രക്തം വാർന്ന് ദലാല്‍ തെരുവ്; വീഴാതെ ഐടി

  • കുത്തനേ വീണ് എച്ച്ഡിഎഫ്‍സി ബാങ്കിന്‍റെ ഓഹരികള്‍
  • മെറ്റല്‍ സൂചികയും 3 ശതമാനത്തിന് മുകളില്‍ ഇടിഞ്ഞു
  • ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നെഗറ്റിവില്‍

Update: 2024-01-17 10:07 GMT

ആഭ്യന്തര ബെഞ്ച് മാർക്ക് സൂചികകളില്‍ ഇന്ന് പ്രകടമായത് സമീപകാലത്തെ ഏറ്റവും വലിയ ഇടിവ്. ആഗോള തലത്തിലെ നെഗറ്റിവ് സൂചനകള്‍ക്കൊപ്പം എച്ച്ഡിഎഫ്‍സി ബാങ്കിന്‍റെ ഓഹരികളിലുണ്ടായ കുത്തനേയുള്ള ഇടിവും വിപണിയെ കുലുക്കി. ഇന്നലെ എച്ച്ഡിഎഫ്‍സിയും മറ്റു ചില ബാങ്കുകളും പുറത്തുവിട്ട മൂന്നാം പാദഫലം പ്രതീക്ഷ നല്‍കുന്നതല്ലാതായതോടെ വലിയ വില്‍പ്പനയാണ് ബാങ്കിംഗ് ഓഹരികളില്‍ കാണാനായത്. 

തുടർച്ചയായ അഞ്ച് ദിവസത്തെ റാലിക്ക് ശേഷം നിക്ഷേപകര്‍ ലാഭമെടുക്കലിലേക്ക് തിരിഞ്ഞതോടെ ഇന്നലെയും ബെഞ്ച്മാർക്ക് സൂചികകള്‍ ഇടിഞ്ഞിരുന്നു. ഇന്ന് സെന്‍സെക്സ് 1628.01 പോയിന്‍റ് അഥവാ 2.23 ശതമാനം ഇടിഞ്ഞ്  71,500.76ല്‍ എത്തി. നിഫ്റ്റി 460.35 പോയിന്‍റ് അഥവാ 2.09 ശതമാനം ഇടിഞ്ഞ് 21,571.95ല്‍ എത്തി. 

നിഫ്റ്റി മിഡ്ക്യാപ് 100 സൂചിക 1.08 ശതമാനവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക 1.20 ശതമാനവും ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.09 ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 0.90 ശതമാനവും താഴ്ന്നു.

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ ബാങ്കിംഗ്, ധനകാര്യ സേവന മേഖലകളിലെ സൂചികകളാണ് വലിയ ഇടിവ് പ്രകടമാക്കിയത്. നിഫ്റ്റി ബാങ്ക് സൂചികയും ധനകാര്യ സേവന സൂചികയും 4.28 ശതമാനം വീതം ഇടിഞ്ഞു.  മെറ്റല്‍ സൂചികയും 3 ശതമാനത്തിന് മുകളിലുള്ള ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഐടി (0.64 %) ഒഴികെയുള്ള എല്ലാ സൂചികകളും ഇന്ന് ഇടിവിലാണ് വ്യാപാരം ആവസാനിപ്പിച്ചിട്ടുള്ളത്. 

ഇന്ന് നിഫ്റ്റി 50-യില്‍ അപ്പോളോ ഹോസ്പിറ്റല്‍ (1.28%), എച്ച്സിഎല്‍ ടെക് (1.13%), ടെക് മഹീന്ദ്ര (0.95%), എസ്ബിഐ ലൈഫ് (0.87%) എല്‍ടിഐഎം (0.71%) എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്‍സി ബാങ്ക് (8.16%), ടാറ്റാ സ്‍റ്റീല്‍ (3.97%), കൊട്ടക് ബാങ്ക് (3.76%), ആക്സിസ് ബാങ്ക് (3.43%), ഹിന്‍ഡാല്‍കോ (3.26%) എന്നിവയാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍  എച്ച്സിഎല്‍ ടെക് (1.34 %), ടിസിഎസ് (0.60 %), ഇന്‍ഫോസിസ് (0.55 %), ടെക് മഹീന്ദ്ര (0.54 %), നെസ്‍ലെ ഇന്ത്യ (0.08 %) എന്നിവ മികച്ച നേട്ടം കൊയ്തു. എച്ച്ഡിഎഫ്‍സി ബാങ്ക് (8.46 %), ടാറ്റ സ്‍റ്റീല്‍ (4.08 %), കൊട്ടക് ബാങ്ക് (3.66 %), ആക്സിസ് ബാങ്ക് (3.18 %), ഐസിഐസിഐ ബാങ്ക് (2.85 %)  എന്നിവ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നെഗറ്റിവായാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ദക്ഷിണ കൊറിയയുടെ കോസ്പി ,ജപ്പാന്‍റെ നിക്കി, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ഓസ്ട്രേലിയ എഎസ്എക്സ്, ചൈനയുടെ ഷാങ്ഹായ് എന്നിവ ഇടിവ് രേഖപ്പെടുത്തി. ഇന്നലെ.സെന്‍സെക്സ് 199.17 പോയിന്‍റ് അഥവാ 0.27 ശതമാനം ഇടിവോടെ 73,128.77ലും നിഫ്റ്റി 65.15 പോയിന്‍റ് അഥവാ 0.29 ശതമാനം താഴ്ന്ന് 22,032.30ലും എത്തി. 

Tags:    

Similar News