വിപണി തുറക്കും മുമ്പ് അറിയേണ്ടത് ( ജൂണ്‍ 18)

ആഗോള വിപണി നിഫ്റ്റിക്കു തുണയാകും?

Update: 2024-06-18 02:22 GMT

ലോക്സഭ തെരഞ്ഞെടുപ്പ്, അതിന്റെ ഫലം, പുതിയ മന്ത്രിസഭ എന്നിവയോടനുബന്ധമായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ രണ്ടാഴ്ചയായി നിലനിന്നിരുന്ന ചാഞ്ചാട്ടം അവസാനിച്ച് ശാന്തത കൈവന്നിരിക്കുന്നു. നിക്ഷേപകര്‍ ഇതെല്ലാം ഉള്‍ക്കൊള്ളുകയും രാഷ്ട്രീയ സ്ഥിരതയില്‍ ആത്മവിശ്വാസം നേടുകയും ചെയ്തിരിക്കുന്നു.

തെരഞ്ഞെടുപ്പ് ആഴ്ചയിലെ വന്യമായ ചാഞ്ചാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായ നിഫ്റ്റി അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.

ഒരു ദിവസത്തെ അവധിക്കുശേഷം ഇന്ന് വിപണി ആരംഭിക്കുമ്പോള്‍ ആഗോള സെന്റിമെന്റ് പൊതുവേ പോസീറ്റീവ് ആണ്. യുഎസ്, യൂറോപ്യന്‍ ഓഹരികള്‍ പോസീറ്റീവ് ആയാണ് ക്ലോസ് ചെയ്തത്. എന്നാല്‍, ഡൗ ഒഴികെയുള്ള യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് ചുവപ്പിലാണ്. ജാപ്പനീസ് നിക്കി ഇന്നു രാവിലെ പോസീറ്റീവായാണ് ഓപ്പണ്‍ ചെയ്തതെങ്കിലും ഫ്യൂച്ചേഴ്സ് നെഗറ്റീവാണ്.

ജൂണ്‍14-ന് നിഫ്റ്റി സൂചിക ക്ലോസ് ചെയ്തത് 23465.60 പോയിന്റിലാണ്. നിഫ്റ്റി 23490.4 പോയിന്റ് വരെ ഉയര്‍ന്നതിനുശേഷമാണ് ഈ പോയിന്റില്‍ ക്ലോസ് ചെയ്തത്. ഇവ രണ്ടും നിഫ്റ്റിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റുകളാണ്. കഴിഞ്ഞ ഏഴെട്ടു ദിവസങ്ങളായി നിഫ്റ്റി ഓരോ ദിവസവും പുതിയ ഉയരത്തില്‍ ക്ലോസ് ചെയ്തുവരികയാണ്. പല ദിവസങ്ങളിലും പുതിയ പ്രതിദിന ഉയര്‍ച്ച സൃഷ്ടിക്കുകയും ചെയ്യുന്നു.

മാത്രവുമല്ല, വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വില്‍പ്പനയുടെ തോതു കുറച്ചു. പല ദിവസങ്ങളിലും നെറ്റ് വാങ്ങലുകാരാകുകയും ചെയ്യുന്നു. ഏറ്റവും അവസാനത്തെ വ്യാപാരദിനത്തില്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ 2175 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിട്ടുണ്ട്. ജൂണില്‍ അവര്‍ നെറ്റ് വില്‍പ്പനക്കാരാണ്. അതേ സമയം ഇന്ത്യന്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ ജൂണില്‍ നെറ്റ് വാങ്ങലുകാരാണ്.

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്ത നിഫ്റ്റിയുടെ തൊട്ടുമുന്നിലുള്ള റെസിസ്റ്റന്‍സ് 23500-23600 തലത്തിലാണ്. ഇതുവ്യാപാര വ്യാപ്തത്തോടെ മറികടന്നാല്‍ 23900- 24000 പോയിന്റ് തലത്തില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.

ഇന്നു നിഫ്റ്റി താഴേയ്ക്കു നീങ്ങിയാല്‍ നിഫ്റ്റിക്ക് 23200 പോയിന്റില്‍ ശക്തമായ പിന്തുണയുണ്ട്. ഇതിനു താഴേയ്ക്കു നീങ്ങിയാല്‍ 23000 പോയിന്റ് ചുറ്റളവിലും തുടര്‍ന്ന് 22700-22800 പോയിന്റ് റേഞ്ചിലും നിഫ്റ്റിക്ക് പിന്തുണയുണ്ട്. താഴ്ചകളെ വാങ്ങല്‍ അവസരമായി ഉപയോഗിക്കുവാനാണ് നിക്ഷേപ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിപണിയെ ഒരു പോസീറ്റീവ് മനോഭാവത്തോടെ സമീപിക്കാനാണ് അവര്‍ നല്‍കുന്ന ഉപദേശം.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ബുള്ളീഷ് മോഡില്‍ തുടരുകയാണ്. വെള്ളിയാഴ്ച 61.41 ആണത്. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി സമ്മിശ്ര മനോഭാവത്തിലാണ്. ബാങ്ക് നിഫ്റ്റിക്ക് ഏറ്റവുമടുത്ത പിന്തുണ 49500-49600 പോയിന്റ് തലത്തില്‍ ലഭിക്കും. തുടര്‍ന്ന് 48900-49000 തലത്തിലും തുടര്‍ന്ന് 48200-48300 പോയിന്റിലും പിന്തുണ കിട്ടും.

ഇന്നു ബാങ്ക് നിഫ്റ്റി മെച്ചപ്പെടുകയാണെങ്കില്‍ 50300 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്നു മുന്നോട്ടു പോയാല്‍ 50600-50700 പോയിന്റ് ലെവലിലും ഇതു കടന്നാല്‍ 51200 പോയിന്റിലും ശക്തമായ റെസിസ്റ്റന്‍സ് ഉണ്ട്.

ബുള്ളീഷ് സോണിലേക്ക് തിരിച്ചെത്തിയിട്ടുള്ള ബാങ്ക് നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ 57.10 ആണ്.

ഗിഫ്റ്റ് നിഫ്റ്റി

നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 10 പോയിന്റ് താഴ്ന്നാണ് തുറന്നിട്ടുള്ളത്. ഒന്നര മണിക്കൂര്‍ വ്യാപാരം പിന്നിടുമ്പോള്‍ 23 പോയിന്റ് താഴ്ന്നാണ്.

ഇന്ത്യന്‍ എഡിആറുകള്‍

മുഖ്യ കമ്പനികളുടെ ഇന്ത്യന്‍ എഡിആറുകള്‍ എല്ലാം തന്നെ കഴിഞ്ഞദിവസം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇന്‍ഫോസിസ് എഡിആര്‍ 0.84 ശതമാനവും വിപ്രോ 0.9 ശതമാനവും ഐസിഐസിഐ ബാങ്ക് 0.34 എച്ച്ഡിഎഫ്സി ബാങ്ക് 0.46 ശതമാനവും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡ് 1.85 ശതമാനം ഉയര്‍ച്ച കാണിച്ചപ്പോള്‍ ഡോ റെഡ്ഡീസ് 0.21 ശതമാനം കുറഞ്ഞാണ് ക്ലോസ് ചെയ്തത്.

ഇന്ത്യ വിക്സ്

ഇന്ത്യ വിക്സ് വെള്ളിയാഴ്ച 12.82 ആയി. തലേദിവസമിത് 13.49 പോയിന്റായിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്സ്.

വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) ജൂണ്‍ 14-ന് 1.42 ആണ്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

യുഎസ് വിപണികള്‍

യുഎസ് നാലു ദിവസത്തെ താഴ്ചയ്ക്കുശേഷം ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ ശക്തമായ തിരിച്ചുവരവു നടത്തിയിരിക്കുകയാണ്. നാസ്ഡാക്, എസ് ആന്‍ഡ് പി 500 സൂചികകള്‍ റിക്കാര്‍ഡ് ഉയരത്തിലെത്തി.രാജ്യത്തിന്റെ സാമ്പത്തിക സൂചകങ്ങള്‍ശക്തിയാര്‍ജിക്കുകയാണെന്ന വിലയിരുത്തലാണ് വിപണിയില്‍ ഉണര്‍വു പകര്‍ന്നത്. പണപ്പെരുപ്പം കുറയുന്നതും കമ്പനി വരുമാനം വര്‍ധിക്കുന്നതും ഫെഡറല്‍ റിസര്‍വിലുള്ള വിശ്വാസവുമാണ് ഇപ്പോഴത്തെ ഉത്സാഹത്തിനു കാരണം. പലിശ നിരക്ക് വെട്ടിക്കുറയ്ക്കല്‍ ആരംഭിക്കുന്നതോടെ സമ്പദ്ഘടന കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന പ്രതീക്ഷയ്ക്കു കനമേറുന്നതും വിപണിക്ക് കരുത്തു പകര്‍ന്നു.

ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് ഇന്നലെ 188.94 പോയിന്റ് മെച്ചത്തോടെ 38778.10 പോയിന്റിലെത്തി. സൂചികയില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ് 40077.4 പോയിന്റാണ്. ടെക്സൂചികയായ നാസ്ഡാക് 168.14 പോയിന്റ് ഉയര്‍ച്ചയോടെ 17857.02 പോയിന്റില്‍ ക്ലോസ് ചെയ്തു. ഇന്നലെ സൃഷ്ടിക്കപ്പെട്ട 17935.98 പോയിന്റാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആല്‍ഫബെറ്റ്, ആമസോണ്‍, മെറ്റ പ്ലാറ്റ്ഫോം തുടങ്ങിയവ ടെക് ഓഹരികളെല്ലാം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്.

എസ് ആന്‍ഡ് പി 500 സൂചികയും ഇന്നലെ റിക്കാര്‍ഡ് ഉയരത്തിലാണ് ക്ലോസ് ചെയ്തത്. ഇന്നലെ 5488.5 പോയിന്റ് വരെ ഉയര്‍ന്ന എസ് ആന്‍ഡ് പി 41.63 പോയിന്റ് മെച്ചത്തോടെ 5473.23 പോയിന്റില്‍ ക്ലോസ് ചെയ്തു.

യൂറോപ്യന്‍ വിപണി ഇന്നലെ പൊതുവേ പോസിറ്റീവായിരുന്നു. എഫ്ടിഎസ് ഇ യുകെ 4.7 പോയിന്റു കുറഞ്ഞപ്പോള്‍ സിഎസി ഫ്രാന്‍സ് 68.3 പോയിന്റും ഡാക്സ് ജര്‍മനി 66.19 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 242.84 പോയിന്റും മെച്ചപ്പെട്ടാണ് ക്ലോസ് ചെയ്തിട്ടുള്ളത്.

യുഎസ് ഡൗ ഫ്യൂച്ചേഴ്സ് എസ് ആന്‍ഡ് പി ഫ്യൂച്ചേഴ്സ് എന്നിവ നേരിയ നേട്ടത്തിലാണ്. എന്നാല്‍ നാസ്ഡാക് യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് തുടങ്ങിവ ചൂവപ്പിലേക്ക് നീങ്ങിയിരിക്കുകയാണ്.

ഏഷ്യന്‍ വിപണികള്‍

തിങ്കളാഴ്ച് 712 പോയിന്റ് താഴെ ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ 330 പോയിന്റോളം മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തത്. യുഎസ്, യൂറോപ്യന്‍ വിപണികളുടെ മെച്ചപ്പെട്ട പ്രകടനമാണ് നിക്കിക്ക് തുണയായത്. നിക്കി ഒറ്റ മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 313 പോയിന്റ് നേട്ടത്തിലാണ് നീങ്ങുന്നത്. പോസീറ്റീവായി ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി 23.5 പോയിന്റ് ഉയര്‍ന്നു നില്‍ക്കുന്നു.

ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക ഇന്നു രാവിലെ 25 പോയിന്റ് മെച്ചപ്പെട്ടാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക നേരിയ നേട്ടത്തില്‍ ഓപ്പണ്‍ ചെയ്തു.

സാമ്പത്തിക വാര്‍ത്തകള്‍

മണ്‍സൂണ്‍: ഈ വര്‍ഷം പടിഞ്ഞാറന്‍ കാലവര്‍ഷം സാധാരണയുടെ 106 ശതമാനം കൂടുതലായിരിക്കുമെന്നു കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ടെങ്കിലും ജൂണ്‍ 17 വരെയുള്ള കാലയളവില്‍ ലഭിച്ച മഴ 20 ശതമാനം കുറവാണ്. ജൂണ്‍ 17 വരെ ലഭിച്ച മഴ 59.5 മില്ലിമീറ്ററാണ്. ഈ കാലയളവിലെ ദീര്‍ഘകാലശരാശരി 74.3 മില്ലിമീറ്ററാണ്.

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പടിഞ്ഞാറന്‍ കാലവര്‍ഷത്തിന് വലിയ സ്ഥാനമാണുള്ളത്. രാജ്യത്തിന് ആവശ്യമായ വെള്ളത്തിന്റെ 70 ശതമാനവും ഈ മണ്‍സൂണ്‍ കാലത്താണ് ലഭിക്കേണ്ടത്. മത്രമവുമല്ല, നെല്ല്, പരുത്തി, സോയാബീന്‍, കരിമ്പ് എന്നിവയുടെ കൃഷിയും ഈ മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. ജൂണ്‍ ഒന്നിനു തുടങ്ങിയ മണ്‍സൂണ്‍ ജൂലൈ എട്ടോടെ രാജ്യമൊട്ടാകെ ലഭിക്കേണ്ടതാണ്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി കൂടണമെങ്കില്‍ മഴ കിട്ടണം. മെച്ചപ്പെട്ട റാബി വിളയ്ക്കും ഈ സീസണിലെ മഴ അത്യാവശ്യമാണ്.

യുഎസ് റീട്ടെയില്‍ സെയില്‍സ്: മേയിലെ യുഎസ് റീട്ടെയില്‍ സെയില്‍സ് കണക്കുകളും യുഎസ് വ്യാവസായികോത്പാദനവും യുഎസ് മാനുഫാക്ചറിംഗ് പ്രോഡക്ട്സ് കണക്കുകളും ഇന്നു പുറത്തുവരും.

ഓണ്‍ലൈന്‍ ഗെയിം ജിഎസ്ടി: ജൂണ്‍ 22-ന് ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ ഓണ്‍ലൈന്‍ ഗെയിമിംഗിന്മേലുള്ള 28 ശതമാനം ജിഎസ്ടി പുനപ്പരിശോധിക്കും. ഇതു സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തതയും വരുത്തും.

ക്രൂഡോയില്‍ വില

കഴിഞ്ഞ വാരത്തില്‍ മെച്ചപ്പെട്ട ക്രൂഡോയില്‍ വില അതേ ട്രെന്‍ഡില്‍ ഈ വാരത്തിനു തുടക്കമിട്ടിരിക്കുകയാണ്. ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 80.35 ഡോളറാണ്. ആഴ്ചകള്‍ക്കുശേഷമാണ് ഇത് 80 ഡോളറിനു മുകളിലെത്തുന്നത്. മേയ് 30-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് ഇന്നു രാവിലെ 84.47 ഡോളറിലേക്ക് കുതിച്ചുയര്‍ന്നു.

ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും ഇറക്കുമതി പണപ്പെരുപ്പം ഉയര്‍ത്തുകയും ചെയ്യും.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News