അവതാര്‍-2 നേടിയത് 46000 കോടി രൂപ; ഇന്ത്യയില്‍നിന്ന് മാത്രം 400 കോടി

  • വിഷ്വല്‍ എഫക്ടുകളുടെ പിന്‍ബലത്തില്‍ ഒരുക്കിയ ആ വിസ്മയ കാഴ്ചയെ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു

Update: 2023-01-18 07:30 GMT

13 വര്‍ഷം മുമ്പ് ജെയിംസ് കാമറൂണ്‍ അവതാര്‍ എന്ന അദ്ഭുത ചിത്രവുമായി വരുമ്പോള്‍ ഗ്രാഫിക്സും വിഎഫ്എക്സുമൊന്നും ഇന്നത്തെ പോലെ ഉണ്ടായിരുന്നില്ല. എന്നാല്‍ വിഷ്വല്‍ എഫക്ടുകളുടെ പിന്‍ബലത്തില്‍ ഒരുക്കിയ ആ വിസ്മയ കാഴ്ചയെ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു.

2009 ഡിസംബറില്‍ റിലീസായ ചിത്രം നേടിയത് 2.923 ബില്യണ്‍ ഡോളര്‍! ചെലവു വന്നത് 23 കോടി ഡോളര്‍ മാത്രം. ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചെന്നു മാത്രമല്ല, നിര്‍മാതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു കാമറൂണ്‍. ഇന്ന് സിനിമകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന കംമ്പ്യൂട്ടര്‍ നിര്‍മിത കഥാപാത്രങ്ങളുടെ തുടക്കമായിരുന്നു അത്. വിതരണത്തിന് 20വേ സെഞ്ച്വറി ഫോക്സ് എന്ന ബ്രഹ്‌മാണ്ഡ കമ്പനിയെയും ലഭിച്ചു.

ദ ടെര്‍മിനേറ്റര്‍ (1984), ടെര്‍മിനേറ്റര്‍ 2: ജഡ്ജ്‌മെന്റ് ഡേ (1991), ടൈറ്റാനിക് (1997) തുടങ്ങിയ വന്‍ സാമ്പത്തിക വിജയം നേടിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്റെ 10 വര്‍ഷം നീണ്ട സന്യാസത്തില്‍ നിന്നുള്ള തിരിച്ചുവരവിന്റെ ആഘോഷം കൂടിയാണ് അവതാര്‍ 2 (അവതാര്‍: ദ വേ ഓഫ് വാട്ടര്‍).

20 കോടി ഡോളര്‍ മുടക്കി 200 കോടി ഡോളര്‍ നേടിയ ടൈറ്റാനിക്കിലൂടെ മികച്ച ചിത്രത്തിനും മികച്ച സംവിധായകനുമുളള അക്കാദമി അവാര്‍ഡ് (ഓസ്‌കര്‍ പുരസ്‌കാരം) നേടിയ ഈ കാനഡക്കാരനില്‍ നിന്ന് ഹോളിവുഡ് ഏറെ പ്രതീക്ഷിച്ചിരുന്നു. ഈ പ്രതീക്ഷ തെറ്റിയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അവതാര്‍ 2.

റിലീസ് ചെയ്ത് ഒരു മാസത്തിനകം ചിത്രം നേടിയത് 572.4 മില്യന്‍ ഡോളറാണ്. 46000 കോടി രൂപ! 608.5 മില്യന്‍ നേടിയ ഇന്‍ക്രഡിബിള്‍ 2ന് തൊട്ടടുത്ത്. ലോകത്തെ ഏറ്റവും നേട്ടം കൊയ്ത 10 സിനിമകളില്‍ ഒന്നായിരിക്കുന്നു അവതാര്‍ 2.

ഇന്ത്യയിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ദിനം തന്നെ 40.50 കോടി രൂപ കളക്റ്റ് ചെയ്ത ചിത്രം പൊങ്കല്‍ റിലീസായി വന്ന വീര സിംഹ റെഡ്ഡി, വാരിസ്, തുനിവ് എന്നീ ചിത്രങ്ങളെ ഭയക്കാതെ മുന്നേറുകയാണ്. ഇന്ത്യയിലെ ബോക്സ് ഓഫിസ് കലക്ഷന്‍ 400 കോടിയിലെത്തിയിരിക്കുകയാണ്.

40 കോടി ഡോളറാണ് അവതാര്‍-2 ന്റെ ബജറ്റ്. ഇതിലും കൂടുതല്‍ നിര്‍മാണച്ചെലവു വന്ന മൂന്നു ചിത്രങ്ങളേയുള്ളൂ ചരിത്രത്തില്‍. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ആണ് മുമ്പില്‍. എന്നാല്‍ 100 കോടി ഡോളര്‍ ഗ്രോസ് നേടിയ ആ റോബ് മാര്‍ഷല്‍ ചിത്രത്തിന്റെ ഇരട്ടിയോളം ഇതിനകം അവതാര്‍ 2 കലക്റ്റ് ചെയ്തു കഴിഞ്ഞു.

ഇത്തരം ചിത്രങ്ങളുടെ വിജയം ഇന്‍ഡസ്ട്രിയുടെ ആഘോഷമാകുന്നത് ചെലവിടുന്ന പണം നിരവധി കുടുംബങ്ങളില്‍ സന്തോഷം വിരിയിക്കുന്നു എന്നതിനാലാണ്. നികുതിയിനത്തില്‍ ചിത്രത്തിലൂടെയും തിയറ്ററുകളിലൂടെയും കോടികള്‍ ഒഴുകുമ്പോള്‍ അത് സമ്പദ് വ്യവസ്ഥയ്ക്കും താങ്ങായി മാറുന്നു.

ആര്‍ആര്‍ആര്‍, 2.0, ബ്രഹ്‌മാസ്ത്ര, ബാഹുബലി തുടങ്ങിയ സിനിമകളിലൂടെ ഇന്ത്യന്‍ ചലചിത്ര വ്യവസായവും പുരോഗമിക്കുകയാണ്. 550 കോടി രൂപ ചെലവില്‍ നിര്‍മിച്ച ആര്‍.ആര്‍.ആര്‍ ലോക ശ്രദ്ധ നേടി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടുകയാണ്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത വിജയ് ചിത്രം വാരി സ് 280 കോടി രൂപ ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.

200 കോടിയാണ് തല അജിത് നായകനായ തുനിവിന്റെ ബജറ്റ്. രാജമൗലി ചിത്രമായ ആര്‍ആര്‍ആര്‍ 1200 കോടി രൂപ കളക്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇതേ സംവിധായകന്റെ ബാഹുബലി 2 എന്ന ചിത്രം ബോക്സ് ഓഫിസില്‍ 1810 കോടി രൂപ നേടി അദ്ഭുതം സൃഷ്ടിച്ചിരുന്നു. നൂറു കോടി ബജറ്റുള്ള കെജിഎഫ് 2 നേടിയത് 1250 കോടി രൂപയാണ്.

ബോളിവുഡിനെ പിന്നിലാക്കി തെന്നിന്ത്യന്‍ സിനിമ മുന്നേറുമ്പോള്‍ മോളിവുഡിന് എടുത്തു കാട്ടാനുള്ളത് 100 കോടി ബജറ്റിലിറക്കിയ മരക്കാര്‍: അറബിക്കടലിന്റെ സിംഹം മാത്രമാണ്.

Tags:    

Similar News