തിരിച്ചുകയറി സ്വര്‍ണ വില

  • വീണ്ടും പവന് 44,000 രൂപയ്ക്ക് മുകളിലേക്കെത്തി
  • ഇന്നലെ പ്രകടമായത് രണ്ടുമാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വില
  • വിലയിലെ ചാഞ്ചാട്ടം തുടരുമെന്ന് വിലയിരുത്തല്‍

Update: 2023-06-16 06:39 GMT

സംസ്ഥാനത്തെ സ്വര്‍ണ വില ആറു ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് വര്‍ധന പ്രകടമാക്കി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയുടെ വർധനയോടെ 5510 രൂപയിലേക്ക് എത്തി. ഒരു പവന് 44,080 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 320 രൂപയുടെ വര്‍ധന. ഇന്നലെ 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 44,000 രൂപയ്ക്ക് താഴേക്കെത്തിയിരുന്നു. ഈ വര്‍ഷം ഏപ്രില്‍ 3ന് ശേഷം ആദ്യമായാണ് 22 കാരറ്റ് സ്വര്‍ണത്തിന്‍റെ വില ഗ്രാമിന് 5500 രൂപയ്ക്ക് താഴേക്കും പവന് 44,000 രൂപയ്ക്ക് താഴേക്കും വന്നത്.

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ തീരുമാനിച്ചതോടെ ഏപ്രിലിലും മേയിലും നിലനിര്‍ത്തിയ ഉയര്‍ന്ന തലത്തില്‍ നിന്ന് സ്വര്‍ണം ഇന്നലെ താഴേക്ക് വരികയായിരുന്നു. പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ല എന്ന സൂചനകള്‍ പുറത്തുവന്നപ്പോള്‍ തന്നെ സ്വര്‍ണ്ണത്തിന്‍റെ ആകര്‍ഷണീയതയ്ക്ക് ഇടിവേറ്റിരുന്നു. എന്നാല്‍ വര്‍ഷാന്ത്യത്തില്‍ പലിശ നിരക്കുകള്‍ ഇനിയും ഉയര്‍ത്തുമെന്ന സാധ്യതകള്‍ ഫെഡ് റിസര്‍വ് മുന്നോട്ടുവെച്ചതോടെ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ വലിയ അളവില്‍ സ്വര്‍ണത്തില്‍ തന്നെ തുടരാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്. 

യുഎസിലെ ബാങ്കിംഗ് പ്രതിസന്ധിയും ഡോളറിനുണ്ടായ മൂല്യ ശോഷണവും ഏപ്രില്‍ തുടക്കം മുതല്‍ സ്വര്‍ണ വിലയിലെ കുതിച്ചുകയറ്റത്തിന് കാരണമായിരുന്നു. എന്നാല്‍ മേയിലെ ഫെഡ് റിസർവ് പ്രഖ്യാപനങ്ങളെ തുടര്‍ന്ന് ഡോളറിന്‍റെ മൂല്യത്തിലുണ്ടായ തിരിച്ചുവരവും ബാങ്കിംഗ് പ്രതിസന്ധിക്ക് അയവുവന്നതും സ്വർണവിലയിലെ തിരുത്തലുകളിലേക്ക് നയിച്ചു. മേയില്‍ ഉടനീളം സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു. ഇത് ജൂണിലും തുടരുന്നതായാണ് ദൃശ്യമാകുന്നത്. 

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 6,011 രൂപയാണ്. 44 രൂപയുടെ വര്‍ധനയാണ് ഇന്നലത്തെ വിലയില്‍ നിന്നുണ്ടായിട്ടുള്ളത് . പവന് 48,088 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 352 രൂപയുടെവര്‍ധനയാണ് ഇത്. 

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് കാണാനാകുന്നത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 1 രൂപയുടെ വര്‍ധനയോടെ 78.50 രൂപയിലെത്തി. ഇന്നലെ 1 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 628 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 8 രൂപയുടെ വര്‍ധനയാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം ഇടിഞ്ഞു. 1 ഡോളറിന് 82.87 രൂപ എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.

Full View


Tags:    

Similar News