സെന്‍സെക്സും നിഫ്റ്റിയും താഴോട്ടിറങ്ങി
- ഏഷ്യന്‍ വിപണികള്‍ പൊതുവില്‍ ഇടിവില്‍
- ബ്രെന്റ് ക്രൂഡ് വില 1.65 % ഉയർന്നു
- എഫ്‍ഐഐകള്‍ ഇന്നലെ വില്‍പ്പനയിലേക്ക് തിരിഞ്ഞു
മറ്റ് ഏഷ്യന്‍ വിപണികളില്‍ നിന്നുള്ള പ്രവണതകള്‍ ഏറ്റെടുത്തുകൊണ്ട് ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് തുടക്ക വ്യാപാരത്തില്‍ ഇടിവിലേക്ക് നീങ്ങി. രാവിലെ 10 .06നുള്ള വിവരം അനുസരിച്ച് നിഫ്റ്റി 78.15 പോയിന്‍റ് (0.36%) ഇടിഞ്ഞ് 21,663.75ലും സെന്‍സെക്സ് 317.35 പോയിന്‍റ് (0.44%) ഇടിഞ്ഞ് 71,954.59ലും ആണ് വ്യാപാരം നടത്തുന്നത്. തുടര്‍ച്ചയായ റാലികള്‍ക്ക് ശേഷം ട്രേഡര്‍മാര്‍ ലാഭമെടുക്കലിലേക്ക് നീങ്ങിയതും വിവിധ ഓഹരികളുടെ ഉയര്‍ന്ന മൂല്യ നിര്‍ണയവുമാണ് ഇടിവിലേക്ക് നയിക്കുന്നത്.
സെൻസെക്‌സ് കമ്പനികളിൽ, അൾട്രാടെക് സിമന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്‌സ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, ലാർസൻ ആൻഡ് ടൂബ്രോ എന്നിവയാണ് പ്രധാനമായും ഇടിവ് നേരിടുന്നത്. സൺ ഫാർമ, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ബജാജ് ഫിൻസെർവ്, പവർ ഗ്രിഡ് എന്നിവ നേട്ടത്തിലാണ്.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നഷ്ടത്തില്‍ വ്യാപാരം നടത്തുന്നു. പുതുവർഷത്തോടനുബന്ധിച്ച് പ്രധാന ഏഷ്യൻ വിപണികള്‍ക്കും, യൂറോപ്യൻ, യുഎസ് വിപണികൾക്കും തിങ്കളാഴ്ച അവധിയായിരുന്നു. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 1.65 ശതമാനം ഉയർന്ന് ബാരലിന് 78.31 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) തിങ്കളാഴ്ച 855.80 കോടി രൂപയുടെ ഇക്വിറ്റികൾ ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. തിങ്കളാഴ്ച സെന്‍സെക്സ് 31.68 പോയിന്റ് അഥവാ 0.04 ശതമാനം നേട്ടം കൈവരിച്ച് 72,271.94ൽ എത്തി. നിഫ്റ്റി 10.50 പോയിന്റ് അഥവാ 0.05 ശതമാനം ഉയർന്ന് 21,741.90ൽ എത്തി.