പുതിയ ഉയരങ്ങളില്‍ പടര്‍ന്നുകയറി സെന്‍സെക്സും നിഫ്റ്റിയും
- ഏഷ്യന്‍ വിപണികളെല്ലാം മികച്ച നേട്ടത്തില്‍
- 2 ശതമാനത്തിനു മുകളില്‍ കയറി പൊതുമേഖല ബാങ്ക് സൂചിക
- ഓയില്‍-ഗ്യാസ് സൂചികയ്ക്ക് ഇടിവ്
ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ ഇന്ന് വീണ്ടും പുതിയ ഉയരങ്ങളിലേക്ക് കുതിച്ചു. തുടര്‍ച്ചയായ നാലാം ദിവസമാണ് ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കുന്നത്. സെന്‍സെക്സ് 701.63 പോയിന്‍റ് അഥവാ 0.98 ശതമാനം മുന്നേറി 72,038.43 എന്ന റെക്കോഡ് ക്ലോസിംഗിലും നിഫ്റ്റി 213.40 പോയിന്‍റ് അഥവാ 1 ശതമാനം നേട്ടത്തോടെ 21,654.75 എന്ന റെക്കോഡ് ക്ലോസിംഗിലും എത്തി. ഇടവ്യാപാരത്തിനിടെ സെന്‍സെക്സ് 72,119.85 എന്ന സര്‍വകാല ഉയരവും നിഫ്റ്റി 21,675.75 എന്ന സര്‍വകാല ഉയരവും കുറിച്ചു.
നേട്ടങ്ങളും കോട്ടങ്ങളും
നിഫ്റ്റിയില്‍ ഓയില്‍-ഗ്യാസ് ഒഴികെയുള്ള എല്ലാ മേഖലകളും നേട്ടത്തിലാണ്. ക്രൂഡ് ഓയില്‍ വില ഉയരുന്നത് ഇറക്കുമതി രാഷ്ട്രമായ ഇന്ത്യയിലെ റിഫൈനറികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന് നിക്ഷേപകര്‍ ഭയക്കുന്നു. പൊതുമേഖലാ ബാങ്ക് സൂചിക 2 ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി, മെറ്റല്‍, ഓട്ടോമൊബൈല്‍, ബാങ്ക്, ധനകാര്യ സേവനങ്ങള്‍ എന്നിവ 1 ശതമാനത്തിന് മുകളിലുള്ള നേട്ടം കരസ്ഥമാക്കി.
അള്‍ട്രാടെക് സിമന്‍റ്, ഹിന്‍ഡാല്‍കോ, ബജാജ് ഓട്ടോ, ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍, ടാറ്റ മോട്ടോര്‍സ് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കിയത്. ഒഎന്‍ജിസി, എന്‍ടിപിസി, അദാനി എന്‍റര്‍പ്രൈസസ്, ബ്രിട്ടാനിയ, യുപിഎല്‍ എന്നിവയാണ് വലിയ ഇടിവ് നേരിട്ടത്. സെന്‍സെക്സില്‍ എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നിവ മാത്രമാണ് ഇടിവ് നേരിട്ടത്. അള്‍ട്രാടെക് സിമന്‍റ്, ജെഎസ്‍ഡബ്ല്യു സ്‍റ്റീല്‍, ടാറ്റ മോട്ടോര്‍സ്, ഭാരതി എയർടെല്‍, എസ്ബിഐ എന്നിവ മികച്ച നേട്ടം സ്വന്തമാക്കി.
നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 0.38 ശതമാനവും നിഫ്റ്റി സ്‍മാള്‍ക്യാപ് 100 സൂചിക 0.45 ശതമാനവും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.41 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.20 ശതമാനവും മുന്നേറി.
ഏഷ്യന്‍ വിപണികള്‍
ഏഷ്യ പസഫികിലെ പ്രധാന വിപണികളെല്ലാം ഇന്ന് മികച്ച നേട്ടം രേഖപ്പെടിത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയിലെ കോസ്പി, ജപ്പാനിലെ നിക്കി, ചൈനയുടെ ഷാങ്ഹായ്, ഓസ്ട്രേലിയയുടെ എഎക്സ്പി, ഹോംഗ്കോംഗിന്‍റെ ഹാങ്സെങ് തുടങ്ങിയവയെല്ലാം നേട്ടത്തിലാണ്.