അദാനി ഗ്രൂപ്പ് എന്‍ഡിടിവി ഓഹരികള്‍ ഏറ്റെടുക്കല്‍, ഓപ്പൺ ഓഫര്‍ ഇന്നു മുതല്‍
എന്‍ഡിടിവി യുടെ 26 ശതമാനം അധിക ഓഹരികള്‍ കൂടി ഏറ്റെടുക്കുന്നതിനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫര്‍ ഇന്നു മുതല്‍ (ചൊവ്വാഴ്ച്ച) ആരംഭിക്കും. ഓഹരികള്‍ പൂര്‍ണ്ണമായും സബ്സ്‌ക്രൈബ് ചെയ്താല്‍, ഓപ്പണ്‍ ഓഫറില്‍ ഒരു ഓഹരിക്ക് 294 രൂപ നിരക്കില്‍ 492.81 കോടി രൂപയാകും. ഇന്ന്് ആരംഭിക്കുന്ന ഓപ്പൺ ഓഫര്‍ ഡിംസബര്‍ അഞ്ചിന് അവസാനിക്കും. ആദ്യം ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ ഒന്നു വരെയായിരുന്നു ഓഫര്‍ നിശ്ചയിച്ചിരുന്നത്.
തിങ്കളാഴ്ച്ച എന്‍ഡിടിവി യുടെ ഓഹരികള്‍ ബിഎസ്ഇ ല്‍ 382.20 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇതിനെക്കാള്‍ 23.07 ശതമാനം താഴെയാണ് ഓഫര്‍ പ്രൈസ്. കഴിഞ്ഞ മൂന്നു മാസത്തിനിടെ എന്‍ഡി ടിവിയുടെ ഓഹരി വില സെപ്റ്റംബര്‍ അഞ്ചിനാണ് 540.85 രൂപ എന്ന ഉയര്‍ന്ന നിലയില്‍ എത്തിയത്. എന്‍ഡിടിവിയുടെ പ്രമോട്ടര്‍മാരായ രാധിക റോയ്, പ്രണോയ് റോയ് എന്നിവര്‍ അധിക ഓഹരികള്‍ക്കായുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പൺ ഓഫറിനെതിരെ നിയമപരമായ വെല്ലുവിളി ഉയര്‍ത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
നവംമ്പർ ഏഴിനാണ് സെബി 492.81 കോടി രൂപയുടെ ഓപ്പണ്‍ ഓഫറിന് അംഗീകാരം നല്‍കിയത്. അദാനി ഗ്രൂപ്പ് ഈ ഓഗസ്റ്റില്‍, പത്ത് വര്‍ഷം മുമ്പ് എന്‍ഡിടിവിയുടെ സ്ഥാപകര്‍ക്ക് 400 കോടിയിലധികം രൂപ കടം നല്‍കിയ വിസിപിഎല്ലിനെ ഏറ്റെടുത്തിരുന്നു. സെബിയുടെയും ആദായനികുതി വകുപ്പിന്റെയും അനുമതിയില്ലാതെ കരാര്‍ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി എന്‍ഡിടിവി പ്രമോട്ടര്‍മാര്‍ ഓപ്പണ്‍ ഓഫറിനേയും വിസിപിഎല്‍ ഓഹരികള്‍ ഏറ്റെടുക്കുന്നതിനെയും എതിര്‍ത്തിരുന്നു.