നു.
അതെ സമയം ജര്‍മ്മനിയുടെയോ ജപ്പാന്റെയോ സമ്പദ് വ്യവസ്ഥകള്‍ വരുന്ന മൂന്ന് വര്‍ഷങ്ങളില്‍ നിലവിലെ ഡോളര്‍ മൂല്യമനുസരിച്ച് അഞ്ച് ട്രില്യണ്‍ ഡോളര്‍ കടക്കാന്‍ സാധ്യതയില്ല..
2022 ലെ 4.2 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2027 ല്‍ 5.03 ട്രില്യണ്‍ ഡോളറിലെത്താന്‍ ജപ്പാന്‍ നിലവിലെ ഡോളര്‍ മൂല്യത്തില്‍ 3.5 ശതമാനം വളര്‍ച്ചാ നിരക്ക് നിലനിര്‍ത്തേണ്ടിവരും.
എന്നാൽ, നാല് ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍, ജര്‍മ്മന്‍ ജിഡിപി 2023 ല്‍ 4.4 ട്രില്യണ്‍ ഡോളറില്‍ നിന്ന് 2026 ല്‍ 4.9 ട്രില്യണ്‍ ഡോളറായും 2027 ല്‍ 5.1 ട്രില്യണ്‍ ഡോളറായും ഉയരാൻ സാധ്യതയുണ്ട്.
'ഈ കണക്കുകള്‍ പരിശോധിക്കുമ്പോൾ ഇന്ത്യന്‍ ജിഡിപിക്ക് ഈ രണ്ട് രാജ്യങ്ങളുടെയും ജിഡിപി എത്ര വേഗത്തില്‍ മറികടക്കാന്‍ കഴിയും?.. അതാണ് ചോദ്യം,. നിലവിലെ ഡോളര്‍ മൂല്യത്തില്‍ നോക്കിയാൽ 10.22 ശതമാനം വാര്‍ഷിക ശരാശരി നിരക്കിലാണ് ഇന്ത്യ വളര്‍ന്നത്.
ഈ നിരക്കില്‍, നിലവിലെ ഡോളറിലുള്ള ഇന്ത്യയുടെ ജിഡിപി 2026-ല്‍ അഞ്ച് ട്രില്യണ്‍ ഡോളറും 2027-ല്‍ 5.5 ട്രില്യണ്‍ ഡോളറും എത്തും. 2026 അവസാനത്തോടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി മാറുമെന്നതിന് നല്ല പ്രതീക്ഷകളുണ്ട്. അതിന്റെ മുഴുവന്‍ സാധ്യതകളും സാക്ഷാത്കരിക്കുന്നതിന്, ഇന്ത്യ അതിന്റെ സാമ്പത്തിക യൂണിറ്റുകള്‍ വളരുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളേണ്ടിയിരിക്കുന്നു.
ചെറുകിട ആവാസവ്യവസ്ഥകളും ചെറുകിട കൃഷിയിടങ്ങളും ചെറുകിട സംരംഭങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വ്യവസായത്തിലും സേവനങ്ങളിലും സംരംഭങ്ങളെ വലുതായി വളരാന്‍ സഹായിക്കുന്ന പരിഷ്‌കാരങ്ങള്‍ ബഹുജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും, ഇത് തൊഴിലാളികള്‍ക്ക് ഗ്രാമങ്ങളില്‍ നിന്ന് നഗരപ്രദേശങ്ങളിലേക്ക് കുടിയേറാന്‍ വഴിയൊരുക്കും. അതാകട്ടെ, കൂടുതല്‍ ജനങ്ങളെ വികസനം ഉള്ളിടത്തേക്ക് എത്തിക്കും.
ജനസംഖ്യ ക്രമേണ നഗരങ്ങളില്‍ കേന്ദ്രീകരിക്കപ്പെടുന്നതോടെ, സ്‌കൂളുകളും കോളേജുകളും പോലുള്ള മേഖലകളില്‍ ചെറിയവയ്ക്ക് പകരം വലിയ യൂണിറ്റുകള്‍ ഉണ്ടാകും. ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന്റെ നെറുകയിലാണ് നാം ഇപ്പോൾ എത്തി നിൽക്കുന്നത്.
അടുത്ത രണ്ട് ദശാബ്ദങ്ങള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പരിവര്‍ത്തനം കാണും. ഇതിനകം ആര്‍ജിച്ച വലിയ സാമ്പത്തിക അടിത്തറയും ഉയര്‍ന്ന പ്രതീക്ഷിത വളര്‍ച്ചാ നിരക്കും കണക്കിലെടുക്കുമ്പോള്‍, രാജ്യം ക്രമാനുഗതമായി ഉയരുന്ന സമൃദ്ധിക്ക് സാക്ഷ്യം വഹിക്കുമെന്നതിൽ സംശയമില്ല.
(നീതി ആയോഗ് മുന്‍ വൈസ് ചെയർമാനാണ് ലേഖകൻ)