പ്രതികൂല കണക്കുകൾ ബുള്ളുകളുടെ വീര്യം കെടുത്താൻ സാധ്യത
ഭക്ഷ്യവസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും വിലയിടിവ് ആഭ്യന്തര പണപ്പെരുപ്പം 7 ശതമാനത്തിൽ താഴെയായി നിലനിർത്താൻ സഹായിച്ചു. എങ്കിലും, സിപിഐ ആർ.ബി.ഐയുടെ സഹിഷ്ണുത പരിധിക്ക് മുകളിൽ തുടരുകയാണ്. ഇത് 2024 ഒന്നാം പാദം മുതൽ പരിധിക്കുള്ളിൽ വീഴാൻ തുടങ്ങുമെന്ന് കണക്കാക്കപ്പെടുന്നു, ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു.
കൊച്ചി: ഇന്ത്യയുടെ വ്യാപാര കമ്മി ഒക്ടോബറിൽ 26.91 ബില്യൺ ഡോളറായി വർദ്ധിച്ചു എന്ന വാണിജ്യ മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ വിപണിക്ക് ശുഭകരമല്ല. കയറ്റുമതി പ്രതിവർഷം 17 ശതമാനം ഇടിഞ്ഞ് 29.78 ബില്യൺ ഡോളറിലെത്തിയപ്പോൾ ഇറക്കുമതി 6 ശതമാനം ഉയർന്നു. 2021 ഒക്ടോബറിൽ വ്യാപാരക്കമ്മി 17.91 ബില്യൺ ഡോളറായിരുന്നു. എന്നാൽ, നടപ്പ് സാമ്പത്തിക വർഷം പ്രത്യക്ഷ നികുതി പിരിവ് ബജറ്റ് ലക്ഷ്യമായ 14.20 ലക്ഷം കോടി രൂപയേക്കാൾ 30 ശതമാനം കവിയുമെന്ന സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് ചെയർമാൻ നിതിൻ ഗുപ്തയുടെ പ്രസ്താവന സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസകരമാണ്.
ഇന്നലെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -221.32 കോടി രൂപക്കും ആഭ്യന്തര നിക്ഷേപകർ -549.28 കോടി രൂപക്കും ഓഹരികൾ അധികം വിറ്റു. ഒക്ടോബര് 25-നു ശേഷം ആദ്യമായാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങൾ അറ്റ വില്പനക്കാരാകുന്നത്.
സിങ്കപ്പൂർ എസ്ജിഎക്സ് നിഫ്റ്റി രാവിലെ 7.15-നു -102.50 പോയിന്റ് താഴ്ചയിൽ വ്യാപാരം നടക്കുന്നത് ആഭ്യന്തര വിപണിയിൽ ആശങ്കയുണർത്താം.
ഇന്നലെ സെന്‍സെക്‌സ് 248.84 പോയിന്റ് ഉയര്‍ന്ന് 61,872.99 ലും, നിഫ്റ്റി 74.25 പോയിന്റ് ഉയര്‍ന്ന് 18,403.40 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റി 295.95 പോയിന്റ് ഉയർന്നു 42,372.70 ലാണ് അവസാനിച്ചത്.
വിദഗ്ധാഭിപ്രായം
"ആഗോള ഇക്വിറ്റികളിലെ നേട്ടങ്ങളെത്തുടർന്ന്, ആഭ്യന്തര വിപണിയിലെ തുടക്കത്തിലെ നഷ്ടം നികത്താൻ ബാങ്കിംഗ് ഓഹരികൾക്കായി. ഭക്ഷ്യവസ്തുക്കളുടെയും ഉൽപ്പന്നങ്ങളുടെയും വിലയിടിവ് ആഭ്യന്തര പണപ്പെരുപ്പം 7 ശതമാനത്തിൽ താഴെയായി നിലനിർത്താൻ സഹായിച്ചു. എങ്കിലും, സിപിഐ ആർ.ബി.ഐയുടെ സഹിഷ്ണുത പരിധിക്ക് മുകളിൽ തുടരുകയാണ്. ഇത് 2024 ഒന്നാം പാദം മുതൽ പരിധിക്കുള്ളിൽ വീഴാൻ തുടങ്ങുമെന്ന് കണക്കാക്കപ്പെടുന്നു," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായർ അഭിപ്രായപ്പെട്ടു.
"സെഷന്റെ അവസാന അരമണിക്കൂറിൽ ബുൾസ് ശക്തമായി തിരിച്ചെത്തി, ഇത് ബാങ്ക് നിഫ്റ്റിയെ അതിന്റെ പുതിയ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്തി. മുന്നോട്ട് പോകാനുള്ള പ്രവണത ശക്തമായി തുടരുന്നു, സൂചിക 43000-44000 ലെവൽ പരീക്ഷിക്കാൻ സാധ്യതയുണ്ട്. താഴേത്തട്ടിലുള്ള പിന്തുണ 41500-ൽ ദൃശ്യമാണ്, ഇത് ബുള്ളുകൾക്ക് ഒരു തടയണയായി പ്രവർത്തിക്കും. സ്വകാര്യ ബാങ്കുകളുടെ പങ്കാളിത്തത്തോടൊപ്പം പൊതുമേഖലാ ബാങ്കുകൾ ഉയർച്ചയിൽ തുടരാനാണ് സാധ്യത," എൽ കെ പി സെക്യൂരിറ്റീസിലെ സീനിയർ ടെക്നിക്കൽ & ഡെറിവേറ്റീവ് അനലിസ്റ്റ് കുനാൽ ഷാ പറയുന്നു.
ലോക വിപണി
ഏഷ്യന്‍ വിപണികളിൽ ജക്കാർത്ത കോമ്പസിറ്റ് (16.11), ഷാങ്ഹായ് (50.68), തായ്‌വാൻ (11.73) എന്നിവ നേരിയ നേട്ടം കാണിക്കുന്നുണ്ട്. എന്നാൽ ടോക്കിയോ നിക്കെ (-159.26), സൗത്ത് കൊറിയൻ കോസ്‌പി (-23.67), ഹാങ്‌സെങ് (-173.91), എന്നിവ ചുവപ്പിലാണ് തുടങ്ങിയിരിക്കുന്നത്.
യൂറോപ്പിൽ ലണ്ടൻ ഫുട്‍സീ 100 (-15.73) താഴ്ന്നപ്പോൾ ഫ്രാങ്ക്ഫർട് ഡി എ എക്‌സും (+65.21) പാരീസ് യുറോനെക്സ്റ്റും (+32.49)നേരിയ നേട്ടം കൈവരിച്ചു.
ചൊവ്വാഴ്ച അമേരിക്കന്‍ വിപണികളും നേരിയ തോതിൽ പിടിച്ചു കയറി. നസ്‌ഡേക് കോമ്പസിറ്റും (+162.19) എസ് ആൻഡ് പി 500 (+34.48) ഉം ഡൗ ജോൺസ് ഇന്ടസ്ട്രിയൽ ആവറേജും (+56.22) പച്ചയിലാണ് അവസാനിച്ചത്.
കമ്പനി റിപ്പോർട്സ്
എച്ച്‌ഡിഎഫ്‌സി പ്രൈവറ്റ് പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ ബോണ്ടുകൾ നൽകി 5,500 കോടി രൂപ സമാഹരിക്കും. ബോണ്ട് ഇഷ്യു 2022 നവംബർ 17-ന് ആരംഭിച്ച് അതേ ദിവസം തന്നെ അവസാനിക്കും.
കൊട്ടക് ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസേഴ്‌സ് അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയിൽ നിന്ന് 500 മില്യൺ ഡോളറിന്റെ ആങ്കർ നിക്ഷേപം നേടി.
പവർ യൂട്ടിലിറ്റി സിഇഎസ്‌സി നോൺ-കൺവേർട്ടബിൾ ഡിബഞ്ചറുകൾ ഇഷ്യൂ ചെയ്യുന്നതിലൂടെ 300 കോടി രൂപ സമാഹരിക്കും.
വാണിജ്യ വാഹനങ്ങൾക്കായി ഹൈഡ്രജൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആന്തരിക ജ്വലന എഞ്ചിനുകൾ, ഇന്ധന സെല്ലുകൾ, ബാറ്ററി ഇലക്ട്രിക് വാഹന സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടാറ്റ മോട്ടോഴ്‌സുമായി കമ്മിൻസ് ഇങ്ക് കരാർ ഒപ്പുവച്ചു.
ഹെർമിസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്‌സ് നയ്ക്ക ഫാഷന്റെ 25.82 ലക്ഷം ഇക്വിറ്റി ഓഹരികൾ ഷെയറൊന്നിന് ശരാശരി 198.48 രൂപ നിരക്കിൽ വാങ്ങി.
നിക്ഷേപകരായ പാസ്‌ചിം ഫിനാൻസ് ആൻഡ് ചിറ്റ് ഫണ്ടും വിക്ടറി സോഫ്‌റ്റ്‌വെയറും അൽസ്റ്റോൺ ടെക്സ്റ്റയിൽസിന്റെ 2.80 ലക്ഷം ഓഹരികൾ ശരാശരി 259.6 രൂപ നിരക്കിൽ വിറ്റു.
രണ്ടാം പാദ ഫലങ്ങൾ
പ്രമുഖ എഞ്ചിനീയറിംഗ് കമ്പനികളിലൊന്നായ ഗ്രീവ്സ് കോട്ടൺ രണ്ടാം പാദത്തിൽ ₹699 കോടിയുടെ ഏകീകൃത വരുമാനം പ്രഖ്യാപിച്ചു; കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു 87 ശതമാനം വളർച്ചയാണിത്.
സുപ്രജിത് എഞ്ചിനീയറിംഗിന്റെ രണ്ടാം പാദത്തിലെ അറ്റാദായം 45.74 കോടി രൂപയായി, കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 49.55 കോടിയുമായി താരതമ്യം ചെയ്യുമ്പോൾ 7.68 ശതമാനം കുറവാണിത്.
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 4,830 രൂപ (+20 രൂപ).
യുഎസ് ഡോളർ = 80.91 രൂപ (+0.37 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) = 93.79 ഡോളർ (0.02%)
ബിറ്റ് കോയിൻ = ₹14,69,950 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.04 ശതമാനം ഉയർന്നു 106.46 ആയി.
*ഐപിഒ
ഐനോക്‌സ് ഗ്രീൻ എനർജി* ഐ പി ഓ ഇന്ന് അവസാനിച്ചപ്പോൾ 1.55 തവണ സബ്‌സ്‌ക്രൈബ് ചെയ്തു. നവംബർ 18-നകം ഐപിഒ ഷെയർ അലോട്ട്‌മെന്റ് അന്തിമമാക്കും. നവംബർ 21-നകം ഐപിഒ ലഭിക്കാത്തവർക്ക് റീഫണ്ടുകൾ ക്രെഡിറ്റ് ചെയ്യപ്പെടും, യോഗ്യരായ നിക്ഷേപകർക്ക് നവംബർ 22-നകം അവരുടെ ഡീമാറ്റ് അക്കൗണ്ടുകളിൽ ഓഹരികൾ ലഭിക്കും.
കീസ്റ്റോൺ റിയൽറ്റേഴ്‌സിന്റെ 635 കോടി രൂപയുടെ ഐപിഒയ്ക്ക് രണ്ടാം ദിവസം 41 ശതമാനം സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. എൻഎസ്ഇ ഡാറ്റ പ്രകാരം 86,47,858 ഓഹരികൾക്കെതിരെ 35,77,662 ഓഹരികൾക്കാണ് ബിഡ് ലഭിച്ചത്. ഒരു ഷെയറിന് 514 - 541 രൂപ വിലയുള്ള ഐപിഓ ഇന്ന് അവസാനിക്കും.
ബ്രോക്കറേജ് വീക്ഷണം
അബോട്ട് ഇന്ത്യയും വി മാർട്ടും അശോക ബിൽഡ്‌കോണും അരബിന്ദോ ഫാർമയു ഗ്ലാക്സോയും ഫൈസറും ഇന്ന് വാങ്ങാവുന്ന ഓഹരികളാണെന്നു പ്രമുഖ റിസേർച് കമ്പനിയായ സെൻട്രം പറയുന്നു.
കൊറോമണ്ഡൽ ഇന്റർനാഷനലിന്റെയും ഐഷർ മോട്ടോഴ്സിന്റെയും ഓഹരികൾ വാങ്ങാമെന്നാണ് ജിയോജിത് ഫിനാൻഷ്യൽന്റെ അഭിപ്രായം.
റ്റെഗ ഇന്ഡസ്ട്രീസിന്റെ ഓഹരികൾ വാങ്ങാവുന്നതാണെന്നു എൽ കെ പി സെക്യൂരിറ്റീസ് അഭിപ്രായപ്പെടുന്നു.