ഇവി ബാറ്ററി ഉത്പാദനം കുതിക്കും; എക്സൈഡ് എനർജിക്ക് കരുത്തേകി ഹ്യൂണ്ടായ് - കിയ പങ്കാളിത്തം
- 15 ശതമാനത്തിലധികം ഉയർന്ന ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 376.75 രൂപയിലെത്തി
- ലെഡ്-ആസിഡ് ബാറ്ററികളിൽ 75 വർഷത്തെ പരിചയം കമ്പനിക്കുണ്ട്
- ഹ്യുണ്ടായ് 2025-ൽ വൈവിധ്യമാർന്ന ഇവി മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായും കിയയും ബാറ്ററി നിർമ്മാതാക്കളായ എക്സൈഡ് എനർജി സൊല്യൂഷൻസുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇന്ത്യയിൽ ഇലക്ട്രിക് വാഹന ബാറ്ററി ഉത്പാദനം പ്രാദേശികവൽക്കരണത്തിനായുള്ള പദ്ധതിയുടെ ഭാഗമാണിത്.
പ്രഖ്യാപനത്തെ തുടർന്ന് എക്‌സൈഡ് ഇൻഡസ്‌ട്രീസിൻ്റെ ഓഹരികൾ 15 ശതമാനത്തിലധികം ഉയർന്ന് 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന വിലയായ 376.75 രൂപയിലെത്തി. വിപണിയിൽ ഏകദേശം ഒരു കോടി ഓഹരികളാണ് ഇതുവരെ കൈമാറ്റം ചെയ്യപ്പെട്ടത്. ഓഹരികളുടെ ശരാശരി പ്രതിമാസം വോളിയം 22 ലക്ഷമാണ്.
കൊൽക്കത്ത ആസ്ഥാനമായുള്ള എക്സൈഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് എക്സൈഡ് എനർജി സൊല്യൂഷൻസ് (ഇഇഎസ്). ലെഡ്-ആസിഡ് ബാറ്ററികളിൽ 75 വർഷത്തെ പരിചയം കമ്പനിക്കുണ്ട്. ഈ മേഖലയിലെ ഭൂരിഭാഗം വിപണി പങ്കാളിത്തവും കമ്പനികണുള്ളത്. ഇന്ത്യയിലെ മുൻനിര ലെഡ്-ആസിഡ് ബാറ്ററി വിതരണക്കാരാണ് എക്സൈഡ് എനർജി.
ഹ്യുണ്ടായ് മോട്ടോറും കിയയും തങ്ങളുടെ ഇവി ബാറ്ററി ഉൽപ്പാദനം പ്രാദേശികവൽക്കരിക്കാനാണ് ലക്ഷ്യമിടുന്നത്, ഇന്ത്യൻ വിപണിയിലെ ഇവി ആസൂത്രണ പദ്ധതിയുടെ വിപുലീകരണത്തിന് അനുസൃതമായി ലിഥിയം-അയൺ-ഫോസ്ഫേറ്റ് (എൽഎഫ്പി) സെല്ലുകളിൽ ഇരുവരും പ്രത്യേക ശ്രദ്ധ കേന്ദ്രീകരികുന്നുണ്ട്.
"എക്‌സൈഡ് എനർജിയുമായുള്ള ഈ സഹകരണം ഇന്ത്യൻ വിപണിയിൽ തങ്ങളുടെ എക്‌സ്‌ക്ലൂസീവ് ബാറ്ററി വികസനം, ഉൽപ്പാദനം, വിതരണം, പങ്കാളിത്തം എന്നിവ വിപുലീകരിക്കാനുള്ള എച്ച്എംസിയുടെയും കിയയുടെയും ശ്രമങ്ങളുടെ തുടക്കമാണെന്ന്" ഹ്യൂണ്ടായ് മോട്ടോർ ഗ്രൂപ്പ് പറഞ്ഞു.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ 2025-ൽ വൈവിധ്യമാർന്ന ഇവി മോഡലുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. കമ്പനി നിലവിൽ IONIQ5, Kona എന്നി വാഹങ്ങളാണ് ഇവി വിഭാഗത്തിൽ വിൽക്കുന്നത്. നിലവിൽ കിയ ഇന്ത്യയുടെ EV6 മോഡൽ മാത്രമാണ് വിപണിയിലുള്ളത്.
നിലവിൽ എക്സൈഡ് എനർജി ഓഹരികൾ 15.63 ശതമാനം ഉയർന്ന് 372.15 രൂപയിൽ വ്യാപാരം തുടരുന്നു.