2034 ലോകകപ്പ് ലക്ഷ്യമിട്ട് പുതിയ ഹൈടെക് സ്റ്റേഡിയം നിർമ്മിക്കാൻ സൗദി
- ക്വിദ്ദിയ സിറ്റിയിലാണ് മുഹമ്മദ് ബിന്‍ സല്‍മാൻ സ്റ്റേഡിയം നിർമ്മിക്കുന്നത്
- 45,000 കാണികൾക്ക് ഇടം നൽകുന്ന സ്റ്റേഡിയത്തിന് സ്ലൈഡിങ് റൂഫ്, എൽഇഡി വാളും
- കായിക ലോകത്ത് തങ്ങളുടെ ശക്തമായ സാന്നിധ്യം ഉറപ്പിക്കണം
2034 ലെ ലോകകപ്പ് ഫുട്ബോള്‍ ലക്ഷ്യമിട്ട് പുതിയ ഹൈടെക് സ്റ്റേഡിയം നിർമ്മിക്കാൻ സൗദി അറേബ്യ ഒരുങ്ങുന്നു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പേരിട്ടിരിക്കുന്ന സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തികള്‍ക്ക് തുടക്കം കുറിച്ചതായി ഖിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി (ക്യുഐസി) പ്രഖ്യാപിച്ചു.
സൗദി അറേബ്യയില്‍ അരങ്ങേറുന്ന ഏറ്റവും വലിയ കായിക, വിനോദ, സാംസ്കാരിക പരിപാടികൾ നടത്തുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ സ്റ്റേഡിയത്തിന്റെ നിർമ്മാണം. റിയാദിൽ നിന്ന് 40 മിനിറ്റ് മാത്രം അകലെ സ്ഥിതി ചെയ്യുന്ന, 200 മീറ്റർ ഉയരമുള്ള തുവൈഖ് മലഞ്ചെരുവിലെ ക്വിദ്ദിയ സിറ്റിയിലാണ് മുഹമ്മദ് ബിന്‍ സല്‍മാൻ സ്റ്റേഡിയം നിർമ്മിക്കുന്നത്. അടുത്ത പതിറ്റാണ്ടിൽ കായിക ലോകത്ത് തങ്ങളുടെ ശക്തമായ സാന്നിധ്യം അറിയിക്കാനുള്ള സൗദിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പുതിയ സ്റ്റേഡിയം.
അത്യാധുനിക സാങ്കേതിക വിദ്യകൾ
45,000 കാണികൾക്ക് ഇടം നൽകുന്ന സ്റ്റേഡിയത്തിന് സ്ലൈഡിങ് റൂഫ്, കാണികൾക്ക് കൂടുതൽ ആവേശം പകരാൻ നൂറുകണക്കിന് മീറ്റർ നീളമുള്ള എൽഇഡി വാളും ഉണ്ടായിരിക്കും. ഉയർന്ന സാങ്കേതികവിദ്യകളിലൂടെ ഗെയിമിംഗ് ആരാധകർക്ക് അവിശ്വസനീയമായ വിനോദ അനുഭവങ്ങൾ നൽകുക എന്നതാണ് ഈ ഫ്യൂച്ചറിസ്റ്റിക് വേദിയിലൂടെ ലക്ഷ്യമിടുന്നത്.
അതിശയിപ്പിക്കുന്ന രൂപകൽപ്പന
“വിനോദം, കായികം, സംസ്കാരം എന്നിവയുടെ ആഗോള ലക്ഷ്യസ്ഥാനമായി ക്വിദ്ദിയ സിറ്റിയെ മാറ്റുക എന്നതാണ് തങ്ങളുടെ അഭിലാഷം. ഈ ഐതിഹാസികമായ പുതിയ സ്റ്റേഡിയം അതിന്റെ ഹൃദയഭാഗത്തായിരിക്കും സ്ഥിതി ചെയുക, പരമ്പരാഗത സ്റ്റേഡിയം എന്ന ആശയം പുനർനിർമ്മിക്കുകയും ക്വിദ്ദിയയുടെ പവർ ഓഫ് പ്ലേ ഫിലോസഫിയുടെ യഥാർത്ഥ ചൈതന്യം ഉൾക്കൊള്ളുകായും ചെയ്യും,
അത്യാധുനിക സാങ്കേതികവിദ്യയും, നൂതനവും ലോകത്തെ മുൻനിര രൂപകൽപ്പനയും ഉപയോഗിച്ച് കാഴ്ചക്കാരനെ അനുഭവത്തിന്റെ കേന്ദ്രത്തിൽ നിർത്തും.
"ഇവിടം ലോകമെമ്പാടുമുള്ള ആരാധകർക്കും, സന്ദർശകർക്കുമുള്ള ഒരു പ്രമുഖ ലക്ഷ്യസ്ഥാനമായി മാറും. ലോകത്തുടനീളമുള്ള പ്രധാന കായിക, വിനോദ ഇവന്റുകൾ ഇവിടെ അരങ്ങേറും,സ്റ്റേഡിയത്തെക്കുറിച്ച് ക്വിദ്ദിയ ഇൻവെസ്റ്റ്‌മെന്റ് കമ്പനി മാനേജിംഗ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽദാവുദ് പറഞ്ഞു.