ഈദ് മുബാരക്ക് നേട്ടത്തോടെ ആഘോഷിച്ച് വിപണി

  • ചരിത്രത്തിലാദ്യമായി 75,000 കടന്ന് സെന്‍സെക്‌സ്
  • റെക്കോര്‍ഡ് ഉയരത്തില്‍ നിഫ്റ്റി
  • റിലയന്‍സ് ഇന്‍ഫ്ട്രാസ്ട്രക്ച്ചറിന് നഷ്ടം

Update: 2024-04-10 11:17 GMT

ഇന്ന് ചെറിയ പെരുന്നാളിന് വലിയ നേട്ടമാണ് ആഭ്യന്തര സൂചികകള്‍ സ്വന്തമാക്കിയത്. ബിഎസ്ഇ സെന്‍സെക്സ് 354.45 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 75,038.15 എന്ന നിലയില്‍ ക്ലോസ് ചെയ്തു. എന്‍എസ്ഇയുടെ നിഫ്റ്റി 111.05 പോയിന്റ് അഥവാ 0.49 ശതമാനം ഉയര്‍ന്ന് 22,753.80 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ ക്ലോസ് ചെയ്തു.

ഡേ ട്രെഡില്‍ സെന്‍സെക്‌സ് 421.44 പോയിന്റ് അഥവാ 0.56 ശതമാനം ഉയര്‍ന്ന് 75,105.14 എത്തിയിരുന്നു. നിഫ്റ്റിയും ഡേ ട്രെഡില്‍ 132.95 പോയിന്റ് അല്ലെങ്കില്‍ 0.58 ശതമാനം ഉയര്‍ന്ന് 22,775.70 എന്ന ആജീവനാന്ത ഇന്‍ട്രാ-ഡേയിലെ ഉയര്‍ന്ന നിലയിലെത്തി.

ഏഷ്യന്‍, യൂറോപ്യന്‍ വിപണികളെ അപേക്ഷിച്ച് അല്‍പ്പം പിന്നിലാണെങ്കിലും, വിശാലമായ വിപണിയിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ വിപണികള്‍ ഉയര്‍ന്ന മുന്നേറ്റം നിലനിര്‍ത്തിയെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് മേധാവി വിനോദ് നായര്‍ പറഞ്ഞു. ഫെഡ് ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മിറ്റി മിനിറ്റുസും യുഎസ് പണപ്പെരുപ്പ ഡാറ്റയും ബുധനാഴ്ച പുറത്തുവരാനിരിക്കുന്നതിലാണ് നിക്ഷേപകരുടെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സെന്‍സെക്‌സില്‍ ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയര്‍ടെല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ടെക് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, നെസ്ലെ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എന്നാല്‍ മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. എഫ്എംസിജി, ലോഹം, ഊര്‍ജം എന്നിവ അടക്കം ഭൂരിഭാഗം മേഖലകളും മികച്ച മുന്നേറ്റം കാഴ്ച്ച വച്ചു.

രണ്ട് ദിവസത്തിന് ശേഷം സൂചികകള്‍ 0.7-.09 ശതമാനം വരെ ഉയര്‍ന്നതായി റെലിഗെയര്‍ ബ്രോക്കിംഗ് ലിമിറ്റഡ് എസ്വിപി - ടെക്നിക്കല്‍ റിസര്‍ച്ച് അജിത് മിശ്ര പറഞ്ഞു.

ഏഷ്യന്‍ വിപണികളില്‍ ടോക്കിയോയും ഷാങ്ഹായും നഷ്ടം നേരിട്ടപ്പോള്‍ ഹോങ്കോങ് നേട്ടത്തില്‍ അവസാനിച്ചു. തിരഞ്ഞെടുപ്പിനായി ദക്ഷിണ കൊറിയയിലെ വിപണികള്‍ അടച്ചു.

യൂറോപ്യന്‍ വിപണികള്‍ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച ഏറെക്കുറെ നേട്ടത്തോടെയാണ് അമേരിക്കന്‍ സൂചികയായ വാള്‍സ്ട്രീറ്റ് അവസാനിച്ചത്.

ബ്രെന്റ് ക്രൂഡ് 0.18 ശതമാനം ഉയര്‍ന്ന് ബാരലിന് 89.58 ഡോളറിലെത്തി. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ചൊവ്വാഴ്ച 593.20 കോടി രൂപയുടെ ഇക്വിറ്റികള്‍ വിറ്റഴിച്ചു.




Tags:    

Similar News